ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോലാഹലരസം ആ ശയ്യാവലംബിനിയുടെ ശ്രദ്ധയ്ക്കു വിഷയീഭവിക്കുന്നില്ല. ഉന്മേഷസമ്മോദങ്ങളോടു ചരമയാത്രാനുമതി വാങ്ങി ഉത്തരായനം പ്രവീക്ഷിച്ചു സ്ഥിതിചെയ്യുന്നതുപോലെയുള്ള ആ മഹതിയുടെ അന്തഃകരണങ്ങൾ, ഗൃഹിണീകൃത്യത്തിലുള്ള നിഷ്ഠകൊണ്ട് സ്വരാജ്യരക്ഷിതാവായുള്ള രാജർഷിപ്രവീണൻ ദിവാൻ എന്ന അഭിനവസ്ഥാനം നല്കിയിട്ടുള്ള മന്ത്രിയോടൊന്നിച്ച് ഉത്തരദേശങ്ങളിൽ സഞ്ചരിച്ച് രാജ്യത്തിന്റെ രക്ഷയ്ക്കുപയുക്തങ്ങളായ പല നയോപായങ്ങളും പ്രയോഗിക്കയും ആ പ്രദേശങ്ങളിലെ പ്രാകാരാദികളെ ഉറപ്പിക്കയും ചെയ്തിട്ട് ലോകവിധ്വംസകനായ മൈസൂരിലെ ദുർമ്മദാന്ധകേസരിയുടെ ആക്രമണം ഉണ്ടാകുന്ന വേളയിൽ ശ്രീപത്മനാഭസങ്കേതത്തെ പ്രത്യേകം കാത്തുരക്ഷിപ്പാനായി മടങ്ങി എഴുന്നള്ളുമ്പോൾ ആ ശതമുഖപ്രഭാവന്റെ സന്ദർശനമാകുന്ന പുണ്യത്തെ സമാർജ്ജിച്ചുകൊണ്ട് ഉടനെ എത്തിയേക്കാവുന്ന ഭർത്താവിന്റെ ഭക്ഷണകാര്യത്തെ മാത്രം ശ്രദ്ധിപ്പാൻ പ്രവർത്തനം ചെയ്യുന്നു. ഘോഷധ്വനികളുടെ ഗതിയെ സൂക്ഷിച്ചു ഭർത്താവിന്റെ പ്രത്യാഗമനസമയത്തെ നിശ്ചയമാക്കിയ ആ സാധ്വി തന്റെ ക്ഷീണത്തെ തിരസ്കരിച്ചു, ശയ്യയിൽനിന്ന് എഴുന്നേറ്റ് പാചകശാലയിൽ എത്തി വേണ്ട ഏർപ്പാടുകളും ചെയ്തിട്ട് ഇടത്തളത്തിലേക്കു മടങ്ങി മഞ്ചത്തിന്മേൽ ആസനസ്ഥയായി. വ്യസനവും ആലസ്യവുംകൊണ്ടു വാടിത്തളർന്നു കാണുന്ന ആ മുഖം ഒരു കാലത്ത് അഭിരാമപരിവേഷത്താൽ ആവൃതമായ കനകാംബുജംപോലെ, ലോകസമ്മോഹകമായുള്ള സൗന്ദര്യസാരത്തിന്റെ കോമളതളിമമായിരുന്നു. ആ നെടിയ നേത്രങ്ങളിലെ കടുനീലതാരങ്ങൾ പ്രകൃതിയുടെ ശില്പപടുത്വത്തിന്റെ ഉത്കൃഷ്ടനിർമ്മിതികളായി, വിരസന്മാരുടെ ലോകഹൃദയങ്ങളെയും ഒരു കാലത്തു വിദ്രവിപ്പിച്ചുവന്നു. തൽക്കാലത്തെ ദൈന്യനിലയിലും ആ ജീവസ്ഫുടങ്ങൾ സാന്ദ്രമായുള്ള മഹാകുലീനതയുടെ ഉഗ്രകിരണങ്ങളെ സ്ഫുരിപ്പിക്കുന്നു. മഹാതുരതയാൽ ആവേഷ്ടിതമായുള്ള ആ സ്ഥിതിയിലും ആ ശരീരപ്രഭ കേതകീപുഷ്പത്തോടൊപ്പം ദർശനീയമായിത്തന്നെ കാണുന്നു. വനപ്രാന്തത്തിലെ പ്രശാന്തവാസവും ഒരു ഗ്രന്ഥാമൃതഭോക്താവിന്റെ ധർമ്മപത്നീസ്ഥാനവുംകൊണ്ടു ഗൃഹിണിമാർക്കു കിട്ടാവുന്ന കാവ്യരസാതീതമായുള്ള സായൂജ്യാനന്ദത്തെ മോഹിച്ചു ഭർത്തൃവരണം ചെയ്ത കഴക്കൂട്ടം പ്രഭുകുടുംബത്തിലെ മീനാക്ഷി എന്ന തരുണീതിലകത്തെയാണ് നാം ഈ അവസ്ഥയിൽ കാണുന്നത്. മുഖത്തെ ക്രമത്തിലധികം മറയ്ക്കുമാറ് അഴിഞ്ഞുലഞ്ഞു കിടക്കുന്ന കേശപടലത്തിനിടയിൽ ചില രജതരേഖകൾ ആക്രമിച്ച് മുപ്പത്തെട്ടാം വയസ്സിലും സുമുഖിയായി കഴിയേണ്ട ആ സ്ത്രീരത്നത്തെ വാർദ്ധക്യദശയിലേക്ക് ആനയിക്കുന്നു. തന്റെ അവസ്ഥകൾ ചിന്തിച്ചു ദീർഘനിശ്വാസങ്ങളെ മുക്തമാക്കിയും ഇടയ്ക്കിടെ നാമം ജപിച്ചും ഭർത്താവിന്റെ പാദന്യാസം കേൾക്കുന്നോ എന്നു ചെവികൊടുത്തും മറ്റൊരു ആഗമനത്തെ കാംക്ഷിച്ചു മറുവശത്തോട്ടു നോക്കിയും മീനാക്ഷിഅമ്മ ഇരിക്കുന്നതിനിടയിൽ ഉരഗത്തിന്റെ നിശബ്ദഗതിയോടെ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/17&oldid=168005" എന്ന താളിൽനിന്ന് ശേഖരിച്ചത്