ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങൾ, സാമാന്യഭവനങ്ങൾ, കൊട്ടിലുകൾ എന്നിവ അതിന്റെ ചിതകളായി എരിഞ്ഞു. അതുകളുടെ ഭസ്മീകരണത്തിന് ഉജ്ജ്വലിച്ച തീക്കുണ്ഡങ്ങൾ ഗോകുലമേധങ്ങളുടെ നികുംഭിലകളുമായി. ഭൂഭാരത്തെ കുറയ്ക്കുമാറ് ഉണ്ടായ ഈ കീർത്തനീയകർമ്മങ്ങളാൽ ഉത്തരദേശങ്ങളെക്കൊണ്ടു കാൽത്താർ കുമ്പിടുവിച്ചപ്പോൾ, ബഹുകാലത്തെ വാഞ്ഛാനുസാരം വഞ്ചിരാജ്യവൈകുണ്ഠത്തിന്റെ മർദ്ദനംകൂടി നിറവേറ്റുന്നതിനായ ആ താരകന്റെ ആഗ്നേയനേത്രങ്ങൾ തെക്കൊട്ടു തിരിഞ്ഞു. ഈ ഉത്തുംഗവിപത്തിന്റെ സൂക്ഷ്മമായ നാശകരത്വം എത്രമാത്രമുണ്ടെന്ന് തിരുവിതാംകൂർ ജനസാമാന്യം പ്രബുദ്ധന്മാരായത്, മഹമ്മദീയസൈന്യത്തിന്റെ നിഷ്ഠുരതകൾ സഹിക്കാൻപാടില്ലാഞ്ഞ് തിരുവിതാകൂറിലേക്കുണ്ടായ ജനപ്രവാഹം നിമിത്തമായിരുന്നു. നാടുവാഴികൾ, പ്രഭുക്കൾ, ജന്മികൾ തുടങ്ങിയുള്ള സംഘങ്ങൾ സഹസ്രങ്ങളായി കൂട്ടമിട്ടിളകി, രാമവർമ്മമഹാരാജാവിന്റെ പാദങ്ങളെയും, അവിടുത്തെ പ്രജകളുടെ എന്നും സൽക്കാരസന്നദ്ധങ്ങളായ കൈകളെയും ശരണം പ്രാപിച്ചു. ഈ അഭയദാനം മിത്രാമിത്രഭേദം തിരിച്ചറിവാൻ പാടില്ലാത്ത വിധത്തിൽ പല ആവശ്യങ്ങൾ നടിച്ചും വേഷങ്ങൾ ധരിച്ചും ശുപാർശലേഖനങ്ങൾ വഹിച്ചും പുറപ്പെട്ട പല അകേരളീയരുടെയും പ്രവേശം രാജ്യത്തിൽ ഉണ്ടാകാൻ സൗകര്യം കൊടുത്തു. ശത്രുശക്തിയുടെ ആജ്ഞാകരന്മാരായ വാർത്താന്വേഷികൾ, കലാപകാരന്മാർ, ഛിദ്രകർത്താക്കന്മാർ എന്നിങ്ങനെയുള്ള പരിപന്ഥിസഞ്ചയം നിരോധംകൂടാതെ പെരുകി. ഈ കൂട്ടക്കാരാൽ പ്രേരിതന്മാരായി ഓരോ തസ്കരസംഘങ്ങൾ അധികൃതശ്രദ്ധയെ വിഷമിപ്പിക്കുമാറ് നാനാകേന്ദ്രങ്ങളിലും കാട്ടുപാളയങ്ങൾ ഉറപ്പിച്ചു. ആകപ്പാടെ, ടിപ്പുവിന്റെ നിസ്സീമവും അതുലവുമായുള്ള കൗശലാഭിചാരങ്ങളും ധനപൗഷ്കല്യവും തിരുവിതാംകൂറിലെ സമാധാനത്തോടുകൂടിയുള്ള കുടിപാർപ്പു മുടിക്കയും അധികൃതമണ്ഡലത്തിന്റെ ബുദ്ധിവൈഭവത്തെ ശാണഘർഷണത്താലെന്ന പോലെ പരീക്ഷണം ചെയ്കയും ചെയ്തു.

ശത്രുവിന്റെ ആക്രമണം ഉണ്ടാകുമെന്നു കർണ്ണാകർണ്ണികയാ ധരിച്ചപ്പോൾ ജനങ്ങൾ ആകുലന്മാരായി എങ്കിലും ഹൃദയപൂർവ്വം തങ്ങളുടെ ദേഹദേഹികൾ ഉൾപ്പടെയുള്ള സകല സമ്പത്തും രാജപാദങ്ങളിൽ സമർപ്പിപ്പാൻ കൃതപ്രതിജ്ഞന്മാരായി. എന്നാൽ ജനബഹുലതയുടെ സംഭ്രമം അനാസ്പദമാണെന്നു തെളിയിക്കാനെന്നപോലെ ചില ആഗമനങ്ങളും വിദേശങ്ങളിൽനിന്നുണ്ടായി. പട്ടുരത്നാദി വിലയേറിയ നിരവധി സാമാനങ്ങളോടും മഹാരാജാവിന്റെ അനുമതിയോടും മാണിക്കഗൗണ്ഡൻ എന്നൊരു കച്ചവടക്കാരൻ തിരുവനന്തപുരത്തുതന്നെ ഒരു വ്യാപാരശാല സ്ഥാപിച്ചു. തഞ്ചാവൂർ കുമാരരാജാവിന്റെ കൃപാവീക്ഷണം സാക്ഷീകരിക്കുന്ന ശ്രീമുഖത്തോടും വലുതായ അനുചരസംഘത്തോടും ഭാരത ഭൂഖണ്ഡത്തിലെ പല തിരുമുമ്പുകളിലും ദ്വന്ദ്വയുദ്ധചാതുര്യം പ്രയോഗിച്ച് സമ്മാനകങ്കണങ്ങളും മറ്റും നേടീട്ടുള്ള ഒരു കോണേരിരായർ കണ്ഠീരവരായർ മഹാരാജാവിനെ മുഖംകാണിച്ചു, ഒരു വല

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/14&oldid=167972" എന്ന താളിൽനിന്ന് ശേഖരിച്ചത്