ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധോരണിയാൽ തന്റെ സൂക്ഷിപ്പിൽ നിക്ഷിപ്തമായിട്ടുണ്ടെന്നു സ്മരിച്ചപ്പോൾ, ആ സ്ത്രീയുടെ ആന്തരാഗ്നിശിഖ ഒന്നു കീഴ്പോട്ടമർന്നു. കല്ലറയ്ക്കൽപിള്ളയുടെ സ്ഥിതിയെയും യോഗ്യതകളെയും അന്നു ഭർത്താവു പ്രശംസിക്കുകയാണു ചെയ്തത്. തങ്ങൾക്കു ജീവധാരണം നിർവ്വഹിപ്പാൻ ദത്തമായ ധനത്തെ അദ്ദേഹത്തിന്റെ സൂക്ഷിപ്പിൽ ഏല്പിച്ചുകൊള്ളെണമെന്നാണ് അവസാനാജ്ഞയെന്നും അവർ സ്മരിച്ചു. തങ്ങളുടെ സമ്പൽസ്ഥിതികളുടെ പരമാർത്ഥം യഥാസന്ദർഭം ധരിപ്പിച്ചുകൊള്ളാമെന്നു നിശ്ചയിച്ചുകൊണ്ട് അനന്തര കലാപങ്ങൾക്കും പക്ഷേ, സംഭവിച്ചേക്കാവുന്ന ദുഷ്പരിണാമങ്ങൾക്കും കാത്തിരിക്കാതെ ദേവകിയെ ഉടനെതന്നെ ആ ഗൃഹസ്ഥനോടു സംഘടിപ്പിക്കാൻതന്നെ ആ സാധ്വി ഉറച്ചു. അഭയകേന്ദ്രലബ്ധിക്കുള്ള ഗാഢേച്ഛ ഇങ്ങനെ മൂർച്ഛയിലായപ്പോൾ ലക്ഷ്മിഅമ്മ കല്ലറയ്ക്കൽപിള്ളയുടെ പ്രധാന ഭൃത്യനും അഴകൻപിള്ള തുടങ്ങിയ അഷ്ടാവക്രചതുഷ്കത്തിലെ ജ്യേഷ്ഠനുമായ മല്ലൻപിള്ളയെ ഉചിതമായുള്ള കൗശലപ്രയോഗങ്ങളാൽ തന്റെ ഇംഗിതനിർവ്വഹണത്തിനുള്ള സൂത്രധാരനാക്കി.

രണ്ടു ദിവസം കഴിയുന്നതിനു മുമ്പുതന്നെ കല്ലറയ്ക്കൽപിള്ള ക്ഷൗരാഭിലാഷിയായി. സ്വരജകന്റെ ഔദാസീന്യങ്ങൾ ശിക്ഷിക്കപ്പെട്ടു. ത്വക് പ്രഭാസാഹായ്യമായ അഭ്യംഗത്തിന്റെ വിനിയോഗത്തിൽ അദ്ദേഹം ഉദാരമതിയായി. അദ്ദേഹത്തിന്റെ പ്രച്ഛന്നപരിണയമോഹം പ്രകാശനിലയിൽ ആയപ്പോൾ അനംഗവിദ്യാലയത്തിലെ അഭ്യസനചര്യയെ തരണംചെയ്തതുപോലുള്ള ഒരു രസികമോടിയും അദ്ദേഹത്തിൽ പ്രത്യക്ഷീഭവിച്ചു. സൂത്രധാരനായ മല്ലൻപിള്ള തന്റെ യജമാനൻ, "നാലു കാര്യം അറിഞ്ഞ പിള്ളതന്നെ" എന്നുള്ള പ്രശംസാപത്രത്തെ ലേഖനം ചെയ്‌വാൻ സന്നദ്ധനായി, വിവാഹദിവസം നിശ്ചയിച്ചുകൊള്ളുവാൻ ലക്ഷ്മിഅമ്മയോടു ഗുണദോഷിച്ചു.

ഇതരന്മാർക്ക് അപ്രാപ്യമായിരുന്ന ആ സ്വയംപ്രഭാരാമം കല്ലറയ്ക്കൽപിള്ളയ്ക്കു പ്രാകാരശൂന്യമായുള്ള സഞ്ചാരോദ്യാനം ആയിത്തീർന്നു. ലക്ഷ്മിഅമ്മ പുത്രിയുടെ സഞ്ചാരസ്ഥലങ്ങളായിരുന്ന തളത്തിലും അങ്കണത്തിലും കാമോദ്ദീപകമായുള്ള വിജനതയെ സംഘടിപ്പിക്കുമാറ്, ഗൃഹകാര്യഭാരങ്ങളാൽ എന്ന നാട്യത്തിൽ പാചകശാലാദ്ധ്യക്ഷ്യം വഹിച്ചു കാലയാപനം ചെയ്തു. ആ ബാണാസുരമന്ദിരം കാമിനീകാമുകസല്ലാപങ്ങൾക്കുള്ള നിർജ്ജനവാടിയായിത്തീർന്നപ്പോൾ കന്യകയുടെ ആത്മവിധാനത്തിന്റെ മർമ്മനാളത്തിൽ ലീനങ്ങളായുള്ള ധർമ്മാദർശ'ശങ്ക'കൾ ഉൽഫുല്ലങ്ങളായി. കാമുകന്റെ വേഷാഢംബരവും നവമായ ഭാഷാമൃദ്വീകതയും കൗമാരമാരത്വം നടിച്ചുള്ള അംഗവിക്ഷേപങ്ങളും ആ രൗദ്രസങ്കേതത്തിൽ അനുവദനീയങ്ങളോ എന്ന പ്രശ്നം പ്രകൃതിശിക്ഷിതയായ ആ അദ്ധ്യയിനിയുടെ ഹൃദയത്തിൽ അങ്കുരിച്ചു. രാഗാവേശത്താൽ മധുരഭാഷണത്തിനു പ്രേരിതനായ കല്ലറയ്ക്കൽപിള്ള "എന്റെ തങ്കക്കുടമേ!" എന്ന് സംബുദ്ധിമൗക്തികത്തെ പ്രക്ഷേപിച്ചപ്പോൾ പ്രിയ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/230&oldid=168073" എന്ന താളിൽനിന്ന് ശേഖരിച്ചത്