ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്രിവിക്രമൻ തന്റെ ശിരസ്സുകൊണ്ട് കുഞ്ചൈക്കുട്ടിപ്പിള്ളയുടെ വക്ഷസ്സിൽ ചില സ്നേഹതാഡനങ്ങൾ ഏല്പിച്ചു.

കുഞ്ചൈക്കുട്ടിപ്പിള്ള: "അപ്പോൾ, ക്ഷീണിക്കാനും വ്യസനിക്കാനും ഒന്നുമില്ലെന്ന് ദിവാൻജിയജമാനൻ ഉത്തരവായില്ലേ? ഭവിഷ്യൽസംഭവങ്ങൾ എന്നെത്തൊട്ടുകിടക്കെ കാട്ടാനുള്ള ശ്രീകൃഷ്ണവൈഭവം എനിക്കില്ല. എന്റെ ദേഹത്തിൽ കടന്നു കണ്ണുകൾവഴിയെ നോക്കിയാൽ ഞാൻ കാണുന്നതു കുട്ടനും കാണാം. മീനാക്ഷിഅമ്മയെ ആശ്വസിപ്പില്ലില്ലേ?"

ത്രിവിക്രമൻ: "അതു മറ്റൊരു മഹാകഷ്ടം! സത്യസ്വരൂപൻ എന്ന ഈശ്വരൻ തന്റെ വാഴ്ചയെ വല്ല കലിക്കും ഇക്കാലത്തു വിട്ടുകൊടുത്തിരിക്കുന്നോ?"

കുഞ്ചൈക്കുട്ടിപ്പിള്ള: "പോരാളികൾക്ക് ഇങ്ങനെയുള്ള ചോദ്യങ്ങൾ ചെയ്‌വാൻ അവകാശമില്ല. ആയുധങ്ങൾ വച്ചിട്ടു രുദ്രാക്ഷം കശക്കുന്ന കാലത്തു ഭഗവൽഗതിയെക്കുറിച്ച് ആത്മക്ലേശം ചെയ്തുകൊള്ളു. അതുവരെ പൗരുഷവും പ്രണയവുംകൊണ്ട് അന്തഃപോഷണം സാധിക്കൂ. ആകട്ടെ, ഞാൻ ഒരു രഹസ്യം ചോദിക്കട്ടെ. ആ കുട്ടി എന്റെ കുട്ടനോട് എന്തെങ്കിലും പ്രതിജ്ഞചെയ്തിട്ടുണ്ടോ?"

ത്രിവിക്രമൻ: "കുട്ടിക്കാലം മുതൽക്ക് എന്റേതായി. ഇപ്പോൾ ഞാൻ പ്രാണൻ ഉപേക്ഷിക്കേണ്ട സ്ഥിതിയിൽ-"

കാര്യക്കാർ: "ഛേ! ഛേ! പ്രാണനെ അവനവന്റെ ഇഷ്ടംപോലെ ഉപേക്ഷിക്കുക സാധിക്കുമെന്നു ഭ്രമിക്കുന്നോ? മനുഷ്യരെ ബാധിക്കുന്ന ഒരു പരമജളത്വമാണത്. അതുപോട്ടെ, വിശ്വസിച്ചെന്തെങ്കിലും പ്രതിജ്ഞചെയ്തിട്ടുണ്ടോ എന്നാണു ഞാൻ ചോദിക്കുന്നത്."

ത്രിവിക്രമൻ: "പടക്കളത്തിലും അവളുടെ ആത്മാവ് എന്റെ കൂടെയുണ്ടായിരിക്കുമെന്ന് ഒരു വാക്കു പറഞ്ഞിട്ടുണ്ട്."

കുഞ്ചൈക്കുട്ടിപ്പിള്ളയുടെ ശരീരം പുളകിതമാകുന്നു എന്ന് ത്രിവിക്രമകുമാരൻ അറിഞ്ഞു. ഈ പരമാർത്ഥം തന്നെക്കൊണ്ടു വചിപ്പിച്ച ആ സിദ്ധൻ എന്തോ സൂക്ഷ്മത്തെ ദർശിക്കുന്നു എന്ന് ആ കുമാരന് അനുഭൂതമായി. "അമ്മാവാ, പറയണം. സ്വർഗ്ഗം തകർത്തും ഞാൻ അവളെക്കൊണ്ടുവരാം" എന്ന് അശ്രുധാരാവർഷത്തോടുള്ള ആ അനുരാഗവാന്റെ പ്രാർത്ഥനയ്ക്ക് കുഞ്ചൈക്കുട്ടിപ്പിള്ള ഇങ്ങനെ മറുപടി പറഞ്ഞു: "ദൈവഗതിയുടെ രഹസ്യങ്ങൾ ചിന്തിച്ച് ആശ്ചര്യപ്പെടുകയാണ്. ആ കുട്ടിയെക്കൊണ്ട് കുട്ടൻ പറഞ്ഞ പ്രതിജ്ഞചെയ്യിച്ച ശക്തിക്കു മുമ്പിൽ പ്രണമിക്കൂ. ആ ശക്തിതന്നെ നിങ്ങളെ വീണ്ടും സംയോജിപ്പിക്കട്ടെ പൊയ്ക്കൊള്ളൂ. തിരുവുള്ളം നിങ്ങളെ പൂർണ്ണമായി അനുഗ്രഹിക്കുന്നു. പെരിഞ്ചക്കോട്ടു പോയി എന്തെങ്കിലും പിണയ്ക്കൂ. അച്ഛനെ കാണൂ. ഒട്ടും താമസിക്കാതെ യുദ്ധരംഗത്തിലേക്കു മടങ്ങു. ദിവാൻജിയജമാന്റെ ജീവരക്ഷ സാധിക്കുന്നവൻ രാജ്യത്തിന്റെ പരമോപകാരി എന്നുമാത്രം അറിഞ്ഞുകൊണ്ടു കുഞ്ചൈക്കുട്ടിയുടെ അനുഗ്രഹത്തെ സ്വീകരിക്കൂ."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/252&oldid=168097" എന്ന താളിൽനിന്ന് ശേഖരിച്ചത്