നിർവ്വഹിക്കണമെന്നുള്ള ആശാരക്ഷസ്സ് ഗൗണ്ഡഭൂതത്തിന്റെ ഉള്ളിൽ വീണ്ടും പ്രതിഷ്ഠിതമായി. യാതൊരു വിപ്രലബ്ധിയും ആ സ്ഥലത്തെ വ്യാപാരത്തിനിടയിൽ സംഭവിച്ചിട്ടില്ലാത്തതുപോലെ താമസിച്ചുംകൊണ്ട് പഞ്ചദശിദിവസം ഉദയത്തിൽ ദിവാൻജി യുദ്ധരംഗത്തിലേക്കുള്ള യാത്ര നിശ്ചയിച്ചിരിക്കുന്നു എന്ന വൃത്താന്തത്തെ ചാരന്മാർ മുഖേന ഗ്രഹിച്ചിട്ടു ആ വൃദ്ധൻ തന്റെ ഇംഗിതാപ്തിക്ക് അനുകൂലമായുള്ള രംഗമായി നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്തേക്കു പാളയം നീക്കി.
ഇപ്പോൾ എഞ്ചിനീയർ ഡിപ്പാർട്ടുമെന്റുകാരുടെ സാങ്കേതികവൈദഗ്ദ്ധ്യത്തിന്റെ ലക്ഷ്യമായി ഘോഷിക്കപ്പെടുന്ന കൊല്ലം-തിരുവനന്തപുരം രാജപാത, ദിവാൻ കേശവപിള്ളയാൽ യുദ്ധകാലത്തെ സേനാപാരിവാരാദികളുടെ യാത്രയ്ക്കായി നിർമ്മിക്കപ്പെട്ട നടയ്ക്കാവിനെ സൗകര്യം കുറച്ചും വക്രതകൾകൊണ്ടു വിലക്ഷണീകരിച്ചും ദൈർഘ്യം വർദ്ധിപ്പിച്ചും രാജ്യഭണ്ഡാരത്തെ ദണ്ഡിപ്പിച്ചും തീർത്തിട്ടുള്ള ഒരു പന്ഥാവാണ്. ഈ റോഡിൽ പള്ളിപ്പുറം എന്ന സ്ഥലംമുതൽ വഞ്ചിരാജ്ഞിമാരുടെ തലസ്ഥാനമായ ആറ്റിങ്ങൽവരെ ഇടയ്ക്ക് ഒരു നദിയാലും ഒരു പാടത്താലും മാത്രം വിലംഘിക്കപ്പെട്ടുള്ള ഒരു വനനിരയായിരുന്നു. ഇതിൽ ഒരു ഭാഗത്തു മാർഗ്ഗത്തെ മുറിച്ചു ശശ്വൽജലവാഹിയായുള്ള ഒരു കുല്യാരേഖ കാണ്മാനുണ്ടായിരുന്നു. ഉത്തരദേശോന്മുഖമായി യാത്രചെയ്യുന്ന പാന്ഥന്റെ ദക്ഷിണഭാഗത്തായുള്ള ഈ കുല്യാമുഖം പേക്കരിമ്പുകളാൾ നിബിഡമായി ആവരണംചെയ്യപ്പെട്ടിരുന്നു. ഈ കരിമ്പിൻകൂട്ടത്തിന്റെ ഇരുഭാഗങ്ങളിലും കങ്കണാകൃതിയിൽ സംഘടിക്കുന്ന ഒരു ഭൂപ്രാകാരം വിവിധ വൃക്ഷവർഗ്ഗങ്ങളാൽ കവചിതമായി, അന്തർഭാഗത്തുള്ള ഒരു സരസ്സിനെയും, മനോജ്ഞമായ ശാഡ്വലപ്രദേശത്തെയും പാന്ഥനേത്രങ്ങളിൽനിന്നു ഗോപനംചെയ്തിരുന്നു. മൃഗജാതികളിലെ ക്രൂരവർഗ്ഗങ്ങൾക്കു ഗംഗാതടവും കദളീവനവുമായുള്ള ഈ വിദ്യാധരനഗരത്തിലെ നിർബാധവും വിജനവുമായ ശീതളതളിമങ്ങളിലേക്കാണ് ഗൗണ്ഡൻ തന്റെ പാളയത്തെ മാറ്റിയത്. ശ്രീരാമചാരന്മാരായ വാനരലക്ഷത്തിനു പൈദാഹാദികൾ തീർപ്പാൻ ദൈവഗത്യാ സമ്പ്രാപ്തമായ സ്വയംപ്രഭാരാമത്തിനു തുല്യമായ ഈ പ്രദേശത്തിന്റെ മനോജ്ഞതയും ദിവ്യതയും ഗൗണ്ഡനേത്രത്തിനു ഗോചരമായില്ല. അതിനാൽ അതു തന്റെ ദുഷ്കൃത്യത്തിനായി വ്യഭിചരിപ്പിക്കാൻതന്നെ വസ്തുമാത്രനായുള്ള ആ ബൃഹൽസത്വം വിലമാത്രമായുള്ള തന്റെ ഹൃദയംകൊണ്ടു വിധിച്ചു.
ഈ ഗുഹാവാസത്തിന്റെ സ്വൈരതയെ രക്ഷിപ്പാൻ ഗൗണ്ഡൻ ആ കുല്യാമുഖസ്ഥമായുള്ള ഗോപുരത്തിനിടയിൽ ദ്വാസ്ഥന്മാരെ നിറുത്തിയിരുന്നു. ആ സങ്കേതത്തിൽ സന്ധ്യാധ്യാനകർമ്മമായി മന്ത്രിനിധനകർമ്മത്തെ ആപദ്‌രഹിതമായി സാധിക്കേണ്ട കൗശലങ്ങളെക്കുറിച്ചു പരിചിന്തനംചെയ്ത് ആദ്യയാമത്തിന്റെ അവസാനത്തിൽ എത്താറായപ്പോൾ, നിബിഡങ്ങളായ വൃക്ഷശാഖകളുടെ ഇടയിൽകൂടി രശ്മികൾ കടന്നു ചന്ദ്രപ്രകാശത്തെ പ്രതിഫലിപ്പിച്ച കനകവൃത്തങ്ങൾ ഒരു ഭീമാകാര