തീർന്നിരിക്കുന്നതായി ദിവാൻജി കണ്ടു. ആദ്യത്തെ നിശ്ചയം അനുസരിച്ച് ആ കുമാരനെ തല്ക്കാലത്തേക്ക് ആ രംഗത്തിൽനിന്നു നിഷ്ക്രമിപ്പിക്കുക തന്റെ സ്വൈരത്തിനും ആ കാര്യത്തിനുള്ള അനന്തരാന്വേഷണങ്ങൾക്കും പര്യാപ്തമെന്നു കരുതി ദിവാൻജി മീനാക്ഷിഅമ്മയുടെ ശരീരസ്ഥിതിയും പെരിഞ്ചക്കോട്ടുഭവനത്തിലെ പരമാർത്ഥാവസ്ഥകളും ആരാഞ്ഞുവരുവാനുള്ള ദൂതനായി. കുഞ്ചൈക്കുട്ടിപ്പിള്ളയുടെ മേൽവിലാസത്തിൽ എഴുതിയിട്ടുള്ള ചില ലേഖനങ്ങളോടുകൂടി ത്രിവിക്രമകുമാരനെ നിയോഗിച്ചു.
ഒന്നുരണ്ട് അശ്വപംക്തിക്കാർ ഒന്നിച്ചു നമ്മുടെ കുതിരപ്പടക്കപ്പിത്താൻ യാത്ര ആരംഭിച്ചു. പാളയം കഴിയുന്നതുവരെ അനുയാത്രാസേവനം ചെയ്തു നടന്നുകൊണ്ടിരുന്ന അഴകൻപിള്ളയോടൊന്നിച്ചു സാവധാനയാത്രചെയ്ത് ഒട്ടുദൂരം ചെന്നപ്പോൾ, ഭടജനങ്ങളുടെ ഒരു വലയത്തെയും അതിന്റെ മദ്ധ്യത്തിൽ ഒരു പ്രാസംഗികനെയും കണ്ടു. യാത്രാസംഘത്തിന്റെ വരവിനെ പ്രസംഗത്തിൽ ആമഗ്നന്മാരായിരുന്നവരും പ്രാസംഗികന്റെ സൂക്ഷിപ്പുകാരും ആയിരുന്ന ഭടജനം ഗ്രഹിച്ചില്ല.
ഉണ്ണിത്താൻ ഗുരുവിന്റെ അഴിച്ചിട്ട ഉടുമുണ്ടു നെഞ്ചുചുറ്റി ധരിച്ചും ഉത്തരീയത്തെ ശിരോവലയമാക്കി നാഗരികരസികമുദ്രയായി ചരിച്ചുവച്ചും എന്തോ സാമാനം നിക്ഷേപിച്ചു വച്ചിരുന്ന ഒരു പെട്ടിയിന്മേൽ ആരോഹണംചെയ്തു. കൊടന്തയാശാൻ മേഘനാദവാചാലത്വം പ്രയോഗിച്ചു തന്റെ ആശായ്മവീര്യത്തെ ശ്രോതാക്കളെ ധരിപ്പിക്കുകയായിരുന്നു. "അടുത്ത തളത്തിൽ ആരുടെയോ ജനനത്തിൽ ഒന്നുമഴച്ചില്ലേ? അതിന്മണ്ണം ഒരു ചാറല്. അതുകൊണ്ട് ഉറക്കം ഹങ്ങനെ കൊണ്ടുപിടിച്ചിരുന്നു. എങ്കിലും ഉണ്ണുന്നതു ചോറല്ലേ? ചുമതലക്കാരന്റെ ഇതുമല്ലേ? ഞെട്ടി ഉണർന്നു പോയി. ആശാനേ, നിങ്ങളുടെ ഉണ്ണിത്താനെജമാനൻ ഏൾപ്പിച്ചിരുന്ന സൂക്ഷിപ്പ്, അമാന്തത്തിലാക്കിക്കൂടുമോ? ചെവികൊടുത്തപ്പോൾ - എന്താത്? ചില തകർപ്പ്, അല്ലാ - വെറും തകർപ്പല്ല. വാതിലു തുറക്കുന്നു, ചിലർ ചാടുന്നു. ചിലരോടുന്നു. ഹെയ്! കൊല്ലുന്നെങ്കിൽ കൊല്ലട്ടെ, ചാക്കൊരിക്കാലല്ലേ ഉള്ളു? 'മരണമൊരുവനും വരാത്തതല്ലെ'ന്നു നമ്മുടെ നമ്പ്യാരാശാൻ ചരതമായി പറഞ്ഞിട്ടില്ലേ? ആ പെണ്ണ് - തിരുവഷളു ചാടിക്കടന്നു പോവുകയാണെന്നു തീർച്ചയായി. ജളജന്തു! അതിന്റെ ശീലം നമുക്കു നിശ്ചയമല്ലേ? നേർവഴിക്കു പഠിപ്പിക്കാതെ, ഇപ്പോൾ വ്യസനിച്ചോണ്ടു ദിവാനെജമാനന്റെ അടുത്തോടിയാൽ ഫലമെന്ത്? നമ്മേ - ഈ പാവത്താനെ - ഇട്ടുറാത്തമിടുകയായിരുന്നു. ആ ദേവയാനിയാട്ടം ഒന്നും ഈ കചനോടു ഫലിച്ചില്ലെന്നുവെക്കിന്. പിന്നത്തെക്കഥയല്ലേ രസം! എന്തു പറയുന്നു! ഒരമ്പതറുപതാള്. എല്ലാം കാലാന്തകന്മാര്. വീടുനന്ത്യേത്തെ വകയല്ലേ? വാളിനും മറ്റും കുഴപ്പമില്ല. രണ്ടെണ്ണം കൈയിലാക്കി. തറവാട്ടാലുള്ള ആശായ്മ, അതു ചില്ലറയോ? വിട്ടുകളഞ്ഞാൽ പോരായ്മയുമല്ലേ? ആ കൂട്ടത്തിനിടയിൽ, കാലാന്തകന്മാരാകട്ടെ ത്രികാലാന്തകന്മാരാകട്ടെ - കാണണോ നിങ്ങൾക്ക്? ആരെങ്കിലും