ദേവകി: "എന്താ അമ്മേ! ഇങ്ങനെ അപ്പപ്പോൾ ഞാൻ വല്ലതും പറയുമ്പോൾ അമ്മ വല്ലാതെ നില്ക്കുന്നത്? നമ്മുടെ കഥ എന്ത്? വലിയ കഷ്ടി ആയിരുന്നോ?"
സമ്മതാർത്ഥത്തിൽ ലക്ഷ്മിഅമ്മ തല ഒന്നു താഴ്ത്തുക മാത്രം ചെയ്തു.
ദേവകി: "അപ്പോൾ അച്ഛൻ എന്തു പരമദയാലു! ഒരു വിധത്തിലും അനാദരിച്ചുകൂടല്ലോ."
ലക്ഷ്മി: "അതല്ലേ ഞാൻ പറയുന്നത്? പക്ഷേ, നീ അച്ഛനെ വഞ്ചിക്കുന്നില്ലേ? ആ കല്ലറയ്ക്കൽപിള്ളയോടു നിനക്ക് എങ്ങനെ പരിചയമുണ്ടായി?"
ദേവകി: (അപരാധിനിയുടെ ക്ഷീണത്തോടെ) "എന്താ അമ്മേ! ഇങ്ങനെ അസഹ്യപ്പെടുത്തുന്നത്? അമ്മയ്ക്ക് അച്ഛൻ ആകാമെങ്കിൽ എനിക്ക് അദ്ദേഹം പാടില്ലേ?"
ലക്ഷ്മി: "ഞങ്ങളെ ചതിച്ചു നീ എങ്ങനെ അദ്ദേഹത്തോടു പരിചയപ്പെട്ടു?"
ദേവകി: "ഞാൻ ഇതിനു മുമ്പു പറഞ്ഞില്ലേ? അദ്ദേഹം വേട്ടയാടി കാടരിച്ച് ഇങ്ങോട്ടു കടന്നു. അപ്പോൾ വാതിൽ തുറന്നുകിടന്നിരുന്നു. അമ്മ പറയുകയില്ലേ ഇതെല്ലാം കർമ്മബന്ധമാണെന്ന്?"
ലക്ഷ്മി: "എന്നാലും അച്ഛന്റെ സമ്മതമില്ലാതെ ഇവിടെ ആരെയും വരാൻ സമ്മതിക്കരുത്, വലിയ കലശലുണ്ടാകും."
ദേവകി: "എന്തു കലശലുണ്ടാകുന്നു? രുഗ്മിണിയുടെ കഥ അമ്മ വായിച്ചിട്ടില്ലേ?" ഈ ചോദ്യം കേട്ട് ലക്ഷ്മിഅമ്മയുടെ മുഖഭാവം അതിദയനീയമായി പകർന്നതു കണ്ട് ദേവകി വീണ്ടും ക്ഷീണയായി. എന്നാൽ വടക്കുനിന്ന് എന്തോ ശബ്ദം കേൾക്കയാൽ അമ്മയുടെ ശ്രദ്ധയെ അവൾ ഈ വാക്കുകളാൽ അങ്ങോട്ടു തിരിപ്പിച്ചു: "വടക്കെന്തോ തകർപ്പു കേൾക്കുന്നു. അച്ഛൻ വന്ന് ആരെയോ ശിക്ഷിക്കയാണ്."
ലക്ഷ്മി: "പാടത്തിൽ കിടക്കുന്ന പറയർ പാടുകയായിരിക്കാം."
ദേവകി: "ചില നിലവിളികൾ കേൾക്കുന്നില്ലേ?"
ലക്ഷ്മി: "അച്ഛൻ പറക്കൂട്ടത്തെ ശിക്ഷിക്ക ആയിരിക്കാം."
ദേവകി: "അതല്ല. പലടത്തുമായി പലരും നിലവിളിക്കുന്നു. വെടികളും കേൾക്കുന്നു."
ഭർത്താവിന് എന്തോ ആപത്തു നേരിടുന്നു എന്നു വിചാരിച്ച് ലക്ഷ്മിഅമ്മ കിഴക്കോട്ടു പാഞ്ഞു വാതിൽ തുറന്നു. ഭീതയായ ദേവകി സ്വമാതാവിനെ തടഞ്ഞു തന്നെ ഏകാകിനിയാക്കി വിട്ടിട്ടു പോകാതെ, അവരെ മുറുകെപ്പിടിച്ചുകൊണ്ടു വിറയ്ക്കുന്നു. ഉച്ചത്തിലുള്ള ദീനപ്രലാപങ്ങൾ തെരുതെരെ കേട്ടു തുടങ്ങുന്നു. അവിടവിടെ ചൂട്ടുവെളിച്ചങ്ങൾ പടർന്നെരിഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും പായുന്നതു കിഴക്കേ കുന്നിൻചരിവുകളിൽ കാണുന്നു. മുൻവശത്തെ കാടു ഞെരിച്ചും തകർത്തും ചിലർ ഓടുന്ന ഘോഷവും കേൾപ്പാനുണ്ട്. ഇത്, വനതരണത്തിൽ അതിപരിചിതന്മാ