മാണല്ലോ എന്നു കൊണ്ടാടി. എങ്കിലും മാംകാവു മഠാധിപതിയായി വാഴ്ചകൊണ്ടിരിക്കുന്ന മാന്ത്രികന്റെ ഉപചാപങ്ങൾ യഥാക്രമം ഫലിക്കയാൽ ആ വധൂവരന്മാരുടെ ദാമ്പത്യം 'മാർജ്ജാരിണീമൂഷികം' എന്നുള്ള വിക്രീഡാരംഭങ്ങളായി കഴിഞ്ഞതേയുള്ളു.
വത്സരം ചിലതു പിന്നെയും കഴിഞ്ഞു. ഒരു സന്ധ്യാഗമനത്തിൽ സമാഗതമാകുന്ന പ്രകൃതിസംരംഭം യഥാശക്യം വിശ്വശുദ്ധീകരണം സാധിച്ചുകൊള്ളട്ടെ എന്നു ചിന്തിച്ച്, കാലപിതാവായ ഭഗവാൻ അസ്തമയാഭയം തേടി. പ്രചണ്ഡമാരുതൻ മഹാവൃക്ഷങ്ങളെ നിഷ്കൃപം തകർത്ത് ഭൂമുഖപ്രണാമം ചെയ്യിച്ചു. ഇന്ദ്രവാഹനനിചയത്തിന്റെ കടുരവപടലികൾ വിശ്വകടാഹത്തിൽ അത്യുഗ്രമായി പ്രതിധ്വനിച്ചു. ലോകാന്തപ്രളയത്തിന്റെ സാഹസം എന്നപോലെ പെരുമഴ കുംഭീന്ദ്രകോടികളുടെ ആരവകലാപത്തോടെ ഭൂമിയെ ജലതലമാക്കി. നദീഗതിയുടെ അതിഗംഭീരാരവം മാരിപ്രവാഹത്തിന്റെ ഭയാനകതയെ സന്ദർഭസാഹ്യമായി പ്രവൃദ്ധമാക്കി. അവസ്തുകസ്ഥിതിയിലെ ഏക മൂർത്തിയായുള്ള അഭേദ്യതിമിരം പ്രപഞ്ചഗ്രസനകർമ്മത്തെ അനുഷ്ഠിച്ചു. ആകാശഖഡ്ഗം അത്ഭുതഭ്രമണത്തോടെ അനുനിമിഷം ജ്വാലാഹാലസ്ഫുരണം ചെയ്തിട്ടു പൊലിഞ്ഞു.
ഇങ്ങനെയുള്ള വിശ്വക്ഷോഭത്തിനിടയിൽ, മാധവീകാന്തനായ സാധുദ്വിജൻ നദിയുടെ മറുകരയിൽ അകപ്പെട്ട് സ്വകളത്രത്തെ ഏകാകിനിയാക്കി. ഭവനത്തിലെ ഭൃത്യഗണം ശൈക്യംകൊണ്ടു ത്രസിക്കുന്ന ശരീരങ്ങളോടെ, തങ്ങൾ തങ്ങൾക്കു കിട്ടിയ അറകളിലും പാചകശാലയിലും ഒതുങ്ങി നിദ്രാകംബളത്തിൽ ആമഗ്നരായി. അവിടുത്തെ ജനനീയുഗ്മം ഗൃഹരക്ഷകൾ ചെയ്തിട്ടു ഭർത്തൃപാദങ്ങളുടെയും നിദ്രാപദവിയുടെയും സേവനം തുടങ്ങി. മഠവാസിയായ മാന്ത്രികൻ നിർമ്മന്ത്രകമായുള്ള ഹോമസമാരാധനം കഴിച്ച്, തന്റെ ഇംഗിതാനുകൂലമായ അവസരലബ്ധി ആ രാത്രിയിൽ സമാഗതമായിരിക്കുന്നു എങ്കിലും, ആസുരലോഭികളായ സ്ത്രീകളുടെ ഗോപനശക്തി നിമിത്തം ആ ഭവനത്തിലെ നിധിഗർത്തസ്ഥാനം ഗ്രഹിക്കാൻ സാധിപ്പിക്കാത്ത തന്റെ പോരാഴികയെക്കുറിച്ചു ക്ലേശിച്ചു ധൂമാശനം തുടങ്ങി.
അനവധി കാമുകസാധുക്കളെ ശൃംഖലാബന്ധനം ചെയ്തിട്ടുള്ള അവിടുത്തെ ആ ജരാസന്ധയോ, അന്നത്തെ പ്രകൃതികോപത്തിലും തന്റെ മണിയറയ്ക്കുള്ളിൽനിന്നു സ്വാംഗസൗഷ്ഠവത്തെക്കുറിച്ചു വിസ്മയിച്ച്, സ്വകാന്തവിരഹത്തെ പരിഹരിപ്പാൻ നിയമം കവിഞ്ഞുള്ള ഭൂഷണങ്ങൾ അണിഞ്ഞ്, മഞ്ചത്തിൽ ആരോഹണംചെയ്തു മദനമണ്ഡലത്തിന്റെ മഹാരാജ്ഞിത്വത്തിനുള്ള മഹിമയെ ചിന്തിച്ചു ചാഞ്ചാടുന്നതേയുള്ളു. ലോകഭാരം വഹിച്ചിട്ടില്ലാത്ത ആ ലളിതമനസ്വിനി പ്രകൃതിസംരംഭത്തെയും ജീവിതമഹാകാവ്യത്തിലെ ഒരു സരളസർഗ്ഗമായി പരിഗണിക്കുന്നതേയുള്ളു. പാവനത എന്നുള്ള ധർമ്മം ഭാഗ്യജീവിതത്തിൽ അനുവർത്തിക്കുവാൻ നിർബ്ബന്ധിതമല്ലെന്നും സ്വേച്ഛാപ്രമാണം ഒന്നു മാത്ര