തോക്കോ വാളോ എന്തെല്ലാമോ കെട്ടിയിട്ടോണ്ടു 'ധടപടാ'ന്നു ചാടി എറങ്ങി ചുട്ടൂടാനോ കരിച്ചൂടാനോ ഒക്കെ ചൊല്ലുണാര്."
ലക്ഷ്മിഅമ്മ (ആർത്തസ്വരത്തിൽ): "അദ്ദേഹത്തെ തിരക്കിവരുന്നവരാണ്. എന്റെ പിള്ളേ! ഞങ്ങൾക്കു വേറൊരു സഹായവുമില്ല. എന്തുവന്നാലും അദ്ദേഹത്തെ താങ്ങിനില്ക്കണം."
കല്ലറയ്ക്കൽപിള്ള നെഞ്ചുതടവി ചിന്താപരവശനായി നിന്നു. രാജശക്തിയാൽ നിയുക്തന്മാരായ വീരഭദ്രന്മാർ രണ്ടാമതും പെരിഞ്ചക്കോട് ആക്രമിക്കുന്നെങ്കിൽ സംഹാരവിധി കല്പിക്കപ്പെട്ടിരിക്കണം എന്നുചിന്തിച്ച് അദ്ദേഹം ജഡമാത്രനായിത്തീർന്നു. ദേവകിയോടുള്ള തന്റെ കാമുകബന്ധവൃത്താന്തം രാജസന്നിധിയിൽ എത്തി, വല്ല വിശ്വാസ്യതാലവവും തന്റെ പ്രജാസ്ഥാനത്തിനുണ്ടായിരുന്നെങ്കിൽത്തന്നെ അതിനെയും നഷ്ടമാക്കിയിരിക്കാമെന്നും അദ്ദേഹം ഖേദിച്ചു. 'എന്തായാലും പ്രധാന ഭവനത്തിലോട്ടു ചെല്ലുക' എന്നു നിശ്ചയിച്ചുകൊണ്ട് അദ്ദേഹം അങ്ങോട്ടു തിരിച്ചു. ആ സന്ദർഭത്തിലെ അനുഷ്ഠേയവിധങ്ങളെക്കുറിച്ചു കേവലം ശിശുപ്രായവിജ്ഞാനവതി ആയ ദേവകി മുറ്റത്തോട്ടു ചാടി, തന്റെ കന്യകാത്വത്തെ വിസ്മരിച്ച്, കല്ലറയ്ക്കൽപിള്ളയുടെ കൈക്കുപിടിച്ചു നിറുത്തിയിട്ട്, സവീര്യയായി ഇങ്ങനെ ഒരു ബോധനാസ്ത്രം പയോഗിച്ചു: "ഇതാ കേൾക്കണേ. ഞാൻ കാട്ടുജന്തു. കാര്യങ്ങൾ അറിഞ്ഞുകൂടാത്ത സാധു. എങ്കിലും ഒന്നു പറയുന്നു. അച്ഛനെ ആവതും രക്ഷിച്ചുകൊണ്ടില്ലെങ്കിൽ ഇങ്ങനെ ഒരു പെണ്ണുണ്ടെന്ന് അവിടുന്നു വിചാരിക്കണ്ട. ഇവിടുന്ന് എനിക്കു ജീവനായി; എങ്കിലും അമ്മയെ ചാകാതെ രക്ഷിച്ചതും എനിക്കു ജീവൻ തന്നതുമായ ആ പുണ്യവാൻ ഞങ്ങൾക്കു ദൈവം." ഇങ്ങനെ ഉഗ്രവീര്യത്തോടെ ധർമ്മാഖ്യാനം ചെയ്യുന്ന കന്യകയും താനും തമ്മിലുള്ള അന്തരത്തെ ചിന്തിച്ച് കല്ലറയ്ക്കൽപിള്ള കേവലം മൂകനെന്നപോലെ ശിരോവിക്ഷേപണങ്ങളാൽ ആജ്ഞാസ്വീകാരം അഭിനയിച്ചു നടകൊണ്ടു.
ദേവകി മാതൃസമീപത്തോട്ട് അണഞ്ഞ് നിയമപ്രകാരം അവരുടെ വക്ഷസ്സോടു ചേരാതെ, അച്ഛൻ നിമിത്തം നേരിട്ടേക്കാവുന്ന ആപത്തിന്റെ യഥാർത്ഥ പരിമാണം ഗ്രഹിപ്പാൻ തന്റെ പൂർവ്വചരിത്രത്തെക്കുറിച്ചു കാര്യാന്വേഷണങ്ങൾ തുടങ്ങി: "എന്തെല്ലാമാണമ്മേ? പരമാർത്ഥം പറയണം. നാം എവിടത്തുകാർ? എന്തു ജാതി? ഏതു കുലം? ഇവിടെ എങ്ങനെ വന്നു? എന്തു സംഗതിവശാൽ അങ്ങേവീട്ടിൽപോലും ചെല്ലാൻ സമ്മതിക്കാതെ ഇവിടെ കെട്ടിപ്പൂട്ടി വളർത്തുന്നു? അച്ഛനും ഇന്നു പേരുപറഞ്ഞ ആ മഹാഘാതകനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? അമ്മയും കല്ലറയ്ക്കൽ അദ്ദേഹവും ഇത്ര നടുങ്ങുന്നതെന്തിന്? നമുക്കു മേലേടത്തു ഗതിയെന്ത്?"
ലക്ഷ്മിഅമ്മ: "മേലേടത്തേക്കു രാജകന്യകയായിക്കഴിയാൻ അച്ഛൻ നിന്നെ സമ്പന്നയാക്കീട്ടുണ്ട്. അതുകൊണ്ടു നീ ഒന്നും ചിന്തിക്കേണ്ട."