ക്കുന്നു എന്നു ഗ്രഹിക്കയാൽ പെരിഞ്ചക്കോടൻ "എന്നാൽ രണ്ടു പേരും കൂടി ആവട്ടെ" എന്നു പറഞ്ഞുകൊണ്ട് ദിവാൻജിയുടെ വക്ഷസ്സു ലാക്കാക്കി വീണ്ടും കഠാരയെ വീശി. ത്രിവിക്രമകുമാരന്റെ ഭീമഹസ്തം പ്രയോഗിച്ച ഖഡ്ഗം ആ കഠാരയെ ദൂരെ തെറിപ്പിച്ചു. പെരിഞ്ചക്കോടൻ ചില ശബ്ദങ്ങൾ കേട്ട് അമ്പരപ്പോടെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞുനോക്കിയപ്പോൾ തെക്കും വടക്കും തുറക്കപ്പെട്ട രണ്ടു ജാലകങ്ങളിൽ ഓരോ തോക്കിന്റെ മുഖം തന്റെ നേർക്കു നിധനോദ്ദേശ്യത്തോടെ നീട്ടിയിരിക്കുന്നതായി കണ്ടു. "നിന്റെ തല പോക്ക്" എന്നു പ്രതിജ്ഞചെയ്തുകൊണ്ടും തന്റെ വിക്രീഡനത്തിനു വനപ്രദേശങ്ങളും നാട്ടുമ്പുറങ്ങളും അല്ലാതെ രാജനിലയങ്ങളും പരിതഃസ്ഥലങ്ങളും കൊള്ളുകയില്ലെന്നു മനസാ തീർച്ചയാക്കിയും പെരിഞ്ചക്കോടൻ തിരിഞ്ഞു വന്നവഴിയെ നടകൊണ്ടു. "വരുന്നെങ്കിൽ ഇങ്ങോട്ടു വിട്ടേയ്ക്കു എന്നു പറഞ്ഞത് ഈ അസമയത്തു വലിയ അബദ്ധം വരുത്തുമായിരുന്നു. എങ്കിലും കണ്ടു കാര്യങ്ങൾ പറഞ്ഞത് നന്നായി. ആരും അറിഞ്ഞിട്ടില്ലാത്ത ഒരു സംഗതിക്കു തീർച്ചയായ തെളിവു കിട്ടിയതു മഹാഭാഗ്യമായി" എന്നു കുമാരൻതമ്പിയോടു പറഞ്ഞുകൊണ്ട് ദിവാൻജി ഭംഗപ്പെട്ട ധ്യാനം വീണ്ടും ആരംഭിച്ചു.
താൾ:Ramarajabahadoor.djvu/105
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു