ത്താലുള്ള അത്യാഗ്രഹത്താലായിരുന്നു. സാമാന്യസൃഷ്ടിയായ മനുഷ്യനിൽ ദൈവാംശത്തിന്റെ ആവാസംകൊണ്ടു പരതാപത്തിൽ സഹതാപവും അതിന്റെ പരിഹാരത്തിനുള്ള ശ്രമവും ഉത്പാദിക്കുന്നതാണ്. എന്നാൽ, കാപട്യത്തിലുള്ള അഭ്യസനത്താലും നീചത്വത്തിൽ നിതാന്തവ്യവഹാരി ആവുകയാലും മാധവിഅമ്മയുടെ താരാട്ടുഗാനത്തെയും ആഗതൻ മറന്നുതുടങ്ങി. ടിപ്പുസുൽത്താനായ വ്യാഘ്രത്തിന്റെ നേത്രപ്രപാതമാത്രത്താൽ ധ്വംസിക്കപ്പെടുമെന്നു പേടിച്ചു സ്വന്തം അഭിനിവേശങ്ങളെ തുടർന്നു പ്രവർത്തിപ്പാൻ ആ ദുർദുരാത്മാവ് ധൈര്യപ്പെട്ടില്ല. നിശാരംഭത്തിനു മുമ്പു നദിയുടെ മറുകര കടക്കണമെന്നു പറഞ്ഞുകൊണ്ട് എഴുന്നേറ്റപ്പോൾ, ആ ശരീരത്തിൽ അവശേഷിച്ചിരുന്ന നരത്വശകലം അതിന്റെ ഗുണത്തെ പ്രകാശിപ്പിച്ചു. ചിരകാലമായി പുത്രദർശനം പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന ആ ജനനിയെ പുത്രനോടു സംഘടിപ്പിക്കാമെന്നു സത്യം ചെയ്‌വാൻ അയാൾ അവകാശബോധത്തോടെന്നപോലെ അവരുടെ മൃദുലഹസ്തങ്ങളെ ഗ്രഹിക്കുന്നതിനു ധൈര്യപ്പെട്ടു. വിദ്യുച്ഛക്തിയുടെ ഒരു പ്രവാഹം മാധവിഅമ്മയുടെ ഹസ്തസ്നായുക്കൾമാർഗ്ഗേണ ദ്രുതചലനം ചെയ്ത് അവരുടെ കർണ്ണപുടങ്ങളിൽ ഒരു മധുരക്വണിതം മുഴക്കി. ടിപ്പുസുൽത്താന്റെ കൗശലശകടങ്ങളിൽ ഒന്നിന്റെ ദാരുകനായ ആ വികൃതഹൃദയൻ വല്ലീനൃത്തംചെയ്തു, ആ ഹസ്തങ്ങളെ കണ്ണുകളോടണച്ചുകൊണ്ട് അനന്തരാവസ്ഥകളുടെ ദർശനത്തിനു ശക്തനല്ലാത്ത വിധത്തിൽ ധാവനംചെയ്ത് മാധവിഅമ്മ മൂന്നാം ജനനത്തിന്റെ സൂതിവാതാവേഗത്താൽ എന്നപോലെ, "മാധവാ" എന്നു നിലവിളിച്ചുകൊണ്ട് ഒരു മൃണ്മയകൂടംകണക്കെ കീഴ്പ്പോട്ടമർന്നു.
താൾ:Ramarajabahadoor.djvu/280
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്