ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദിവാൻജി: "എന്തു കഥയാണിത്‌? അവനോന്റെ മഹത്ത്വം എങ്കിലും മറക്കാതെ സംസാരിക്കുക."

ഉണ്ണിത്താൻ: "എന്റെ മഹത്ത്വമോ? അതിനെ അങ്ങേ മഹത്ത്വം ചാമ്പലാക്കിയില്ലേ? അകം നീറുന്നതെങ്ങനെയെന്ന് അങ്ങറിയുന്നോ? ഈ നീറ്റൽ എവിടെയുണ്ടാകേണ്ടത്? മനുഷ്യർ മൃഗപ്രായമായിപ്പോകുന്നല്ലോ. ഇവന്റെ ദുഃഖം കണ്ട് അങ്ങു പക്ഷേ, രസിക്കുന്നായിരിക്കാം. മനുഷ്യഗുണത്തിന്റെ ഛായയെങ്കിലും ഉള്ളിൽ തട്ടീട്ടുണ്ടെങ്കിൽ അങ്ങ് ഇപ്പോൾ വാവിട്ടു നിലവിളിക്കേണ്ടവനല്ലേ? ഞാൻ എന്തസംബന്ധം പുലമ്പുന്നു! "സ്നേഹം" എന്നത് ഈ ഐശ്വര്യഭ്രമക്കാര് - ധനം കുമിച്ചു പരാക്രമസ്തംഭം നാട്ടുന്നവര് - കണ്ടതോ കേട്ടതോ? നിങ്ങൾക്കെന്താ? കണ്ടവൾ പെറ്റവനെ ചാകിച്ചു ജയം നേടി, തിരുമുമ്പിൽ ചെല്ലുമ്പോൾ രണ്ടു കൈയിൽ വീരശൃംഖലയും കരമൊഴിവായി പന്തിരുക്കാതം ദേശവാഴ്ചയും വാങ്ങരുതോ? കണ്ടവളെ വഞ്ചിച്ച്, അവടെ പേരും മനഃസുഖവും നശിപ്പിച്ചു, രോഗം പിടിപ്പിച്ചു, കുരുകുരുത്തംകെട്ട പെണ്ണിനെ വേണ്ടാസനങ്ങളും അഭ്യസിപ്പിച്ചു - പെണ്ണുങ്ങളല്ലേ? ഉദ്യോഗപ്രതാപക്കാർ മക്കളെ ലാളിപ്പാൻ പുറപ്പെട്ടാൽ കൊക്കിയില്ലാക്കൂട്ടം പഞ്ഞിപ്പാവകള് കൂത്താടിപ്പോവൂല്ലേ? അവറ്റയെകൊണ്ടു ദ്രോഹങ്ങൾ പ്രവർത്തിപ്പിച്ചതിനുള്ള ശിക്ഷ ഇതെല്ലാം അങ്ങ് എവിടെയേൾക്കുന്നു? മറ്റുള്ളവർ ഭ്രാന്തുപിടിച്ച് ഇളകിയാടുന്നതു കാണാൻ ബഹുരസംതന്നെയല്ലേ?"

ദിവാൻജി: "ദൈവം വ്യസനിപ്പിക്കുന്ന അങ്ങയോട് ഞാൻ ഇപ്പോൾ വിശേഷിച്ചൊന്നും പറയുന്നില്ല. മകളെ അന്വേഷിക്കേണ്ട ഭാരം അങ്ങേയ്ക്കാണ്."

ഉണ്ണിത്താൻ: "രസം! നല്ല ലക്ഷണംതന്നെ ഉപദേശം! ഇവന്റെ മകളാണ് ആ കുട്ടിയെങ്കിൽ ഈ തൂണൻ ഇങ്ങോട്ടു വരുമോ? ഇങ്ങനെ അടങ്ങിനില്ക്കുമോ? ഉപദേശിക്കുന്നത് അനുഷ്ഠിക്കേണ്ടവനായ അങ്ങ് ഇതാ കാര്യം ഭരിക്കുന്ന സുമന്ത്രരായി, ഞെളിഞ്ഞുനിന്നു സമാധാനങ്ങൾ പറയുന്നു, ഉപദേശങ്ങൾ തരുന്നു. തലയിൽ ഭീമന്റെ ഗദ ഏറ്റുപോയാൽ എങ്ങനെ ബുദ്ധിക്കു വെളിവുണ്ടാകും? ഞാനിതേ പോകുന്നു. കടുംപോരല്ലേ വരുന്നത്? അതിൽ മുന്നിട്ടുനിന്നു നിർവൃതി നേടിക്കൊള്ളാം."

ദിവാൻജി: "അങ്ങനെയല്ല. ഇപ്പോഴത്തെ പണിയിൽനിന്ന് അങ്ങേ പിരിച്ചിരിക്കുന്നു. ക്ഷണം വീട്ടിൽ പോയി അച്ഛന്റെയും ഭർത്താവിന്റെയും ധർമ്മങ്ങൾ അനുഷ്ഠിക്കുക."

ഉണ്ണിത്താൻ: (അത്യുച്ചത്തിൽ ഓരോ അക്ഷരത്തിനും ശബ്ദോർജ്ജിതം വരുത്തി) "അവിടുന്ന് അനുഷ്ഠിക്കുക - കണ്ടവനെ ജളനാക്കുന്നത് അവിടെ നില്ക്കട്ടെ."

ദിവാൻജി: "ശുദ്ധഗതിക്കാർക്കും ദ്രോഹം പറയുന്നതിന് ഒരു അതിരൊക്കെ വേണം."

ഉണ്ണിത്താൻ: "ഇതാ, ഇതാ - ധർമ്മപദ്ധതികൾക്ക് അങ്ങ് മനുവാകണ്ട. ഈ ഭയങ്കരശത്രുവിന്റെ ആക്രമണംതന്നെ അങ്ങേ ദോഷംകൊണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/223&oldid=168065" എന്ന താളിൽനിന്ന് ശേഖരിച്ചത്