യപ്പോൾ, മുറ്റവെളിയിലുള്ള അശ്വത്ഥവൃക്ഷത്തെ അഴകൻപിള്ള ഭക്തനായി പ്രദക്ഷിണംവയ്ക്കുന്നതും പള്ളിയറക്കാരൻ ഞെരുക്കി മാളികയിലോട്ടു ക്ഷണിക്കുന്നതും കണ്ടു. ഈ പ്രദക്ഷിണക്രിയ പാദങ്ങൾകൊണ്ടു മാത്രമായിരുന്നതിനാലും നേത്രങ്ങൾ രാജമന്ദിരത്തിലെ ജാലകങ്ങളുടെ നേർക്കു പ്രവർത്തിതങ്ങളായിരുന്നതുകൊണ്ടും തന്റെ ഭക്തികൊണ്ടു പുഞ്ചിരികൊള്ളുന്ന മഹാരാജാവിന്റെ മുഖം അഴകുശ്ശാർക്കു കാണുവാൻ കഴിഞ്ഞു. പള്ളിയറക്കാരന്റെ ക്ഷണങ്ങളെ അതുവരെ നിരാകരിച്ചു നിന്നിരുന്ന അഴകൻപിള്ള മഹാരാജാവിന്റെ മുഖം കണ്ടതുമുതല്ക്കുതന്നെ തന്റെ ദേശാചാരപ്രകാരം മുഖംകാണിച്ചുതുടങ്ങി. രാജദൃഷ്ടിയിൽനിന്നു നീങ്ങിയിട്ടും മഹാരാജാവ് ഇരിക്കുന്ന പള്ളിയറയിൽ എത്തുന്നതുവരെ ആ ക്രിയയ്ക്കു മുടക്കം വരാതെ തുടർന്ന് മന്ദിരകൂടങ്ങളെയും തൂണുകളെയും വാതിലുകളെയും വന്ദിച്ചു രാജപ്രസാദത്തെ വഴിയാംവണ്ണം സമ്പാദിച്ചു എന്നു സന്തുഷ്ടനായി അയാൾ പള്ളിയറയുടെ വാതില്ക്കൽ ഒതുങ്ങി മുഖം കാട്ടിത്തന്നെ നിലകൊണ്ടു. ചിരികൊണ്ട് അരുളപ്പാടുകൾക്ക് ഉണ്ടായ ഇടറലുകളോടെ മഹാരാജാവ്, "അല്ലാ അമ്മാവന് വലിയ സന്തോഷമായി അനന്തിരവനെക്കണ്ടിട്ട്. ഇങ്ങോട്ടു നീങ്ങിനില്ക്ക്. പേടിക്കേണ്ടാ" എന്നു ക്ഷണിച്ചു. അഴകുശ്ശാർ തല പുറകോട്ടു വലിച്ച് ആദ്യ സന്ദർശനദിവസത്തിൽ തന്നെക്കൊണ്ട് അബദ്ധങ്ങൾ പ്രവർത്തിപ്പിച്ച ആ നെഞ്ചിന്മേൽ അഞ്ചെട്ടു താഡനം തന്നത്താൻ പ്രയോഗിച്ചുകൊണ്ട് പിന്നെയും മുമ്പോട്ടു നീങ്ങി. "വേണ്ട, വേണ്ട. കാലിലൊക്കെ പൊടിയും ചാണോം."
മഹാരാജാവ്: "കരമൊഴിവായിത്തന്നെ നിലങ്ങളുടെ പ്രമാണം അഴകുവിനു കിട്ടിയില്ലേ?"
അഴകൻപിള്ള: "അതൊന്നും അഴകൂന്റെ കൈയിലല്ല. തള്ള-" (അടുത്തുനില്ക്കുന്ന പള്ളിയറക്കാരനോട്, "ചരിതന്നെയോ അണ്ണാ?" പള്ളിയറക്കാരൻ "പഴവത്തി" എന്നു സൂചിപ്പിക്കയാൽ) "പഴവി എന്തരോ ഒക്കെ വാങ്ങിച്ചു ദൂക്ഷിച്ചുവെച്ചാര്. തിരുവട്ടിയുടെ തിരുമുമ്പി, ഒരു ഥം കടം കല്പിക്കാൻ വന്നേ." (പള്ളിയറക്കാരൻ 'വിടകൊണ്ടു' എന്നു സൂചിപ്പിക്കയാൽ) "അതുതന്നെ... കൊണ്ടേ."
മഹാരാജാവ്: "നോക്ക്. നിന്റെ ഇഷ്ടംപോലെ സംസാരിക്കാം. ആരാ അത്, നീങ്ങിനില്ക്കട്ടെ." (പള്ളിയറക്കാരൻ ദൂരത്തുവാങ്ങി) "എന്താ പറവാനുള്ളത്?"
അഴകൻപിള്ള: "അഴകു അന്നു ചൊല്ലിയാരില്യോ കല്ലറയ്ക്കൽപ്പിള്ളാന്ന്."
മഹാരാജാവ്: "ദിവാൻജിയെ കാണ്മാൻ ചെന്നിരുന്ന ആൾ?"
അഴകൻപിള്ള: "അപ്പോ തിരുവടിയുടെ പഴമനസ്തി അല്ല തിരുമനസ്തിൽ, അദ്ധ്യത്തിന് പൊന്നുതമ്പുരാൻ ലക്ഷിച്ച് ഒരു പെണ്ണെക്കൊടുത്തൂട്ടാ" മഹാരാജാവു കുഴങ്ങി. ഏതൊരു കന്യകയെ അഴകു കല്ലറ