ഞ്ഞിട്ടുള്ള, ആ ശിലാകാരനു സന്ദർഭമുണ്ടായില്ല. തന്നിമിത്തം ആ രക്ഷാപുരുഷപ്രതിഷ്ഠയെ ഒരു അഗണനീയസങ്കല്പമായി മാത്രം അയാൾ കണക്കാക്കിയിരുന്നു. കേശവപിള്ളയുടെ മാതാവിനെ അവരുടെ ഗൃഹത്തിൽനിന്നു സ്ത്രീലമ്പടനായ കാരണവരെക്കൊണ്ടു പുറത്താക്കിച്ച മാതുലിയെ, കേശവപിള്ള തന്റെ ഉദ്യോഗജീവിതാരംഭത്തിൽത്തന്നെ അവരുടെ പുത്രനോടൊന്നിച്ചുള്ള ബഹിഷ്കരണംകൊണ്ടു ശിക്ഷിച്ചു. പെരിഞ്ചക്കോടന്റെ അഭിപ്രായപ്രകാരം നീതിവിപ്ലവമായുള്ള ഈ കർമ്മവും രാജാനുമതിയോടെ സംഭവിച്ച ഒന്നെന്ന് അയാൾ പരുഷപ്പെട്ടില്ല. കേശവപിള്ള എന്ന ഏകമൂർത്തിയെ സകുലനാശകാരകനായി വിദ്വേഷിച്ച് അദ്ദേഹത്തിനു തുല്യമായ ഐശ്വര്യത്തെയും പ്രതാപത്തെയും സമ്പാദിപ്പാനും ആ ദ്രോഹകാരിയെ സംഹരിക്കുകയോ അയാളെക്കൊണ്ടു തന്റെ കാൽപണിയിക്കുകയോ ചെയ്‌വാനും മാത്രം, അയാൾ പല പദ്ധതികളും അനുഷ്ഠിച്ചു. അതുകളുടെ ത്യാജ്യഗ്രാഹ്യതകളെ ചിന്തിപ്പാനുള്ള വിവേകം ആ പ്രജ്ഞാകാണ്ഡത്തെ ദൂരവീക്ഷണത്താൽപോലും അനുഗ്രഹിച്ചിട്ടില്ലായിരുന്നു. രാജസിംഹാസനമോ മന്ത്രിമുദ്രകളായ ഖഡ്ഗാംഗുലീയങ്ങളോ ഭരണയജ്ഞത്തിന്റെ ഹവിർഭാഗമോ കൊണ്ടു താൻ ലോകമാന്യനോ മഹാത്മാവോ ആയി ആരാധിതനാകണമെന്ന് അയാൾ മോഹിച്ചതേയില്ല.
മാങ്കാവിൽ എത്തിയ അനുചരൻ പെരിഞ്ചക്കോടനെ ധരിപ്പിച്ചത് ത്രിവിക്രമകുമാരൻ തെക്കൻദിക്കിലേക്കു യാത്രയാരംഭിച്ചിരിക്കുന്നു എന്നായിരുന്നു. മഹാനീചത്വം നിമിത്തം ആ യുവാവിന്റെ നേർക്കു പ്രവർത്തിച്ചുപോയ ദ്രോഹകർമ്മത്തിന്റെ പ്രത്യാഘാതം തന്നെ ശിക്ഷിക്കുമോ എന്നു ഭയപ്പെട്ട് അയാൾ വനപ്രാകാരത്തിന്റെ പുറകിൽ നിറുത്തിയിരുന്ന തന്റെ എതാനും ഭടജനങ്ങളോടൊന്നിച്ച് തിരുവനന്തപുരത്തേക്കു പാഞ്ഞു. ആ ദ്രോഹകർമ്മംമുതൽക്ക് പെരിഞ്ചക്കോടന്റെ ഗന്ധം പിടിച്ച് അയാളുടെ പുറകെ കൊട്ടാരക്കരക്കാര്യക്കാരുടെ ആജ്ഞാനുസാരം ഒരു വിദഗ്ദ്ധനായ വേട്ടയാടി തുടർന്നുകൊണ്ടിരുന്നു. ഏന്നാൽ, മുന്നിലക്കാരൻ കണ്ടശ്ശാര് ഇടയ്ക്കുവച്ചു ഗന്ധം തെറ്റി, വൻകാട്ടിൽ കുടുങ്ങി വലഞ്ഞുപോയി. എങ്കിലും ഒരു വലിയ സംഘത്തോടൊന്നിച്ചു തിരുവിതാംകൂറിന്റെ ഉത്തരപരിധികളിൽ പെരിഞ്ചക്കോടൻ വീണ്ടും സഞ്ചാരം തുടങ്ങിയപ്പോൾ നാട്ടിൽ വിദഗ്ദ്ധനായ കണ്ടശ്ശാർ അദ്ദേഹത്തെ മാങ്കാവിലേക്കും തെക്കോട്ട് കൊട്ടാരക്കരയ്ക്കു കിഴക്കുള്ള വങ്കാടുകൾവരെയും തുടർന്നു വസ്തുതകൾ തന്റെ യജമാനനായ കാര്യക്കാരെ ധരിപ്പിച്ചു.
കുഞ്ചുമായിറ്റിപ്പിള്ള ദക്ഷിണദിക്കിലോട്ടു വീണ്ടും സംക്രമിച്ചപ്പോൾ പറപാണ്ടയുടെ വ്യാപാരങ്ങളും ആ പ്രദേശത്ത് ആനുഷംഗികമായെന്നപോലെ ആവർത്തിച്ചു. കുഞ്ചൈക്കുട്ടിപ്പിള്ളകാര്യക്കാരുടെ അന്തകസ്ഥാനം വഹിപ്പാൻ തിരുവനന്തപുരത്തേക്കു മടങ്ങിയ ഗൗണ്ഡൻ, ബാലിയെ ബന്ധിപ്പാൻ പുറപ്പെട്ട ദശകണ്ഠന്റെ സ്ഥിതിയിൽ താൻതന്നെ ബന്ധനസ്ഥനായി പാണ്ടയുടെ ആഭിചാരശാലയിൽ പ്രവിഷ്ടനായ