ച്ചതും അവളുടെ കണ്ണുകളെ അഞ്ചിച്ചില്ല. മേഘസമുച്ചയം ചില ജലകണങ്ങളെ ഭൂമുഖത്തിൽ പതിപ്പിച്ച അവസ്ഥയ്ക്കും അവൾ ജാഗരൂകയായില്ല.
ആ ശയനമുറിയിൽനിന്നു ബഹിഷ്കൃതയായി എങ്കിലും ആശ്രിതജനത്തിന്റെ ധർമ്മത്തെ പരിരക്ഷിച്ചു, കിട്ടിയേക്കാവുന്ന ശിക്ഷ സഹിച്ചുകൊൾവാൻ സന്നദ്ധയായ കുഞ്ഞിപ്പെണ്ണു സ്വസ്വാമിനിയെ ശാസിച്ചുതുടങ്ങി: "ഇതു കൊള്ളൂല്ല ഇഞ്ഞമ്മ! ഏയരാണ്ടൻ ചൂയിന ഇക്കാലത്താനോ മൊവം കരുപ്പിച്ചോന്റു കെരക്കിണത്? ഇച്ചങ്ങുനിന്നു പരയ്ക്കു പോന്നൂന്നുവെച്ച്-"
സ്വദാസിയുടെ സൂക്ഷ്മഗ്രഹണശക്തി സാവിത്രിയെ അല്പം ഒന്നു തോല്പിച്ചു. ശിക്ഷിപ്പാൻ ഒരുമ്പെടാതെ കേവലം പരിഭവമായി, "ഛേ! പോടീ! വല്ലതും വിചാരിച്ചോണ്ടു നീ ഇനി കൊട്ടിഘോഷിക്കാതെ" എന്ന് ഒരു ആട്ടും ശാസനയും മുക്തമാക്കുക മാത്രം ചെയ്തു.
കുഞ്ഞിപ്പെണ്ണ്: "ഇച്ചങ്ങുന്നിനെ കാണനേങ്കി, ഇവിടത്തെ ഇച്ചേമാന്മാരാരെയെങ്കിലും വലിച്ചോന്റു പെരുവയിവരെ പെയ്യേച്ചു വരാല്ലൊ."
സാവിത്രി പ്രതിജ്ഞചെയ്തിട്ടുള്ളത് വഴിയിൽവച്ചു സന്ദർശനം നല്കാം എന്നല്ല, താനോ തന്റെ ആത്മാവോ അദ്ദേഹത്തെത്തുടർന്നു യുദ്ധരംഗത്ത് എത്തിക്കൊള്ളാം എന്നായിരുന്നു. അതുകൊണ്ട് ആ അറയിൽനിന്നു മറ്റൊന്നും പറവാൻ ഇടയുണ്ടാകാതെ, കുഞ്ഞി ഓടിക്കപ്പെട്ടു. വിരഹപീഡിതയായി, രോഗിണിയായി നിരാലംബയായി കിടക്കുന്ന മാതാവിന്റെ ശുശ്രൂഷണത്തിനും എത്താൻ മോഹിക്കാതെ, നിഗ്രഹചതുരന്മാരുടെ പ്രവർത്തനരംഗത്തിലുള്ള ആപത്തുകളെ സ്വയംവരിക്കുന്ന തന്റെ ഹൃദയം പ്രകൃതിയുടെ ന്യായമായ ഗതി തുടരുന്നില്ല എന്ന് സാവിത്രി ശങ്കിച്ചു. എന്നാൽ അപ്പോഴത്തെ ചിത്തസ്ഥിതിയെയും പടത്തലവൻപോറ്റിയിൽനിന്നു കേട്ടിട്ടുള്ള കഥകളെയും സംയോജിപ്പിച്ചു വിചിന്തനംചെയ്തപ്പോൾ- ഹാ! ജഹജ്ജയി എന്ന അഭിധാനത്തെ വഹിക്കുന്നത് ദൈവാംശമായുള്ള പ്രണയമൂർത്തിതന്നെ ആണെന്ന് അവൾ ഗ്രഹിച്ചു.
അന്നത്തെ നാമജപങ്ങൾ കേവലം അക്ഷരോച്ചാരണവും ഭക്ഷണം ഹസ്തത്തിന്റെ ഒരു നിസ്സാരവ്യായാമവും ആയിക്കഴിഞ്ഞു. ചിന്താവേശത്താൽ പ്രതീപശീലയായിത്തീർന്നിട്ടുള്ള നായികയെ സഹവാസയോഗ്യയല്ലെന്നു ത്യജിച്ചിരിക്കുന്ന നിദ്രദേവി, വ്യാജപരിഭവത്തോടെ ദൂരത്തുവാങ്ങി, ശയനം തുടങ്ങിയ കുഞ്ഞിപ്പെണ്ണിനെ തലോടി ദേഹക്ലമച്ഛേദനം എന്ന കർമ്മത്തെ നിറവേറ്റി. പടിഞ്ഞാറുള്ള വാതിലിനെ ബന്ധിക്കുന്നതിന് ദാസിയെ വിളിച്ച് ആജ്ഞാപിക്കപോലും ചെയ്യാതെ, മഹാവ്രതാനുഷ്ഠകി എന്നപോലെ സാവിത്രി വെറും നിലത്തുതന്നെ ശയിച്ചു. മന്ദഭ്രമണത്തിലോട്ടു ലയിക്കുന്ന ഒരു ചക്രംപോലെ ബുദ്ധി സാവധാനഗതിയിലായി, അവസാനത്തിൽ സ്തബ്ധവൃത്തിയും ആയി. അനന്തരം വികൃതശരീരങ്ങളും കബന്ധനിപാതങ്ങളും അശ്വവാരണങ്ങളുടെ ഭയങ്കരക്ര