ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാണ്ഡാലബന്ധു എന്നുംമറ്റും അപഹസിക്കപ്പെട്ട പുണ്യശ്ലോകന്റെ വാത്സല്യധോരണിയെ ചിന്തിച്ചു കന്യക ആപാദമസ്തകം വിറച്ചു പൊട്ടിക്കരഞ്ഞു. ബന്ധിച്ചിരുന്ന കേശം ആ ദേഹക്ഷീണത്താലുണ്ടായ ചാഞ്ചാട്ടത്തിൽ ഉലഞ്ഞഴിഞ്ഞു ദേവീവിഗ്രഹങ്ങളെ താങ്ങുന്ന 'പ്രഭ' എന്നപോലെ ലംബമാനമായി. ശോകാരുണിമയാൽ ആ കായസുവർണ്ണത വൈദ്യുതദ്യുതിയെത്തന്നെ അവലംബിച്ചു. അശ്രുപൂർണ്ണമായുള്ള നേത്രങ്ങൾ വികസിച്ചു നീലോല്പലപ്രഭയെന്നുള്ള കവിസങ്കല്പത്തെ അനുഭാവ്യമാക്കി. ശോകസങ്കലിതമായ ക്ഷീണോക്തികൾ വൈകുണ്ഠവാസിയുടെ യോഗനിദ്രയെ ഭംഗപ്പെടുത്താതെ പ്രയോഗിക്കപ്പെടുന്ന ശ്രീനാരദന്റെ വീണാലാപമൃദുമധുരിമയെയും വിജയിച്ചു. പുത്രിയുടെ നിർബ്ബന്ധം മഹാവിപത്തിന്റെ കവാടഭേദനകർമ്മമെന്ന് ലക്ഷ്മിഅമ്മ ശങ്കിച്ചു സ്തബ്ധചിത്തയായി അല്പനേരം നിന്നു. പുത്രിയുടെ കായമനസ്സുകൾ തരളങ്ങളായി, അവൾ വിശ്വക്ഷോഭജനകമായുള്ള സൗന്ദര്യകാന്തിപൂരത്തോടെ നിലകൊണ്ടപ്പോൾ സ്വപുത്രിയുടെ കാമുകനും ആശക്തിത്രയീജ്യോതിസ്സും തമ്മിലുള്ള ഭൂസ്വർഗ്ഗവ്യത്യാസത്തെ ചിന്തിച്ചു മാതാവിന്റെ മനസ്സു കലങ്ങി. ഗത്യന്തരമില്ലാത്ത അവസ്ഥകളിൽ കുടുങ്ങിപ്പോകുമ്പോൾ വീരകേസരികളും നിഷ്പൗരുഷകീടങ്ങളായിത്തീരുന്നു. ഏതദ്വിധമായുള്ള അണുമാത്രാവസ്ഥയിൽ എത്തുന്ന സ്ത്രീകളുടെ നിരാലംബബോധം അവരെ എങ്ങനെ വ്യാകുലപ്പെടുത്തുന്നു എന്നുള്ളത് ഊഹ്യമത്രേ. ലക്ഷ്മിഅമ്മ ജഗൽസ്ഥിതികളുടെ അസ്ഥിരതയെപ്പറ്റി പ്രസംഗിച്ചിട്ട് തങ്ങൾക്കു കല്ലറയ്ക്കൽപിള്ളയെ ഒരു അഭയപ്രദനായി കിട്ടിയിരിക്കുന്ന ഭാഗ്യം സുഖൈശ്വര്യപൂർണ്ണമായ ഭാവിയെ സുദൃഢമാക്കുന്നു എന്നു പ്രസ്താവിച്ച് പുത്രിയുടെ മനഃക്ലമത്തെ വിച്ഛേദിപ്പാൻ യത്നിച്ചു. എന്നാൽ സ്വജന്മഹേതുകനെന്നു വിശ്വസിക്കപ്പെടുന്ന വീരകേസരിയെ ആവരണംചെയ്തിരിക്കുന്ന ആ സൗന്ദര്യവല്ലിയുടെ ദേഹി ആ മാതാവിന്റെ സാന്ത്വനങ്ങളെ ശ്രവണം ചെയ്തില്ല. കാര്യപ്രതീക്ഷകിയായുള്ള മാതാവും ഗ്രാമീണകാമുകനായുള്ള കല്ലറയ്ക്കൽപിള്ളയും ചരിക്കുന്ന നികൃഷ്ടവലയത്തിൽനിന്ന് എത്രയോ അത്യുന്നതമായുള്ള ഒരു ദിവ്യമണ്ഡലത്തിൽ ആ കന്യകയുടെ അന്തഃകായം വിശ്വരക്ഷാമൂർത്തിയുടെ പാദപ്രാർത്ഥനയിൽ ലീനമായിരുന്നു.

മതിൽക്കെട്ടിന്റെ കിഴക്കേ ദ്വാരപ്രദേശത്ത് ഒരു സംഭാഷണം കേട്ടുതുടങ്ങി.

അന്യൻ: "ഇവിടെ ഇല്ലല്ലോ. പിന്നെ എന്തിന് അങ്ങോട്ടു കേറുന്നു?"

കല്ലറയ്ക്കൽപിള്ള: "അങ്ങതും ഇങ്ങതും വീട്ടുകാരു തമ്മിൽ ഉള്ളിരിപ്പു വിട്ടു പേശുമ്പം അതിപ്പിന്നെ എന്തരു മായങ്ങള്? ദിവാൻജിയജമാനൻ പിള്ളയ്ക്ക് അമ്മാവൻ; നമുക്കു പോറ്റി. കല്പനപ്പടി തെരയുമ്പം ഒളിപ്പോരാര്, ചിതപ്പോരാര്? തിരുവാണപ്പടിയാണെ, അങ്ങേരു തിരുവനന്തപുരത്തോട്ടു പോയതിപ്പിന്നെ ഇങ്ങോട്ടു തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/237&oldid=168080" എന്ന താളിൽനിന്ന് ശേഖരിച്ചത്