തകം തന്നിലും ചുമലുന്നോ എന്ന് അറിയേണ്ടത് അനന്തരബഹുജന്മങ്ങളെ സംബന്ധിക്കുന്നതാവുകയാൽ ധൈര്യം അവലംബിച്ചുകൊണ്ട് അവർ ചോദിച്ചു: "ഇവിടുന്നു-നാരായണ! ക്ഷമിക്കണേ! മറ്റൊന്നും വിചാരിക്കരുത്-അവിടുത്തെ ഇഷ്ടം എങ്ങനെയോ, അതു ചോദിപ്പാൻ ഇവൾക്കവകാശം ഇല്ല. എങ്കിലും-"
പെരിഞ്ചക്കോടൻ വീണ്ടും ഭാര്യയെ മുറുകെ പുൽകിക്കൊണ്ട്: "അയ്യോ! ഇതെന്തര് അലോഖ്യം. നേരം പോണു. കാര്യം ചൊല്ലൂട്."
ലക്ഷ്മിഅമ്മ: "സാരമില്ല. അവിടുന്ന്- ഇവിടെ എങ്ങാണ്ടോ ചിലരൊക്കെ, എന്തോ ചെയ്യുമെന്ന് കേട്ടിട്ടുണ്ട്. ഓഃ നരകം!" ഭർത്തൃശരീരത്തോടു ചേർന്നു നിന്ന സ്ത്രീ കിതച്ചു ചാഞ്ചാടിത്തുടങ്ങി.
പെരിഞ്ചക്കോടൻ: (അക്ഷമനായി) "എന്തോന്ന്? എന്തു ചെയ്യുണു എന്നു പറ. പോരായ്മയ്ക്കു വല്ലവരും ഏശിയെങ്കിൽ-" ഉജ്ജലിച്ചുതുടങ്ങിയ ഭർത്തൃകോപം ശമിപ്പിക്കുവാനായി തന്റെ ചോദ്യത്തെ വ്യക്തമാക്കാൻ "ഗോമാംസം" എന്നൊരു പദത്തെ ലക്ഷ്മിഅമ്മ ഉച്ചരിച്ചു.
പെരിഞ്ചക്കോടൻ: "എന്തര്?" സ്ത്രീ നെറ്റിത്തടത്തിൽ കൈചേർത്തു നിന്നു വിവർണ്ണയായി വിറകൊണ്ടു. ചോദ്യത്തിന്റെ സാരവും അതിന്റെ അതിദൂരംവരെ എത്തുന്ന വ്യാപ്തിയും പെരിഞ്ചക്കോടനു മനസ്സിലായി. "ഇല്ലില്ല," എന്ന് ഉച്ചത്തിൽ പറഞ്ഞുകൊണ്ട് അയാൾ പാചകശാലയിൽ എത്തി. പുത്രിയെ രണ്ടു കൈകൾകൊണ്ടും ഉയർത്തി കണ്ണുകളോടു വീണ്ടുംവീണ്ടും അണച്ചു നിലത്തു നിറുത്തിയിട്ട് "പോകരുതേ അച്ഛാ!" എന്നുള്ള വിളികളെ ഗണ്യമാക്കാതെ വീണ്ടും ആസുരാത്മകനായി വൃക്ഷക്കൂട്ടങ്ങളുടെ ഇടയിൽ മറഞ്ഞു.
കഴക്കൂട്ടത്തുനിന്നും മടങ്ങിയെത്തി മദ്ധ്യാഹ്നാനന്തരം മഹാരാജാവിനെ സന്ദർശിച്ച് മീനാക്ഷിഅമ്മയുടെ സമ്മതത്തെയും മറ്റു വസ്തുതകളെയും ഉണർത്തിച്ചിട്ട് ദിവാൻജി തന്റെ മന്ദിരത്തിലേക്കു യാത്രയായി. രാജഭണ്ഡാരത്തിലേക്ക് അടങ്ങിയ ആ ഭൂരിസമ്പത്തിനെ തൃണവൽഗണിച്ച് ഉപേക്ഷിച്ച മഹതിയുടെ ഔദാര്യത്തെയും രാജഭക്തിയെയുംപറ്റി ചിന്തിച്ച് ഉണ്ണിത്താന്റെ ദുശ്ശങ്കകളെ നീക്കി ആ ദമ്പതിമാരെ പുനസ്സംഘടിപ്പിക്കുന്ന ഭാരം താൻതന്നെ വഹിക്കുന്നുണ്ടെന്നു പ്രതിജ്ഞചെയ്തുകൊണ്ടു മഹാരാജാവു സ്വമഞ്ചത്തിൽ ഇരിക്കെ, പള്ളിയറക്കാരൻ പ്രവേശിച്ച് "രായരെ തോല്പിച്ചവൻ വന്നു മുഖംകാണിപ്പാൻ നില്ക്കുന്നു" എന്ന് അറിയിച്ചു. മഹാരാജാവിന്റെ മുഖം സന്തോഷത്താൽ വികസിച്ചു. "വേഗം വരാൻ പറ. അല്ലെങ്കിൽ അവൻ പക്ഷേ, കലഹിച്ചു പറന്നുകളയും" എന്നു കല്പിച്ചു. പള്ളിയറക്കാരൻ പിൻവാങ്ങി. ഒട്ടുനേരം കഴിഞ്ഞിട്ടും അഴകുശ്ശാരുടെ പുറപ്പാടുണ്ടാകുന്നില്ല. വസ്തുത എന്തെന്നറിവാൻ മഹാരാജാവ് മാളികയിലെ ജാലകത്തിൽക്കൂടെ തെക്കോട്ടു നോക്കി