ഉണ്ണിത്താൻ: "ആ 'മറ്റി'ൽ ഉൾപ്പാടാത്തവർ ഇന്ന് ആരാടാ? പ്രപഞ്ചമല്ലേ ഇത്? ആധാരമൂർത്തികൾതന്നെ മൂന്നല്ലേ? ദേവസംഖ്യയോ മുപ്പത്തുമുക്കോടി."
കൊടന്തആശാൻ: "ഔവ്വേ! ദിവാന്യോമാൻതന്നെ അവറ്റേലുംവെച്ചു മികച്ച ഭാഗ്യപ്പുള്ളി. ഈ പാപത്താന്റെ ഗുരുനാഥൻ അങ്ങോട്ടുമിങ്ങോട്ടും അടിച്ചോണ്ടു നടക്കുന്നതു കാണുമ്പോൾ അകം നീറിപ്പോന്നേ. സ്വാമി ഭഗവാൻ സർവ്വസാക്ഷിതന്നെ രക്ഷത്."
ഉണ്ണിത്താൻ: "ഛ! അക്കഥ കളഞ്ഞേക്ക്. നിന്നെ ശിവലിംഗമായി സൃഷ്ടിച്ചില്ലല്ലോ! നിമ്നോന്നതങ്ങൾ - മനസിസിലായോ? - സൃഷ്ടിയുടെ ഒരു അനിവാര്യാംശമാണ്. സൗന്ദര്യത്തിനും മറ്റും നിദാനം അതുതന്നല്ലേ?"
കൊടന്തആശാൻ: "അതേതെ. എല്ലാരും പല്ലക്കു കേറിയാൽ ചുമക്കാനും വല്ലോരും വേണ്ടയോ? അതുകൊണ്ടു ശരിതന്നെയാന്നേ വചനം-"
ഉണ്ണിത്താൻ: (കഴിയുന്നത്ര കുനിഞ്ഞ്) "എടാ, ആ പെണ്ണിനെ - സാവിത്രിയെ, തമ്പുരാൻതന്നല്ലേ കൊണ്ടുപോയത്?"
അഭിലഷിച്ച സംഭാഷണദ്വാരത്തെ ഉണ്ണിത്താൻതന്നെ തുറക്കുകയാൽ, ആശാൻ തന്റെ തലയൊന്നുയർത്തി, ദന്തസമ്പാതത്താലുണ്ടായിട്ടുള്ള കവിൾത്തടവീർപ്പിന്റെ വേദനയെ കൈത്തലത്താൽ ചികിത്സിച്ചും മറുഭാഗത്തോട്ടു ചുണ്ടുകളെ വക്രിപ്പിച്ചു വിടുർത്തിയും അപഹരണകഥാപ്രസംഗം ആരംഭിച്ചു: "ഗണനാഥാ! ഒന്നും ബോധിപ്പിപ്പാനില്ല. തമ്പുരാൻ നിഷധനളൻ. പോക്രിത്തരത്തിനു വട്ടംകൂട്ടത്തില്ലെന്ന് ഏതു നടയ്ക്കലും സത്യംചെയ്യാം. അവിടത്തെ കാര്യംപിടിത്തക്കാരൻ എന്ന മന്നൻ - അയാന്റെ കയ്യ് ആ കാര്യത്തിൽ കടന്നെന്നു പടിഞ്ഞാറ്റേലെ കുരുട്ടുകണ്ണീം പറയും. നന്തിയത്തുന്ന് ഒരു ജീവപ്രാണി ആവശ്യപ്പെടാണ്ടല്യോ, അങ്ങേര് ഒരു മഞ്ചലും ശേവുകരെയും അയച്ച് എങ്ങോണ്ടോ വച്ചു മുഖം കാണിച്ച് എഴുന്നള്ളിച്ചുട്ടത്! രാത്രി എങ്ങാണ്ടോ കൊണ്ടുപോയി കൈകടത്തിക്കളഞ്ഞില്ലേ എന്നു വേണം ഇനി അറിവാൻ."
ഉണ്ണിത്താൻ ഇതു കേട്ട് അല്പനേരം ചിന്തിച്ചിട്ട്, ആശ്വാസനിശ്വാത്തോടെ ഇങ്ങനെ പറഞ്ഞു: "അബദ്ധക്കൈ ഒന്നും നടന്നിരിക്കല്ല. കാര്യക്കാർ തിരുമുമ്പിൽ ഉത്തരം പറവാനുള്ളവനാണ്. അതു പോട്ടെ, ഒന്നിപ്പോൾ തീർച്ചയല്ലേടാ? അവടെ മുണ്ടുകൊട തോന്നിയ മുഹൂർത്തത്തിൽ ഇന്നിന്നലെ നടത്തീട്ടുണ്ട്. അതിനാണ് ആ വിക്രമനെ അങ്ങോട്ടു പറത്തിയത്. നാം ദീപോത്സവത്തിൽ കഴിയട്ടെ. കെട്ടുപാടിലൊക്കെ നമുക്കെന്തു ബന്ധം? കേശവമതം ഉഗ്രസേന മഹാരാജാവിനും ഹിതമായിരുന്നു."
കൊടന്തആശാൻ: "ഒവ്വെല്ലൊ! അധികാരപ്പാരക്കോല് എന്തും മറിക്കും - മുറിക്കും - മുടിക്കും. ഇക്കാലത്ത് ദിവാൻതിരുവടി ഇട്ടതെല്ലാം ചട്ടം. ചാദിപ്പാനുള്ളവര് -" (കടിഞ്ഞാണിന്റെ അറ്റംകൊണ്ടു തന്റെ തലയിന്മേൽ ഒരു പ്രഹരസമ്മാനത്തെ ഗുരുനാഥഹസ്തം അർപ്പിക്കുന്നു എന്ന