ഒരു പറമ്പു കണ്ടപ്പോൾ "ഇതും കേറി ഒന്നു കണ്ടേച്ചു, ചാമുണ്ഡിയമ്മേടെ തറയിലു-നമുക്കെന്തു ചേതമെന്നേ-ഒന്നു കുമ്പിട്ടുകളയാം" എന്നു പറഞ്ഞുകൊണ്ട് ആ പറമ്പിലോട്ടു കടന്നു.
കുട്ടിക്കോന്തിശ്ശനായ മഹാമാന്ത്രികന്റെ പൂജാഗൃഹമായിരുന്ന മന്ദിരം, മീനാക്ഷി കേശവൻകുഞ്ഞ് എന്ന കാമിനീകാമുകന്മാരുടെ ലക്ഷ്മീനാരായണ സംയോഗത്തിനു പൂർവമായുള്ള പ്രണയരംഗം, അവസാനദശയിൽ ഭൃത്യവർഗ്ഗോത്തംസമായ ഭക്തശിരോമണി കുപ്പശ്ശാരാൽ പരിസേവ്യമായിരുന്ന വാത്സല്യക്ഷേത്രം, ഉഗ്രശാന്തന്മാരുടെ നിര്യാണത്തിൽ സഹഗാമിനിയായി സ്വർഗ്ഗാരോഹണം ചെയ്തു ധീരജനനിയുടെ ചരമരംഗം. ഇങ്ങനെയുള്ള ഭവനം നിലത്തുവീണ്, മരക്കഷണങ്ങൾ കണ്ടവർക്കു വിറകായി. അസ്തിവാരത്തറയും പൊടിഞ്ഞ് ഏതാനും കരിങ്കൽപടികളും ഒരു മണൽത്തിട്ടയും മാത്രം ശേഷിക്കുന്നു.
അനന്തരരംഗം കാണ്മാനുള്ള വൈമനസ്യം കൊണ്ടെന്നപോലെ ചന്ദ്രഖണ്ഡം അബ്ധിയിൽ മറഞ്ഞു. നിശാകാളി അനന്തമായ ജടാഭാരം വിരിച്ചിട്ടു സ്വൈരനൃത്തം തുടങ്ങി. ആ കാലസോദരിയുടെ കാന്തനെന്നപോലെ മന്ത്രക്കൂടഭവനത്തിന്റെ അവശേഷക്കുന്നിന്മേൽ ദണ്ഡധാരിയായി നില്ക്കുന്ന ഗൗണ്ഡൻ തന്റെ പ്രണയഗതിക്ക് അനുരൂപമായ സമൃദ്ധകേശിയുടെ നിശ്വാസഗന്ധം ഏറ്റുതന്നെ പ്രവൃദ്ധോന്മാത്തനായി. സ്വഹസ്തദൗഷ്ട്യത്താൽത്തന്നെ, കാലപദം ചേർക്കാനായി ആനീതനാക്കപ്പെട്ട ഒരു കാളമേഘാകാരന്റെ സ്വരൂപസ്മരണപോലും ആ നിശാചാരിയെ സംഭ്രമിപ്പിക്കുന്നില്ല. നിരാത്മകമായുള്ള പ്രപഞ്ചഘടനയെ പ്രമാണിക്കുന്ന ആ അശ്മഹൃദയൻ ആ പ്രദേശത്തെ എന്നല്ല അതിനെ സംവരണം ചെയ്യുന്ന സംസ്ഥാനത്തെയും ആ വൃദ്ധദശയിലെങ്കിലും തന്റെ ചന്ദ്രഹാസധാരയാൽ അഞ്ചിതനേത്രമാക്കി ഭരിക്കുന്ന 'ഭൗഞ്ചി' (മഹിമ)യെ ഇച്ഛാഫലമായി സന്ദർശിച്ചു, കോന്തിശ്ശന്റെ പൂജാവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടിരുന്ന നാളസ്ഥാനത്തുതന്നെ ഒരു ചണ്ഡാലനൃത്തം തുടങ്ങി. ആ നിശാചരരക്ഷസ്സിന്റെ പാദറത്തെ താങ്ങാൻ ശക്തയാകാത്ത ഭൂദേവി ദുസ്സഹവ്യഥയാൽ വിലകി, ഗൗണ്ഡന്റെ പാദങ്ങളിൽ ഒന്നു കീഴ്പോട്ടു താണു. തന്റെ ജീവിതകാലത്തെ പരമദുഃഖത്തിനും മഹാധമമായുള്ള അധഃപതനത്തിനും സംഗതി ആക്കിയ ഒരു സമ്പൽസഞ്ചയടത്തെ ഭയാനകമായി ശപിച്ചുകൊണ്ട് വൃദ്ധൻ ആണ്ടുപോയ പാദത്തെ ഭൂവിലത്തിൽനിന്നു പ്രതിസംഹരിച്ചു. പെട്ടെന്നു നേരിട്ട ആപത്തിൽനിന്നു നിവൃത്തനായി. സമചിത്തത അവലംബിച്ച് അരനിമിഷം ചിന്തിച്ചപ്പോൾ വൃദ്ധൻ ആകാശംമുട്ടെ ചാടി, അട്ടഹാസാവലികൾ ചാമുണ്ഡിദേവിയെത്തന്നെ ക്ഷീണിപ്പിക്കുമാറ് മുക്തമാക്കി. ഏകഹസ്തത്താൽ ഊരുപിണ്ഡത്തിന്മേൽ താളങ്ങൾ അറിഞ്ഞിട്ട് അപരഹസ്തത്താൽ സ്വദണ്ഡത്തെ പാദം താഴ്ന്ന വിലത്തിലോട്ട് ഇറക്കി ഭുജത്തോളം ഹസ്തവും താഴ്ത്തി. ഹാ! ഈ അഗാധവിലം സ്വർഗ്ഗത്തിലേക്കൊ നരകത്തിലേക്കോ സ്വർഗ്ഗനരകങ്ങൾ രണ്ടും ചേർന്നുള്ള ഒരു മണ്ഡലത്തിലേക്കോ നയിക്കുന്ന നവപാതാളം എന്നു സങ്കല്പിച്ചു