ചൊല്ലുന്നതേ ഒറവായിപ്പിടിക്ക് ഒന്നോ, രണ്ടോ, മൂന്നോ - നീ വീട്ടിന്നെറക്കിയതും, പെടുവിച്ച പാടും മറന്നു - കുഞ്ചുമായിറ്റി ഇറക്കാം. ഛേ! പുല്ലു മൂന്നേ പോയി. എടാ, എന്തായാലും 'കേയൂ'ന്നു കൊച്ചിലെ മടിയിലിരുത്തിക്കളിപ്പിച്ച ഇന്നത്തെ ഈ പെരിഞ്ചക്കോടൻ ചൊല്ലുണു. ടിപ്പുന്റെ പീരങ്കി ഉണ്ട കടിച്ചുപിടിക്കണ കരുത്തന്മാരെയും ഒന്നോ രണ്ടോ ആയിരം ഇന്നാ പിടി."
ദിവാൻജി: "പണത്തുക പറയുന്നതു ലക്ഷക്കണക്കിനായിരിക്കാം. ശ്രീപത്മനാഭന്റെ തൃപ്പടിയിൽ കാണിക്ക ഇട്ടേക്കണം. എന്നാൽ കല്പിച്ചു പലതും ക്ഷമിക്കും."
പെരിഞ്ചക്കോട്ടു കുഞ്ചുമായിറ്റിപ്പിള്ള എന്നു സ്വസംഭാഷണം കൊണ്ടുതന്നെ വെളിവാക്കിയ ആഗതൻ ദിവാൻജിയുടെ അവസാനവാക്കുകൾ കേട്ട് ഒരു ഫൂൽക്കാരം ചെയ്തു. അയാളുടെ കണ്ഠദരം അത്യുഗ്രമായ ഒരു കാഹളാരവത്തെത്തന്നെ ധ്വനിപ്പിച്ചു: "ഫൂ! ക്ഷമിപ്പാനും കൊമപ്പാനും എന്തര്? നിന്റെ മന്തിരിയടവൊന്നും കുഞ്ചുമായിറ്റീടെ അടുത്തെടുക്കാതെ. എന്റെ കൊച്ചുമച്ചമ്പി പെരിയവൻതന്നെ. എടാ! താലിവെച്ച പെണ്ണ് ഒന്നു തന്നത്താനറിഞ്ഞു പുരുഷനെക്കാത്തു മനയിരിക്കുണു. നെനക്കു കൊടപിടിക്കണ വിക്കറമൻകുട്ടിയെത്തന്ന് വന്നു പോയ കൊറതീർക്ക്. അടടാ! കുലംമറന്നു പൊറന്തിരിയാതെ. നീ ശേഷക്കാരൻ, ഞാൻ ഒടലുക്കുപെറന്ന മകൻ. തന്തയാർ ചെയ്ത പിഴ പിള്ള തലയിൽച്ചൊമത്താതെ. നെനക്കു മേലിരിക്കണവൻ ശെൽവം തന്നു. നമുക്കും ഒരു കാട്ടുവഴി കാമ്പിച്ചു. പെരുത്തൊന്നും കേക്കിണില്ല. പൊൻകിളിപോലത്തെ പെണ്ണല്ലെങ്കി, ഛീ! പെരിഞ്ചക്കോടനിതാ പുറവോട്ടു മാറി. നീ കണ്ണാലെകണ്ടു മനസ്സിനാ ഇനിവു കൊണ്ടില്ലെങ്കി, തല വീശിക്കള."
ദിവാൻജി: "മച്ചമ്പി, ചിലതെല്ലാം ഞാനറിഞ്ഞു. എങ്കിലും ചോറിട്ട തൃക്കൈ മറന്നു ഞാൻ അടങ്ങിപ്പാർക്കുന്നു. എന്തു ചെയ്യാം? നമ്മുടെ വഴി രണ്ടും രണ്ട്. അവിടെ നില്ക്കട്ടെ. കഴുത്തിൽ കൊലമാല തന്നത്താനറിഞ്ഞു വീഴ്ത്തരുത്."
കുഞ്ചുമായിറ്റിപ്പിള്ള: "നീ ചെലതറിഞ്ഞോ? എന്തരറിഞ്ഞു പിള്ളേ? എന്തരറിഞ്ഞു? നീ അറിഞ്ഞെങ്കി, മൈസൂരീന്നു വന്നവനെക്കൊന്നതാര്? പറ. അവൻ കൊണ്ടന്ന എഴുത്തു നിന്റെ, ഇതാ നീ ഇരിക്കണടത്തു കൊണ്ടിട്ടതാര്? ഇതോ നിന്റെ കണ്ണും കരളും കരുത്തും? ഇന്ന് ഇതിനകത്തിരുന്നോണ്ടു ഞെളിയണ നിന്റെ തല എന്നു പോക്കോ!"
ദിവാൻ ലലാടാക്ഷികൊണ്ടെന്നപോലെ ഒന്നു നോക്കി. എങ്കിലും സ്വവർഗ്ഗീയനും സമീപസംബന്ധിയും ആയ ഒരാൾ തന്റെ ദേഹത്തെ ശൂലോന്മുഖവും ആത്മാവിനെ നരകോന്മുഖവും ആക്കുന്ന ആ ബൂദ്ധിനൈകൃഷ്ട്യത്തെ ചിന്തിച്ചു 'കഷ്ടം' എന്നുള്ള അനുതാപം ഉള്ളിലും ഒരു ജലച്ഛായ കണ്ണിലും മിന്നിശ്ശമിച്ചു. നിവൃത്തിയുണ്ടെങ്കിൽ സദുപദേശംകൊണ്ട് ആ ധീരനെ ഒരു നവജീവിതത്തിലേക്കു നയിച്ചാൽ