സ്സായി, യുവദശയിലോട്ടു പ്രവിഷ്ടയാകുന്ന തിമിരകാളിയെ അഗമ്യപരിരംഭണം ചെയ്യുവാൻ എന്നപോലെ ആ വിഷകൂടത്തിന്റെ സൂക്ഷ്മപ്രമാണം അനുസരിച്ചു താന്മാത്രനായി, പാളയത്തിനെ വലയം ചെയ്യുന്ന കാടിനെ തരണംചെയ്തു ഗ്രാമപ്രാന്തത്തിൽ എത്തുന്നു. മദ്യസേവയാലോ ഹൃദ്യമായുള്ള വായുശ്വസനത്താലോ ഗൗണ്ഡൻ ഉന്മത്തനായ ഗജേന്ദ്രനോടു 'സമത' വഹിക്കുന്നു. അഷ്ടഗൃഹപ്രമാണികൾക്കു വിധിച്ച നരമേധങ്ങളുടെ നിർവ്വഹണരംഗങ്ങളെ തരണംചെയ്യുന്ന വേളയിലും വൃദ്ധൻ ഭീതനാകുന്നില്ല. ഉഗ്രധ്വനിയിൽ വടിവാൾ ഊന്നി നടകൊള്ളുന്നത് ആ കായകുട്ടിമത്തിൽ സംഭൃതം ആയുള്ള നിഷ്ഠുരതയുടെ താണ്ഡവധ്വനികൾ എന്നപോലെ നിശാപ്രശാന്തതയെ ധ്വംസിക്കുന്നു. ഈ അപ്രതിരോധ്യമായ നിശാടനത്തിനിടയിൽ കേവലം ഭാവനമാത്രത്താൽ താൻ ആളുന്ന സമ്രാട്പദത്തെ ചിന്തിച്ച് ആ ക്ഷുദ്രമൂർത്തി സകല ചരാചരങ്ങളെയും, അവസ്ഥാവിവിധത്വങ്ങളെയും സൃഷ്ടിസ്ഥിതി സംഹാരകൃത്യങ്ങളെയും ഭർത്സിക്കുന്നു. സപ്തസമുദ്രങ്ങളാലും അശാമ്യമായ ഒരു തൃഷ്ണാഗ്നേയതയെയും അയാൾ ബഹിഷ്കരിച്ചുപോകുന്നു. "അയ്യടാ! ആ കൊലമാടന്മാർ കരളറുത്തുകൂട്ടിയ ആ നേട്ടം എന്റെ ചാമുണ്ഡീ- എടുത്തോ, പിടിച്ചോ, നീ ഒരൂട്ടും പാട്ടും എവന്റെ കണക്ക്. ഛേ! കണ്ണടച്ചേക്ക്. ആ നേട്ടം ഇവനു കൈയടങ്ങട്ടെ. ഹും! പെരിഞ്ചക്കോടന്റെ പറയരെ പോവാൻ പറ. ഇതുംകൊണ്ട് അങ്ങു ചെന്ന് ഉറുപ്പ ഉറുപ്പയായി തട്ടുമ്പോൾ, ടിപ്പൂക്കൊമ്പന്റെ കഴുതയാട്ടം-ഹടട സഭാഷ്! ഈ തിരുവിതാംചൂലു പൈത്യാറക്കളത്തിൽ ആ ബൗത്ഥച്ചെറുക്കൻ ജാമനീമ എല്ലാം പോട്ടു-ഹഠ! പാപ്പാസും ചെരുകി, തലക്കൊട്ടയിൽ കൽക്കിയും ചാർത്തി നവാദ്വേഷം ആടണതെല്ലാം; അപ്പോ-" ഒരു പഞ്ചാസ്യരവംതന്നെ ആ വൃദ്ധകണ്ഠത്തിൽനിന്നു പുറപ്പെട്ടത് ശിവക്ഷേത്രസ്ഥനായ ശിലാനന്ദിയെയും കിടുക്കി.
ചിലമ്പിനേത്തു ഭവനത്തിന്റെ പടിക്കൽ എത്തിയപ്പോൾ, വൃദ്ധൻ വടിയെ പ്രാകാരത്തിൽ ചാരിയിട്ടു ശിരസ്സിനെ ഗോപുരവാതിലിൽ നമിച്ചു പ്രാണായാമക്രിയ എന്നപോലെ ശ്വസനനിയമനംചെയ്തു നിലകൊണ്ടും ആ നിലയിൽ നില്ക്കെത്തന്നെ "ഹാ ഹാ! പെണ്ണു പാവം! കൊച്ചുകേശവനും വെറും പാവത്താൻ. അപ്പു! നിന്നെ ദ്രോഹിച്ച് ഈ പെണ്ണിനെ തേവിടിയാടിച്ച ആ കാളതിന്നി ധൂക്ഷിച്ചോട്ടെ. ത്സെമ്മശ്ശനിയാൽ ഇഴുവലി വലിച്ച് ഈ ഥടിയനെ ഈ നട്ഠാദരേദ്ര്യം വെളയണടത്തു കൊണ്ടു ചാണ്ടീരിക്കണത് ആ മുടിവിനാശക്കാരന്റെ ഹന്തത്തിന്. ഇങ്ങോട്ടു തിരുമ്പിയപ്പോത്തന്നെ ഇവന്റെ ഓഝസ്സു കെട്ടുപെയ്. അതു വരട്ടു വരട്ടു. മുച്ചൂടും ഛരിക്കും വരും. അല്ലെങ്കിൽ ഹെവനിട്ട പേർ മാറ്റിയിട്ടിട്ടു ഒടലെടുക്കാം." ഇങ്ങനെയുള്ള ധൈര്യവാക്കുകൾകൊണ്ട് ഒരു പ്രതിജ്ഞയെ അതു കേൾക്കാത്ത ദമ്പതികളോടു ചെയ്തുകൊണ്ടും വാതലിന്റെ നെടുപടികളിൽ ചുംബനം ചെയ്തിട്ടും ഗൗണ്ഡൻ തെക്കോട്ടു നടതുടങ്ങി. ചിലമ്പിനഴിയത്തു പറമ്പിന്റെ അടുത്തു തെക്കുവശമായി അഴിഞ്ഞുകിടക്കുന്ന