മീനാക്ഷിഅമ്മ: (ശാസനയായി) "അങ്ങനെ പറയാതെ. അവളെ ആ തമ്പുരാൻ കൊണ്ടുപോകും. അപ്പോൾ നിന്നോടുള്ള വിരോധവും നീങ്ങിയേക്കാം. എന്തായാലും നാം തമ്മിലുള്ള ബന്ധം നിന്റെ വല്ല വാക്കും കൊണ്ട്-"
ത്രിവിക്രമൻ: "അമ്മച്ചീ! 'ഒന്നാം കടപ്പുറവാരെ ഒന്നര മയിൽ കൊണ്ടാടുന്നൂ ആർക്കു കാണ്മാനാടുന്നെന്റെ തേവാരപ്പൊൻ പെൺമയിലേ?' ഇതിനുത്തരം പറയണം."
മീനാക്ഷിഅമ്മ: (അക്ഷമയായി) "എന്തോന്ന് ത്രിവിക്രമാ ഇത്? ഇന്ന് അവൾക്ക് പുടവകൊട എന്നു കേട്ടപ്പോൾ നിനക്കു ഭ്രാന്തുപിടിച്ചു എന്നുതന്നെ തോന്നുന്നു."
ത്രിവിക്രമൻ: "കൊല്ലത്തു തടംകൊണ്ടു കൊടുങ്ങല്ലൂർ വേരോടി- അവിടെ മുളച്ചോരു ചെഞ്ചീര- ചെഞ്ചീര പറിച്ചപ്പോൾ- കണ്ടതെന്തോന്നമ്മച്ചീ? തമ്പുരാനും കിമ്പുരാനും അല്ലാ. എല്ലാം അമ്മാവൻ പറയും. ദിവാൻജി അമ്മാവൻ- അതൊക്കെ രഹസ്യങ്ങള്; കളിയല്ലാ. അമ്മച്ചി നിന്നു വിറയ്ക്കണ്ടാ. (അതിഗൂഢസ്വരത്തിൽ) പുടവകൊട പുകയും. അയാൾ പുളിശ്ശേരി കുടിച്ചോണ്ട് ഈ രാത്രിതന്നെ പമ്പകടക്കും."
മീനാക്ഷിഅമ്മയായ ആ പതിവ്രത, ത്രിവിക്രമന്റെ വാക്കുകൾ വിശ്വസിക്കുകയാൽ, വിച്ഛിന്നേംഗിതനാകുമ്പോൾ കോപിക്കുന്ന ഭർത്താവിന്റെ നിലയെ ധ്യാനിച്ച് ഉദ്ധൂതജീവിയായി നിന്നു.
ത്രിവിക്രമൻ: "ഒന്നും പേടിക്കേണ്ടമ്മച്ചീ! ഇവിടത്തെ നല്ലമ്മാവനെയും എല്ലാം ശരി ആക്കിക്കൊള്ളാമെന്നു കല്പിച്ചുതന്നെ ഏറ്റിട്ടുണ്ട്. ഇവിടെ ഒരു രത്നക്കമ്പിളി വിരിച്ച് ഒരു ചാവട്ടയും കൊണ്ടിടുവിക്കണം."
മീനാക്ഷിഅമ്മ: "എന്റെ വിക്രമൻകുട്ടീ, കളിക്കാൻ നിക്കാതെ. നീ പുരുഷനല്ലയോ? പെണ്ണുങ്ങളെ ഇട്ടു പാവ ആടിപ്പാൻ നോക്കാതെ. സാവിത്രിയുടെ പുടവകൊടയ്ക്ക് അവിടെ കേമമായി വട്ടംകൂട്ടുന്നു. തമ്പുരാന് ഇങ്ങേ അറ്റം മഞ്ചലുകൂടെയും വഴിയിൽ കാത്തുനില്ക്കുന്നു എന്നു കേട്ടു. അതുകൊണ്ട് എന്റെ അപ്പൻ ഇളക്കമൊന്നും ഇനി കാട്ടരുത്."
ത്രിവിക്രമൻ: "അതുപോകട്ടെ അമ്മച്ചീ! ദിവാൻജി അമ്മാവൻ ഇതാ ഇപ്പോൾ ഇങ്ങ് എത്തും. വെള്ള വല്ലതും മാറിനിന്ന് അദ്ദേഹത്തെ സല്ക്കരിക്കണം."
മീനാക്ഷിഅമ്മ: "എന്റെ ഒരുക്കം കാണേണ്ടവർ വരുമ്പോൾ ഞാൻ ഒരുങ്ങിനിന്നുകൊള്ളാം. നിനക്ക് ഒരു കളി കാണണമെങ്കിൽ ഒരു പെട്ടി എടുത്തു കാണിക്കാം. അതിൽ ചില ചായച്ചേലകൾ ഉണ്ട്. ഇനിയും അതുടുക്കാൻ കാലമാകുന്നതുവരെ- അല്ലെങ്കിൽ, അതു മാറ്റിച്ച എന്റെ ഉടയൻ ആവശ്യപ്പെടുമ്പോഴല്ലാതെ ഞാൻ എന്തിനൊരുങ്ങുന്നു? ദിവാൻജി അങ്ങുന്നു വരട്ടെ. ഞാൻ അദ്ദേഹം താമസിക്കുന്നിടത്തു സങ്കടക്കാരിയായും പോയിട്ടുണ്ട്. ഇപ്പോൾ ഇങ്ങോട്ടൂ വരുന്നത് എന്റെ ഭാഗ്യം കൊണ്ടല്ല. വല്ലതും പറഞ്ഞു നീ എന്നെ കരയിക്കാതെ."