ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മദമൂർച്ഛയിൽ ഭീതരായ പ്രവാസാർത്ഥികളുടെ ഒരു ദ്രുതപ്രവാഹം വീണ്ടും തിരുവിതാംകൂറിലോട്ടുണ്ടായി. കോട്ടമുക്കു മുതൽ നെടുംകൊട്ടയുടെ കിഴക്കറുതിവരെയും ആലുവാപ്പുഴയുടെ ഇരുഭാഗപ്രദേശങ്ങളിലും മന്ത്രിയുടെ സന്നാഹകാര്യപരിപടിപ്രകാരം ഉചിതസ്ഥാനങ്ങളിൽ പീരങ്കികൾ ഉറപ്പിച്ചു സ്ഥാപിക്കപ്പെട്ടിട്ടുള്ള പാളയങ്ങൾ നിറതോക്കുകളോടെ ആഹവരസത്തെ ആസ്വദിപ്പാൻ വർദ്ധിതോഷ്മളങ്ങളായി. രക്ഷാസജ്ജങ്ങളായ സകല സ്ഥാപനങ്ങളെയും പരിക്ഷിപ്പാൻ ദിവാൻജി ഓരോ കേന്ദ്രത്തിലും ജിതേന്ദ്രിയവീര്യത്തോടെ സഞ്ചരിച്ചു, പല നവോപായാനുഷ്ഠാനങ്ങളെയും ഉപദേശിച്ച്, വിജയവിശ്വാസോത്സാങ്ങളെ ബഹുജനങ്ങളിലും മൃതിപ്രതിജ്ഞന്മാരായുള്ള അശ്വസാദിപദാത്യാദി സംഘങ്ങളിലും തഴപ്പിച്ചു. ആഹാരനിദ്രാവിശ്രമാദികളിലും, ക്ലേശസഹിഷ്ണതയിലും സ്ഥാനപ്രാധാന്യത്തെ ഗണിക്കാതെ സന്ദർഭാവശ്യമായ ദാസ്യത്തെ അനുവർത്തിക്കുന്നതിലുള്ള സന്നദ്ധതയാൽ, അദ്ദേഹം രാജസേനാനിത്വത്തെ അഭിനവഭാർഗ്ഗവനായിത്തന്നെ പരിപാലിച്ചു.

ആ ബഹുലസന്നാഹം സംബന്ധിച്ചുള്ള ഒരു നിർവ്വഹണശാഖയിലോട്ടുമാത്രം അദ്ദേഹത്തിന്റെ പരിശോധനോപദേശങ്ങൾ പ്രയുക്തമാകുന്നില്ല. കിഴക്കേനന്തിയത്ത് കേശവനുണ്ണിത്താന്റെ ഭരണശാഖയിൽ അക്ഷയപാത്രം, മൃതസഞ്ജീവനി മുതലായ ദിവ്യസിദ്ധിപ്രയോഗങ്ങളാൽ കാര്യങ്ങൾ നിർവ്വഹിതമായി 'ധർമ്മരാജാ'ഭിധാനം സാർത്ഥമാകുന്നു എന്നുള്ള സർവ്വജനസമ്മതി ദിവാൻജിയെ പരിപൂർണ്ണതൃപ്തനാക്കി. ഒരു സാഹിത്യപണ്ഡിതന്റെ ഗാംഭീര്യംകൊണ്ടും രണ്ടിൽക്കൂടുതൽ സ്ഥലത്തെ പ്രഭുസ്ഥാനംകൊണ്ടും സ്വഭാവത്തിന്റെ സമഗ്രവൈശിഷ്ട്യംകൊണ്ടും സാമാന്യജനങ്ങളോട് ഇടഞ്ഞുള്ള സഹവാസത്തിൽ പരിചയപ്പെട്ടിട്ടില്ലാത്ത കേശവനുണ്ണിത്താൻ സേനാപംക്തികളിലെ തോട്ടി, പുല്ലുവെട്ടി, പക്കാളി എന്നിവരെപ്പോലും പ്രേക്ഷകലോകത്തിന് അത്ഭുതവും അത്യാദരവും തോന്നിക്കുമാറ് ദാസനായി പരിചരണം ചെയ്യുന്നു. ഗ്രന്ഥസഖന്മാർ മൃദുശിരസ്ക്കന്മാരാണെന്ന് സാമാന്യലോകം പ്രമാദിച്ചുപോകുന്നു. എന്നാൽ സ്വാശ്രമപ്രശാന്തതയോടു പക്ഷപാതികളായ അവർ ജീവിതാപഗയുടെ ആവർത്തങ്ങളിൽ നീന്തിക്കളിയാടാൻ പ്രവേശിക്കുന്നതിനു സമുത്സുകരാകുന്നില്ലെങ്കിലും അവരുടെ ആത്മപ്രഭാവത്തിന്റെ ദിവ്യതയും അമൂല്യതയും സന്ദർഭോപലത്തിൽ ഘർഷണം ചെയ്യുമ്പോൾ, തീക്ഷ്ണദ്യുതിയോടെ പ്രകാശിക്കുന്നു. ദിവാൻജി കേശവനുണ്ണീത്താനെ വരുത്താതെയും അദ്ദേഹം ദിവാൻജിയോടുള്ള ആഭിമുഖ്യസംഭാഷണങ്ങൾക്ക് ആകാംക്ഷിക്കാതെയും ദിവസം നാലഞ്ചു കഴിഞ്ഞു.

കിഴക്കേ നന്തിയത്തെ വിവാഹം തന്റെ വാഗ്ദാനം അനുസരിച്ചു വിഘാതപ്പെട്ടു എന്നു കൊട്ടാരകാര്യക്കാരരുടെ ലേഖനം കിട്ടി ദിവാൻജി സന്തോഷിച്ചുകൊണ്ടിരുന്നു. എന്നാൽ പ്രത്യേകാശ്രിതനും സ്വകാര്യമിത്രവും ആയുള്ള ആ ഉദ്യോഗസ്ഥനിൽനിന്നു പ്രസ്തുത ദിവസാരംഭ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/217&oldid=168058" എന്ന താളിൽനിന്ന് ശേഖരിച്ചത്