ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാകുന്നു എന്ന് കണ്ടു, "അങ്ങനെ വരട്ടെ; എല്ലാം ഇനി ക്രമത്തിനു പുറത്തുചാടും" എന്ന് ആത്മഗതം ചെയ്തുകൊണ്ട് ആ തക്കത്തിൽത്തന്നെ ഒരു അപേക്ഷ ചെയ്‌വാൻ ആശാൻ ധൈര്യപ്പെട്ടു. "കുഞ്ഞമ്മ കനിഞ്ഞ് ഒരു വാക്കു ചിലവർത്താൽ, കൊടന്തയ്ക്കു കഞ്ഞിത്തെളി എങ്കിലും ആഹരിച്ചു ജന്മമൊടുക്കാം. ഇപ്പോൾ ദിവാന്ന്യേമാൻതന്നെയാണ് രാജ്യത്തിലെ തമ്പുരാൻ. വിചാരിച്ചാൽ എന്തു നടക്കൂല്ല? ഒരു നീട്ടു തരുവിക്കാനും ഒന്നു കണ്ണടച്ചു തുറന്നാൽ മതി. 'പാഴേ കളയുന്നത് പശുവിൻ വയറ്റിൽ പോകട്ടെ'. കാര്യങ്ങൾ അന്വേഷിക്കാൻ നിങ്ങൾക്കുതന്നെ ഒരാൾ വേണ്ടയോ?

മീനാക്ഷിഅമ്മ: "സാവിത്രീടെ അച്ഛന്റടുക്കൽ പറയൂ. താനിപ്പോൾ അവിടെ വല്യ പ്രമാണിയാണല്ലോ. ആ തമ്പുരാനെ ഇവിടെ കൊണ്ടു ചാടിച്ച്-"

കൊടന്തയാശാൻ ഹസ്തങ്ങളുയർത്തി ഉള്ളംകൈ ചലിപ്പിച്ച് മീനാക്ഷിഅമ്മയുടെ വാക്കുകളെ തടഞ്ഞു: "ഇത് എന്തു കഥ എന്റെ കുഞ്ഞമ്മേ? സാവിത്രിക്കുഞ്ഞിന്റെ കാര്യത്തിൽ നാടുകടത്തലിന് ഇവൻ സഹായിക്കുമോ? 'ആരാന്റെ അപരാധം വാരിയെന്റെ പുരപ്പുറത്ത്' എന്ന് കുഞ്ഞമ്മയും തുടങ്ങരുത്. ഹീ ഹീ! ആ തമ്പുരാൻ എന്തു ഗർവിഷ്ഠൻ? ഹതുമല്ലാണ്ട് കുട്ടിക്കപ്പിത്താൻ! ഇപ്പോൾ എന്തു കൂറ്റനായിരിക്കുന്നു എന്നോ!"

മീനാക്ഷിഅമ്മ: "എന്റെ കൊച്ചാശാനേ! ആ കഥ വിട്ടേക്കൂ. അനർത്ഥങ്ങൾ ഉണ്ടാക്കാൻ-"

കൊടന്തയാശാൻ: "അനർത്ഥങ്ങൾ ഉണ്ടാക്കാനോ? ഇവൻ അതിനൊന്നിനും ആളല്ല. ത്രിവിക്രമകുമാരപിള്ളേടെ തിമിർപ്പു കണ്ട് അല്പായുസ്സിന്റെ ലക്ഷണമോ എന്നു പലരും ശങ്കിച്ചുപോയി."

മീനാക്ഷിഅമ്മ "നാരായണ" എന്നുച്ചരിച്ചുകൊണ്ട് ചെവിപൊത്തി. തന്റെ ആഗ്രഹസിദ്ധിക്കുള്ള പ്രതിബന്ധക്കാർ രണ്ടുപേരെയും കുറിച്ചു മർമ്മസ്പൃക്കുകളായ ന്യൂനതകളുടെ കഥനം അന്യാദൃശവൈദഗ്ദ്ധ്യത്തോടെ സാധിച്ചിരിക്കുന്നുവെന്നുള്ള സ്വാത്മാഭിനന്ദനത്തോടും "ഇഷ്ടാനിഷ്ടങ്ങൾ കിടക്കട്ടെ മർക്കടമുഷ്ടി ജയിക്കട്ടെ" എന്നുള്ള വിജയപ്രദമായ മുഷ്കരശാഠ്യത്തോടും പ്രഥമത്തിലെ പ്രാർത്ഥനയെത്തന്നെ ആവർത്തിപ്പാൻ ആശാൻ ഒരുമ്പെട്ടു.

പാദാഭരണങ്ങളുടെ മധുരക്വണിതങ്ങളോടെ ബാല്യോന്മേഷത്തിന്റെ തരംഗപ്രവാഹമെന്നപോലെ കനകരത്നകമനീയതകളുടെ പ്രഭാപൂരത്തെ ചിതറുന്ന ഒരു കന്യാനർത്തകി തളത്തിൽ പ്രവേശിച്ചു, സ്നേഹപ്രസരത്തിന്റെ ഹിമകരതയാൽ പുളകിതമായ മീനാക്ഷിഅമ്മയുടെ വക്ഷസ്സിൽ ലയിച്ചു. കൊടന്തആശാൻ പുറമെ അഖണ്ഡ്യമായ ബ്രഹ്മചാരിത്വം നടിച്ചു എങ്കിലും, പീഠികയിട്ട പ്രസംഗത്തെ നിറുത്തീട്ട്, അകംകൊണ്ട് ആ രംഗം വിടാനുള്ള ഉപായം ആലോചിച്ചു. സുഖശരീരത്വത്തിന്റെയും നവയൗവനത്തിന്റെയും തിളപ്പുകൊണ്ടുള്ള നിർഭരധാടിയോടെ, ആ കന്യക

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/21&oldid=168050" എന്ന താളിൽനിന്ന് ശേഖരിച്ചത്