വനചരഗ്രാമങ്ങൾ എന്നിതുകളിലൂടെ ഉത്തരദിക്കിനെ ലക്ഷ്യമാക്കി പുറപ്പെട്ടു. ഈ കാട്ടാളപ്പടയുടെ പുറപ്പാടിൽ ശംഖമുദ്രകൊണ്ടു രാജസങ്ങളാക്കപ്പെട്ട കൊടികൾ മുന്നണികളിൽ രാജചിഹ്നത്തിനു ചേരുന്ന ആദരത്തോടും പൂജ്യതയോടും വഹിക്കപ്പെട്ടിരുന്നതിനാൽ ആ പദാതിയുടെ യാത്രാമാർഗ്ഗത്തോടു സമീപിച്ച് അധിവാസം ചെയ്തിരുന്ന വനവാസികൾ രാജഭക്തിയെ പുരസ്കരിച്ച് ആ സൈന്യത്തോടു ചേർന്നു താവളം തോറും സംഖ്യയെ സാരമായി വർദ്ധിപ്പിച്ചു.
അടുത്ത സന്ധ്യയോടുകൂടി ചുവന്ന ജടാഭാരംകൊണ്ടു തന്റെ കേശത്തെ മറച്ചും ചില കൃത്രിമചാമരങ്ങൾകൊണ്ടു മീശയുടെ വിസ്തൃതിയെ വർദ്ധിപ്പിച്ചും കവിളിൽ ഒരു ശൂലമിറക്കി വക്ത്രത്തിൽനിന്ന് ഒരു വെള്ളിശൃംഖലയെ പുറത്തോട്ടു ലംബമാക്കിയും പാദത്തോളമെത്തുന്ന കാഷായാംബരക്കുപ്പായം ധരിച്ചും രുദ്രാക്ഷമാലകൾകൊണ്ടു കണ്ഠത്തെയും ഒരു മാൻതോലുകൊണ്ടു പിൻഭാഗത്തെയും ഒരു കാഷായാംബരസഞ്ചി തൂക്കി സ്കന്ധത്തെയും ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മൂർദ്ധാവോടുകൂടിയ ദണ്ഡത്താൽ ഏകഹസ്തത്തെയും, കമണ്ഡലുകൊണ്ട് അപരഹസ്തത്തെയും പാദുകങ്ങളാൽ പാദങ്ങളെയും യോഗിയാഗ്യങ്ങളായ അംഗങ്ങളാക്കിത്തീർത്തും രണചതുരന്മാരായ നാലഞ്ചു വിശ്വസ്തന്മാരാൽ ദൂരത്തു വാങ്ങിയുള്ള പരിസേവനത്തോടും രാത്രി പെരിഞ്ചക്കോടൻ തിരുവനന്തപുരത്തേക്കു യാത്രയാരംഭിച്ചു. പഞ്ചദശി ദിവസം ഉദയത്തിൽ ദിവാൻജി ഒരു ചെറിയ സേനയുമായി വടക്കൻവഴിയാത്ര തീർച്ചയാക്കിയിരിക്കുന്നുവെന്നു തന്റെയും അനുചരന്മാരുടെയും സഞ്ചാരത്തിനിടയിൽ കേട്ട് അതിന്റെ പരമാർത്ഥങ്ങൾ അറിവാൻ അന്വേഷണം ചെയ്തപ്പോൾ, രണ്ടു വൃത്താന്തങ്ങൾ ജനവാദത്തിനു പ്രധാന വിഷയങ്ങളായി പല കേന്ദ്രങ്ങളിലും പ്രഖ്യാപിതങ്ങളാകുന്നതു പെരിഞ്ചക്കോടൻ ധരിച്ചു. കഴക്കൂട്ടം പ്രഭുകുടുംബത്തിന്റെ വക വിശ്രുതനിധി രാജഭണ്ഡാരത്തോടു ചേർന്നുവെന്ന വൃത്താന്തം ഗൗണ്ഡന്റെ പരമാർത്ഥത്തെക്കുറിച്ചു ഗ്രസ്തസംശയനായിരുന്ന പെരിഞ്ചക്കോടന് ആ വ്യാപാരിയെ ഒന്നുകൂടി കാണണമെന്നുള്ള ആഗ്രഹത്തെ ബലവത്തരമാക്കി. രണ്ടാമത്തെ വൃത്താന്തം ആ ആഗ്രഹത്തിന്റെ ഔഷണ്യത്തെ അത്യുഗ്രവുമാക്കി. സ്വേച്ഛാനുസാരമുള്ള തന്ത്രപ്രയോഗത്താൽ ടിപ്പുവിന്റെ ചാരപ്രധാനന്മാരായ മൂന്നുപേരാലും അംഗീകൃതമാക്കപ്പെട്ട നിശ്ചയത്തെ നിരാകരിച്ച് അജിതസിംഹൻ സാവിത്രിയുടെ വിവാഹത്തിനെത്താതെ ഒഴിഞ്ഞുകളഞ്ഞത് ഗൗണ്ഡവൃദ്ധന്റെ അനുമതിയോടുകൂടിയാണെന്ന് അയാൾ വിശ്വസിച്ചു. ഈ വിശ്വാസം ഗൗണ്ഡനെക്കുറിച്ചുള്ള സംശയത്തെ അവിതർക്കിതസ്ഥിതിയിലുള്ള ദൃഢബോധമാക്കിത്തീർത്തു. സ്വപക്ഷം പ്രതിപക്ഷം എന്നുള്ള വിചാരങ്ങൾക്കു ബോധശൂന്യനായി പെരിഞ്ചക്കോടൻ ഗൗണ്ഡനെ പിടികൂടി, വിഘ്നമായിത്തീർന്നിട്ടുള്ള വിവാഹത്തെ വൃദ്ധന്റെ പരമാർത്ഥസ്ഥാനാധികാരം പ്രയോഗിച്ചു നിറവേറ്റിക്കാനും അതും അനുസരിക്കാഞ്ഞാൽ ആ പരമാർത്ഥംതന്നെ പ്രസിദ്ധ