ലക്ഷ്മിഅമ്മയുടെ മുഖം ചിന്താവേഗത്താൽ ചലിച്ചു എങ്കിലും അഴകുശ്ശാർക്കു മഹാരാജാവിനോടുള്ള സേവാബന്ധം എന്തെന്നു വിസ്തരിച്ചറിവാൻ അവർ ആഗ്രഹിച്ചു. സമയം കാത്തുനിന്നപ്പോൾ തിരുമുമ്പിൽ ചെല്ലുന്നതിനു കല്പന ആയി എന്നും കണ്ഠീരവരായരെ തന്നോടു സമരത്തിനു വിടണം എന്ന് അപേക്ഷിച്ചപ്പോൾ മഹാരാജാവ് ആലിലപോലെ വിറച്ചു എന്നും താൻ ആ രാജമന്ദിരം കിടുക്കി ഘോഷിച്ച പോർവിളി കേട്ട് കണ്ഠീരവൻ പുറത്തുചാടിയെന്നും ഉദയംമുതൽ അസ്തമയംവരെ പോരാടി അയാളുടെ അസ്ഥികൾ ആറായിരവും തകർത്ത് അയാളുടെ ഉത്തരീയത്തിൽ കെട്ടി അയച്ചു എന്നും തന്റെ പാടവങ്ങൾ കണ്ടുനിന്നിരുന്ന മഹാരാജാവ് ഉടനെതന്നെ "കൊണ്ടരട്ടെ ഉടവാൾ" എന്നു കല്പിച്ചു എന്നും അവിടുത്തെ തിരുവുള്ളംകൊണ്ടു ദത്തമായ ആ ഖഡ്ഗത്തെ തന്റെ യജമാനൻ പിടിച്ചുമേടിച്ചു കല്ലറയ്ക്കൽ ഭവനത്തിലെ കല്ലറയിൽ സൂക്ഷിച്ചിരിക്കുന്നു എന്നും മൂന്നു തടിക്കണ്ടം "എന്തരോധാരമേ തന്തതിപ്രബേശ്യമേ" അനുഭവിച്ചുകൊൾവാൻ കല്പിച്ചു നീട്ടെഴുതിവിട്ടു താൻ ഇപ്പോൾ യജമാനന്റെ "ഇത്തിരിയൊക്കെ അടുത്ത പന്തിയിൽ" നില്ക്കാനുള്ള ഗൃഹസ്ഥൻ ആയിരിക്കുന്നെന്നും മൂഴക്കു പൊളിയും ഒരു മണി പരമാർത്ഥവും ചേർത്ത് അഴകുശ്ശാർ വർണ്ണിച്ചു.
നാട്ടിൻപുറത്തെ പാർപ്പുകാർ അതതു ദേശത്തെ പ്രമാണികളെ ചക്രവർത്തികളായി ഗണിക്കുന്നു. കേവലം അജ്ഞതകൊണ്ട് രാജാധികാരത്തെപ്പോലും അവർ രണ്ടാം തരത്തിലാക്കി ചിലപ്പോൾ അനാദരിച്ചും കളയുന്നു. ഈ ഘട്ടത്തിൽ ലക്ഷ്മിഅമ്മയുടെ ആശയങ്ങളെ നിയമനം ചെയ്ത് പ്രമാണം സമുദായവിപുലതയെക്കുറിച്ച് അജ്ഞയായുള്ള ഒരു സ്ത്രീയുടേതെന്നു മാത്രമല്ല, ജനനത്താൽ ഒരു വിശിഷ്ടമായ പ്രാധാന്യത്തെ അവകാശപ്പെടുന്നവളുടേതും ആയിരുന്നു. അതിനാൽ അവരുടെ ചിത്തമാനത്തിൽ സ്വപുത്രിയുടെ വിവാഹത്തിനു രാജസഹായത്തെ പ്രാർത്ഥിക്കുന്നതു കേവലം ഒരു നിഷാദകർമ്മം ആണെന്നു തോന്നി. ഭർത്താവായ വിശ്വംഭരന് എതിരായുള്ള ഒരു ശക്തിയെ സങ്കല്പിക്കുകയും അവരുടെ ബുദ്ധിക്ക് അശക്യമായിരുന്നു. അഴകുശ്ശാരുടെ വർണ്ണനയിലെ രസമർമ്മം എന്തെന്നുപോലും ഗ്രഹിപ്പാൻ നിസ്സർഗ്ഗരൂഢമായ അവരുടെ കൂപമണ്ഡൂകതയാൽ അവർക്കു കഴിവുണ്ടായില്ല. തന്നിമിത്തം അഴകുശ്ശാരുടെ മാദ്ധ്യസ്ഥ്യം അനർത്ഥകരമായല്ലാതെ, ശുഭോദർക്കമായി പര്യവസാനിക്കുക ഇല്ലെന്ന് അവർക്കു തോന്നി, അതിനെ അവർ നിരാകരിച്ചു.
അഴകൻപിള്ള: "ഒന്നും വരമാട്ടാരമ്മച്ചീ!"
ഒരു കോണിലെങ്ങാണ്ടോ, (ത്രിവിക്രമന്റെ സ്വാതന്ത്ര്യപ്രയോഗത്തിനു വിരുദ്ധമായി) ഭാവിമാതുലിയുടെ മുമ്പിൽ പ്രവേശിക്കാതെ മറഞ്ഞുനിന്നിരുന്ന കല്ലറയ്ക്കൽപിള്ള സ്വഭൃത്യന്റെ ഭരമേൾപ്പിനെ ശാസിച്ചു: "നിനക്കു പൈത്യം പിടിച്ചുപോയി. പെരിഞ്ചക്കോട്ടണ്ണൻ എപ്പോൾ കേറി