പിഴാൻ ഇന്നുപേരാര്? യശ്മി, പിന്നെ, ഇങ്ങോട്ട് ആരോ ഒക്കെ പോന്നെന്ന് അങ്ങ് തിരുവനന്തപുരത്തുവച്ചു പിള്ളരാരോ തെരക്കിയപ്പോ കേട്ടതെന്തര്?"
ലക്ഷ്മിഅമ്മ: "പടവീട്ടിൽ തമ്പിഅദ്ദേഹത്തിന്റെ മകനെ കല്ലറയ്ക്കൽപിള്ള വിളിച്ച് ഇങ്ങോട്ടു കൊണ്ടുവന്നു." ലക്ഷ്മിഅമ്മ പുഞ്ചിരികൊണ്ടു.
പെരിഞ്ചക്കോടൻ: (അന്തസ്സന്തോഷത്തെ ഒളിച്ചുവെച്ചുകൊണ്ട്) "ആ വെള്ളപ്പെന്നിയാനെ ഇങ്ങോട്ടെന്തിനു കേറ്റി?"
"അച്ഛ! അച്ഛാ! എന്നുള്ള ദ്രുതാക്രോശങ്ങളോടെ ദേവകിഅമ്മ രണ്ടുകൈകൾകൊണ്ടും അവളുടെ അച്ഛന്റെ പുഞ്ചിരികൊള്ളുന്ന അധരോഷ്ഠങ്ങളെ പോഷണം ചെയ്തു.
പെരിഞ്ചക്കോടൻ: "കുഞ്ചെലിയും പുഴുക്കലു കാണുമ്പോ കൊറിക്കാൻ നോക്കുമേ! അപ്പടിയാ കാര്യക്കടപ്പ്? (ഭാര്യയോട്) "അയ്യനപ്പിള്ളയെ ഇത്തിരി മാറ്റി നിറുത്തിക്കോ." (പുത്രിയുടെ ശിരസ്സിലും താടിയിലും ഓരോ കൈ കൊടുത്തു മുഖത്തെ ഉയർത്തി നോക്കിക്കൊണ്ട്) "ഇന്നാ പാരു തേവൂ. നിന്റെ ആ വെണ്ണക്കൊടം നാളെ മറ്റാൾ നിന്റെ മുമ്പിക്കൊണ്ടു കുഞ്ചുമായിറ്റി എറക്കിയില്ലെങ്കിൽ-ഛേ!-"
വാചകം പൂർത്തിയാക്കുന്നതിനു വക്താവിന്റെ നാവു വശപ്പെട്ടില്ല. എങ്കിലും ഈ വാഗ്ദാനം ദേവകിയുടെ വ്യസനമേഘത്തെ നീക്കി, അവളുടെ മുഖേന്ദുവിനെ സുപ്രസന്നമാക്കി. ഇതു കണ്ട് പെരിഞ്ചക്കോടൻ സന്തുഷ്ടനായി. "എവന്റെ മന്ത്രവാസം അപ്പം ഇതാ സോഹാന്നല്യോ പറ്റിണത്. കൂമ്പാളപോലെ ഇരുന്ന മുഞ്ഞിയിൽ ചോരനീര് ഓട്ടം തുടങ്ങി. എന്റെ... ഹഹ!... പെറ്റതള്ള കുളിപ്പാട്ടാനും ഊട്ടാനും മാത്രം. മനം പൊരുന്തിയ മണവാളനെ കൊണ്ടരണമെങ്കിൽ തന്തിയാൻ ഒഴയ്ക്കണം" എന്നുള്ള സ്വഗതത്തോടെ പെരിഞ്ചക്കോടൻ തന്റെ അനുചരന്മാരിൽ ചിലരെ വരുത്തി, പടവീട്ടിന്റെ പരിസരങ്ങളിൽ സഞ്ചരിച്ച് ത്രിവിക്രമകുമാരന്റെ പ്രത്യാഗമനമുഹൂർത്തം അതിഗൂഢമായി ആരാഞ്ഞുവരാൻ നിയോഗിച്ചു. തന്റെ ഭടസംഘത്തിൽ ഭൂരിഭാഗവും ടിപ്പുവിന്റെ സേനയോടും സന്ധിപ്പാനായി തിരുവിതാംകൂറിന്റെ ഉത്തരസീമയിലെ ഒരു ദുർഗ്ഗപ്രദേശത്തു പാളയമടിച്ചു കിടക്കുന്നതിനാൽ, തന്റെ തല്ക്കാലത്തെ ബലക്ഷീണതയെ പരിഹരിപ്പാനുള്ള മാർഗ്ഗങ്ങൾ എന്തെന്ന് അയാൾ ആലോചിച്ച് ഇരിപ്പായി. അഗാധമായ ചിന്താവേഗം തന്റെ ഭർത്താവിന്റെ മുഖത്തെ അപ്രകാശമാക്കുന്നതു കണ്ടു അദ്ദേഹത്തിന്റെ മർമ്മപരമാർത്ഥം ഗ്രഹിച്ചിരുന്ന ലക്ഷ്മിഅമ്മ ഇങ്ങനെ ഗുണദോഷിച്ചു: "ഇതേ, ഈ സാഹസങ്ങൾക്കൊന്നും പുറപ്പെടരുത്. അനർത്ഥങ്ങൾ വന്നേക്കും. പണ്ട് താരയുടെ വാക്കു കേൾക്കാതെ യുദ്ധത്തിനു പുറപ്പെട്ട ബാലിക്കു മരണംപറ്റി."
പെരിഞ്ചക്കോടൻ: "എന്റെ ലശ്മീ, എഴവിനും ഒപ്പാരിനും നിനയ്ക്കാതെ, വാലീടെ മണ്ടത്തരംകൊണ്ട് അയാണ്ട മണ്ട വിഴുന്നുപൊയ്യ്. പെരിഞ്ചക്കോടൻ അയാളെപ്പോലെ കണ്ണുംചത്ത്, വല്ല പാംകെണറ്റിലും