ടത്തെ സമുദ്രപ്രാന്തങ്ങളിൽ ഉറപ്പിച്ചിട്ടുള്ള കോട്ടകളെയും രക്ഷിപ്പാൻ നിരന്നു. ഇതു കൂടാതെ, പുള്ളി ഒന്നുക്കു പേർ ഇരുന്നൂറ്. ആക, പീരങ്കി, കുതിരപ്പട ഉൾപ്പെടെ പുള്ളി എഴുപത്തിരണ്ടിൽ; പേർ പതിനായാരത്തിനാനൂറിൽ രാജമന്ദിരാദി പല കേന്ദ്രങ്ങളിലെ രക്ഷയ്ക്കായി നീക്കുപേർ നാലായിരത്തി നാനൂറും പോക ശേഷംപേർ പതിനായിരവും; മുന്നില വരുത്തി ഉൾപ്പെട്ട ചെരുമാനം വക പേർ പന്തീരായിരവും, ഉത്തരദേശങ്ങളിലെ ഓരോ രാജാക്കന്മാർ, പ്രഭുക്കന്മാർ എന്നിവരുടെ അകമ്പടിയായി എത്തിയിട്ടുള്ള യോദ്ധാക്കളും പടത്തലവന്റെയും യജമാനന്മാരുടെയും വരുതികളിലായി നെടുംകോട്ടയും അതുകളോടു ചേർന്നുള്ള കിടങ്ങുകളും രക്ഷിപ്പാൻ ഓരോരോ കൊത്തളസ്ഥാനങ്ങളിൽ പളയങ്ങൾ ഉറപ്പിച്ചു. ഓരോ മണ്ടപത്തുംവാതുക്കലും പടവെട്ടി ചേതപ്പെടുന്നവർക്കു പകരം അണിതികപ്പാൻ വേണ്ടുന്ന ആളുകളെ കളരികൾ ഏർപ്പെടുത്തി പയറ്റുവിദ്യകൾ അഭ്യസിപ്പിച്ചു തുടങ്ങി. സ്ഥലസന്ദർഭങ്ങളെ ആശ്രയിച്ചല്ലാതെ പരമ്പരാരൂഢവും പരമപാവനവുമായുള്ള രാജപ്രജാബന്ധത്തിന്റെ മഹത്ത്വത്താൽ കന്യാകുമാരി മുതൽ പറവൂർ, ആലുവാ, കാലടി, തൊടുപുഴ എന്നീ സ്ഥലങ്ങൾവരെയുള്ള ദിക്കുകളിൽനിന്നും പ്രതിനിമിഷം യുദ്ധപ്പാളയങ്ങളിലേക്കു പ്രവഹിച്ചുകൊണ്ടിരുന്ന സംഭാരസമൃദ്ധി, ആ സേനാപംക്തികൾക്കിടയിലും ഗൂഢസഞ്ചാരം വിദഗ്ദ്ധമായി സാധിച്ചിരുന്ന ചാരന്മാർമുഖേന ധരിച്ച ടിപ്പുവിൽ ഉജ്ജ്വലിച്ചുകൊണ്ടിരുന്ന വിജയാശാകരങ്ങളെ ബിംബസഹിതം വിച്ഛിന്നങ്ങളാക്കി.
തിരുവനന്തപുരം ഗൃഹങ്ങളിൽ മാതൃനേത്രങ്ങൾ, സഹോദരീനേത്രങ്ങൾ, പ്രണയിനീനേത്രങ്ങൾ എന്നീ ജലദമണികൾ അശ്രുജലംകൊണ്ടുള്ള സരസ്സുകളെ സൃഷ്ടിക്കുന്നു. കുടുംബരക്ഷാർത്ഥം പ്രയത്നിക്കേണ്ടവരായ പുരുഷന്മാരുടെ അഭാവത്തിൽ അവലംബശൂന്യരായ ദരിദ്രകുടുംബങ്ങൾ രാജാധികാരത്തിന്റെ രക്ഷാനയത്തെത്തുടരുന്ന ധനികഭവനങ്ങളിൽ അഭയസ്ഥരാകുന്നു. എങ്കിലും കാളിമയോ ശോണിമയോ എന്നു നിർണ്ണയിപ്പാൻ കഴിവില്ലാത്തതായ ഒരു വൈവർണ്ണ്യം നഗരത്തെ ആവരണം ചെയ്യുന്നു. പഥികന്മാർ വർത്തമാനജീവിതത്തോടു കലഹം ദീക്ഷിച്ചെന്നപോലെ, സമീപഭാവിയെ മാത്രം വിഷയമായി സംഭാഷണം ചെയ്യുന്നു. ഗൃഹവർത്തനം സാമാന്യേന രാജ്യസൈന്യത്തിന്റെ വിജയത്തിനായുള്ള ഭഗവൽസേവനം എന്നുള്ള ക്രിയ മാത്രമായി ശേഷിച്ചിരിക്കുന്നു. ശിശുക്കൾ, ബാലന്മാർ എന്നിവർ അച്ഛനമ്മമാർ മുതലായ സമീപവർത്തികൾ അവലംബിക്കുന്ന മുഖക്ലമങ്ങളെ പ്രതിബിംബിക്കുന്ന ദർപ്പണങ്ങളായി വർത്തിക്കുന്നു. വിദ്യാലയങ്ങളിലെ എഴുത്തച്ഛന്മാർ ഷോഡശഖണ്ഡങ്ങളെ ചതുഷ്കോണരൂപത്തിലും കമലബന്ധമായും ലേഖനംചെയ്തു കവടിസ്സഞ്ചിയുമായി കുനിഞ്ഞിരുന്നു സംഖ്യകളെ അംശകിച്ചു പരീക്ഷിച്ചിട്ടും യുദ്ധഫലം സൂക്ഷ്മമായി കിട്ടാതെ ക്ലേശിക്കുന്നു. ഗുരുനാഥന്മാരുടെ ഈ ശ്രമങ്ങൾക്കിടയിൽ അലസതയ്ക്കും ചാപല്യപ്രകടനങ്ങൾക്കും അവസരം കിട്ടുന്ന വിദ്യാർത്ഥികൾ ഏടുകൾ