സൂക്ഷിച്ചു, കാര്യദൃക്കായും സ്വൈരാഭിലാഷിയായും വർത്തിക്കുന്ന ഒരു പ്രമാണിയായിരുന്നു. അതിനാൽ കാമീനീകാമുകന്മാരുടെ സന്ദർശനങ്ങളും, ലോകഗതി സംബന്ധിച്ചുള്ള പ്രശ്നോത്തരങ്ങളും കല്ലറയ്ക്കൽ ഭവനത്തിന്റെ ഐശ്വര്യഭൂയിഷ്ഠമായ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും പ്രഖ്യാപനങ്ങളുംകൊണ്ട് ആ അനുകൂലസന്ദർഭത്തിൽപ്പെട്ട ദിവസങ്ങൾ ഒന്നൊന്നായി ഗ്രന്ഥവരിച്ചാർത്തലിന് ഉപയോഗകരമാകാതെ കഴിഞ്ഞുകൂടി.
ഭർത്താവിന്റെ പരമാർത്ഥത്തെ ചാക്ഷുഷവിദ്യയാൽ എന്നപോലെയും യാത്രോദ്ദേശ്യങ്ങളെ അനുമാനത്താലും ഗ്രഹിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ പ്രത്യാഗമനം താമസിക്കുന്നതുകൊണ്ട് ലക്ഷ്മിഅമ്മയുടെ മനസ്സ് ഒരു ആഹുതികുണ്ഡംതന്നെ ആയിത്തീർന്നു. അവരുടെ കളേബരപുഷ്ടിയും കനകപ്രഭയും അഭിന്നമായി വിലസിക്കൊണ്ടിരിക്കുന്ന സുപ്രശാന്തസന്തുഷ്ടിയും ക്ഷയിച്ചു. രാജപാദങ്ങളുടെ വിജയത്തിന് ജന്മനാ അഗ്നിഹോത്രിത്വത്തെ വരിച്ചിരുന്ന ആ സാധ്വി ഭർത്താവിന്റെ ഉന്മത്തപ്രവർത്തനങ്ങൾ എന്തെങ്കിലും ദിവ്യഹസ്തത്തിന്റെ കൃപാമഹിമയാൽ അവസാനിപ്പിക്കപ്പെട്ടു കാണുവാൻതന്നെ പ്രാർത്ഥിച്ചുപോയി.
ഒരു ഗൃഹസംഭാഷണത്തിൽ ഹൈദരുടെ സന്താനമായുള്ള ടിപ്പു ഉത്തരരാജ്യങ്ങളെ തരണംചെയ്തു തിരുവിതാംകൂറിനെ ആക്രമിപ്പാൻ സന്നദ്ധനാകുന്നു എന്നും അതിനെ നിരോധിപ്പാൻ രാജസേന നിയുക്തമായിരിക്കുന്നു എന്നുമുള്ള സംഭവകഥനങ്ങൾകൊണ്ട് കല്ലറയ്ക്കൽപിള്ള തന്റെ ലോകകാര്യഗ്രഹണത്തിന്റെ വൈപുല്യത്തെ പ്രദർശിപ്പിച്ചു. ലക്ഷ്മിഅമ്മയുടെ സ്മൃതികൾ യൗവനാരംഭത്തിലേക്കു പാഞ്ഞു; ഉള്ളിലെ അഗ്നികുണ്ഡം ദാവാനലശക്തിയോടെ പ്രജ്വലിച്ചു. അകാരണമായുള്ള ദുശ്ശകുനശങ്കയാണെങ്കിലും തന്നെ സൗഭാഗ്യവതിയും അനുക്ഷണം നിസ്തുലഭാഗ്യദോഷിയും ആക്കിയ കർമ്മങ്ങൾ സംഭവിച്ച കാലത്തിൽ, സ്മരണീയമാംവിധത്തിൽ നിരവധികങ്ങളായ ഗൃഹരാജ്യക്ഷോഭങ്ങൾ ഉണ്ടാക്കിത്തീർത്തതായ ആസുരാക്രമണം വർത്തമാനകാലത്തിലും ആവർത്തിതമാകുന്നു എന്നു കേട്ടപ്പോൾ, അന്നത്തെ ദുരിതാനുഭവങ്ങളുടെ നിപാതം ഒന്നുകൂടി ഉണ്ടായേക്കുമോ എന്നു ശങ്കിച്ചു, അവർ സംഭാഷണവേദിയിൽനിന്നു പിൻവാങ്ങി. ധർമ്മങ്ങളുടെ ആധാരമൂർത്തിയെന്നു വിശ്രുതപ്പെട്ടിരിക്കുന്ന രാജസ്ഥാനത്തിന് വിജയം സന്നിഗ്ദ്ധത്തിലല്ലെന്നും തന്നിമിത്തം ദ്രോഹസംഘക്കാർ ശിക്ഷാഖഡ്ഗങ്ങളാൽ വിച്ഛിന്നരാകുമെന്നും ആ ഭഗവതീസേവിനിയുടെ ഹൃദയചക്ഷുസ്സുകൾ യഥാർത്ഥവൽ ദർശിച്ചു. അങ്ങനെയാകുമ്പോൾ, താനും പുത്രിയും നിരാലംബകൾ ആയേക്കാമെന്ന് അവർ ക്ലേശിച്ചു. എന്നാൽ സർവ്വരക്ഷാശക്തികളെയും ആ ചെറുഗൃഹത്തിന്റെ പടിവാതുക്കൽ തങ്ങളുടെ ആജ്ഞാപ്രതീക്ഷകരായി കാത്തുനിർത്താനുള്ള മഹാശക്തിയെ വഹിക്കുന്ന ഭണ്ഡാരത്തിന്റെ താക്കോൽ ഭർത്താവിന്റെ കൃപാ