ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
87
 

മുമ്പിലുള്ളതിൽ വൈഷമ്യമായ് വരും
നിന്മനസ്സിപ്പോൾ ഞങ്ങൾക്കുണ്ടാകേണം        148
അപ്പോൾ പീലാത്തോസ്സീശോടെ കല്ക്കുഴി
കാപ്പതിനാളെ ആക്കുവാൻ കല്പിച്ചു       149
കളടപ്പിന്മേലൊപ്പു കുത്തിച്ചവർ
നല്ല കാവലും ചുറ്റിലുറപ്പിച്ചു       150
കല്പിച്ച പോലെ സാധിച്ചു കേവലം
മേല്പട്ടക്കാരതിനാൽ തെളിഞ്ഞുപോയ്       151

പതിനൊന്നാം പാദം സമാപ്തം


പന്ത്രണ്ടാം പാദം
ദൈവമാതാവിന്റെ വ്യാകുല പ്രലാപം


അമ്മ കന്യാമണിതന്റെ നിർമ്മലദുഃഖങ്ങളിപ്പോൾ
നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും
ദുഃഖമൊക്കെപ്പറവാനോ, വാക്കുപോരാ മാനുഷർക്ക്
ഉൾക്കനെ ചിന്തിച്ചുകൊൾവാൻ ബുദ്ധിയും പോരാ,
എന്മനോവാക്കിൻവശമ്പോൽ പറഞ്ഞാലൊക്കയുമില്ല
അമ്മകന്നി തുണയെങ്കിൽ പറയാമല്പം
സർവ്വമാനുഷർക്കുവന്ന സർവ്വദോഷത്തരത്തിനായ്
സർവ്വനാഥൻ മിശിഹായും മരിച്ചശേഷം
സർവനന്മക്കടലോന്റെ, സർവ്വപങ്കപ്പാടുകണ്ട
സർവ്വദുഃഖം നിറഞ്ഞമ്മാ പുത്രനെ നോക്കി
കുന്തമമ്പ് വെടി ചങ്കിൽക്കൊണ്ടപോലെ മനംവാടി
തൻ തിരുക്കാൽ കരങ്ങളും തളർന്നു പാരം
ചിന്തമെന്തു കണ്ണിൽനിന്നു ചിന്തിവീഴും കണ്ണുനീരാൽ
എന്തുചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്കാ
അന്തമറ്റ സർവ്വനാഥൻ തൻതിരുക്കല്പനയോർത്തു
ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങി ദുഃഖം
എൻ മകനേ! നിർമ്മലനേ! നന്മയെങ്ങും നിറഞ്ഞോനെ
ജന്മദോഷത്തിന്റെ ഭാരമൊഴിച്ചോ പുത്ര!
പണ്ടുമുന്നോർ കടംകൊണ്ടു, കൂട്ടിയതു വീട്ടുവാനായ്
ആണ്ടവൻ നീ മകനായി പിറന്നോ പുത്ര!
ആദമാദി നരവർഗ്ഗം ഭീതികൂടാതെ പിഴച്ചു

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/89&oldid=216059" എന്ന താളിൽനിന്ന് ശേഖരിച്ചത്