ത്തന്നെ ദർശിച്ചുപോകുന്നു. അന്ധകാരപടലമാകുന്ന യവനികാരക്ഷയെ ഭേദിച്ചു ശത്രുശൂലങ്ങൾ നിപാതം ചെയ്തേക്കുമോ എന്ന് അവർ അമ്പരന്നു നോക്കിപ്പോകുന്നു. ആ വിഷമയാത്രയാൽ പീഡിതരായ ഭടജനം തങ്ങളെ ആവരണംചെയ്യുന്ന ഭയാനകതയെ ശപിച്ചുതുടങ്ങിയപ്പോൾ, അതുവരെയും ധമനിക്ഷോഭം ബാധിക്കാത്ത കാര്യക്കാരുടെ ഒരു അർദ്ധാക്ഷരധ്വനി അവരെ നിലകൊള്ളിക്കുന്നു.
കാര്യക്കാരുടെ പാദങ്ങളിൽ വസ്ത്രകവചിതമായ ഒരു സത്വം തടയുന്നു. അദ്ദേഹത്തിന്റെ കർണ്ണങ്ങളിൽ പതിച്ച 'മാംകാമ്മാൾ' എന്ന പദം അഗാധമായുള്ള ഒരു ചിന്താഹ്രദത്തിലോട്ട് അദ്ദേഹത്തെ അവഗാഹനം ചെയ്യിച്ചിരുന്നു; ഈ ചിന്തയ്ക്കിടയിലുണ്ടായ ഗതിനിരോധനം വീരമാന്ത്രികനായുള്ള ആ നിസ്തുല യോദ്ധാവിന്റെ ശ്വാസോച്ഛ്വാസത്തെത്തന്നെ പൊടുന്നനെ നിലകൊള്ളിക്കുന്നു. ഗിരിനിപാതത്തിലും സ്ഥിരപാദാവലംബിയായിരിക്കുന്ന കാര്യക്കാർ സ്തബ്ധവൃത്തിയായി നില്ക്കുകയാൽ അദ്ദേഹത്തിന്റെ ഭടജനം ആ അന്ധകാരനിബിഡതയ്ക്കിടയിൽ സ്ഥാണുസ്ഥിതിയെത്തന്നെ അവലംബിക്കുന്നു. കാര്യക്കാർ പാദത്താലും വാളുറയാലും പുരോഭാഗഭൂമിയെ പരിശോധിക്കുമ്പോൾ, ആദ്യത്തിൽ ഗതിനിരോധനം ചെയ്തതുപോലുള്ള ശവശരീരങ്ങൾ തനിക്കു സ്വാഗതം അരുളുന്നതായി ഒരു അന്തർബോധം ഉണരുന്നു.
പരാജയക്ലമത്താൽ പീഡിപ്പിക്കപ്പെട്ടിട്ടില്ലാത്ത കാര്യക്കാർ തന്റെ ജീവിതനിയന്ത്രണം ചെയ്യുന്ന ഗ്രഹങ്ങളുടെ ദുര്യോഗത്തെ ചിന്തിച്ച് ഒരു നവജന്മാരംഭത്തെ ദർശിച്ചു. തന്നാൽ ഗൗണ്ഡനെ സൂക്ഷിച്ചുകൊളളുവാൻ നിയോഗിക്കപ്പെട്ട രക്ഷിജനങ്ങളുടെ ശവശരീരങ്ങൾ ഓരോന്നും തന്റെ പൗരുഷത്തെ ധർഷണം ചെയ്യുന്നു എന്ന് അദ്ദേഹം അന്തരാത്മനാ സംവദിച്ചു. തന്റെ ഗൂഢാലോചനയെ ഏതോ വിദഗ്ദ്ധഹസ്തം അപജയത്തിൽ പരിണമിപ്പിച്ചിരിക്കുന്നു എന്ന് അദ്ദേഹം അനുമിച്ചു. എങ്കിലും മുമ്പിൽ കണ്ട മണ്ഡപത്തിലോട്ടു ധൃതഖഡ്ഗനായി ആ രംഗം ശത്രുവ്യൂഹത്താൽ പരിരക്ഷിതമാണെങ്കിൽ അങ്ങനെ ആകട്ടേ എന്നുള്ള വീര്യസമഗ്രതയോടെ പ്രവേശിച്ചു. ബഹിരാകാശത്തിലെ അന്ധകാരം നിബിഡതരമായി ഒരു ബ്രഹമാണ്ഡപരിച എന്നപോലെ അദ്ദേഹത്തിന്റെ ഖഡ്കത്തിന്മേൽ സംഘട്ടനം ചെയ്തു. ശത്രുവ്യൂഹമെന്നല്ല, ഗൗണ്ഡന്റെ ബൃഹത്ഗോളകായം നിർജ്ജീവമായോ സജീവമായോ അവിടെ കാണ്മാനുമില്ല. സ്വബുദ്ധിയെയും ദൂരദർശിത്വത്തെയും തുച്ഛമാക്കിത്തീർത്ത മഹാചാതുര്യത്തെ അഭിമാനനമനം ചെയ്തുകൊണ്ട് ആ പ്രബുദ്ധൻ ഖഡ്ഗമുഷ്ടി മുറുക്കി ശത്രുവിജയത്തിനു സാക്ഷിയായി നിന്ന ആകാശതാരങ്ങളുടെ ധർമ്മവിലംഘനത്തെ ഭർത്സിപ്പാൻ എന്നപോലെ പുറത്തോട്ടിറങ്ങി. ഛത്രവിസ്തൃതിയിലുള്ള ജടയും കണ്ഠംമുതൽ നാഭിയോളം ലംബമാനമായുള്ള മീശയും ജംഘവരെ എത്തുന്ന കൃഷ്ണാംബരങ്ങളും, ഭൂമാനദണ്ഡത്തോളം നീളമുള്ള ഒരു ശൂലവും ധരിച്ചു കാളരാത്രിസഹസ്രങ്ങൾ മൂർത്തീകരിച്ചതുപോലുള്ള ഒരു വിഗ്രഹം ആകാശച്ഛേദിയായി കാര്യ