ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആ സഞ്ചാരഭൂമിയെ സ്പർശിക്കാതെ രക്ഷിക്കുന്നു. ഒരു ഭാഗത്തെ താഴ്‌വര ഒരു ഗിരിതടമെന്നപോലെ ചരിഞ്ഞു ബഹുദൂരം നീണ്ടുകിടക്കുന്നതിന്റെ രമണീയത, പാന്ഥന്മാരിൽ സരസന്മാരായുള്ളവരുടെ ഹൃദയങ്ങളെക്കൊണ്ടു എത്രത്തോളം പ്രകൃതിസൗന്ദര്യത്തെ പ്രശംസിപ്പിച്ചിട്ടുണ്ടോ, അത്രത്തോളംതന്നെ മറുഭാഗത്തെ പാറക്കൂട്ടങ്ങളും കല്ലമ്പലവും അത്യഗാധനീരാഴിയും അവരുടെ ഹൃദയങ്ങളെ നിസ്സീമമായ ഭയാനകതയാൽ സങ്കോചിപ്പിച്ചിട്ടുണ്ട്. പാണ്ടയുടെ ആസ്ഥാനമണ്ഡപം എന്നു വിശ്വസിക്കപ്പെട്ടിരിക്കുന്ന വഴിയമ്പലത്തിന്റെ മേൽക്കൂടവും ബഹിർഭാഗങ്ങളും പായൽ പതിഞ്ഞു കരിഞ്ഞുള്ള കാർഷ്ണ്യത്താലും അന്തർഭാഗം കരിയും ചുടുകല്ലും ചുണ്ണാമ്പുംകൊണ്ട് ലിഖിതങ്ങളായ പൈശാചരൂപങ്ങളാലും അലംകൃതമായി, ഒരു നരമേധകാളിയുടെ ക്ഷേത്രമെന്നപോലെതന്നെ സ്ഥിതിചെയ്യുന്നു. ആ മണ്ഡപത്തിനു മുമ്പിലുള്ള മുൾക്കള്ളികൾ പാന്ഥന്മാരുടെ പാദങ്ങൾ അങ്ങോട്ടു തിരിയരുതെന്നുള്ള വിജ്ഞാപനങ്ങളായി ആ സങ്കേതാധിപന്റെ ആത്മവിധാനപ്രകാരത്തെ പ്രസിദ്ധീകരിക്കുന്നു. നീരാഴിവാസികളായ മണ്ഡൂകങ്ങൾ വിഹാരോന്മേഷത്തോടെ തങ്ങളുടെ പാലാഴിസുഖത്തെ പലതരം സ്വരങ്ങളിൽ കീർത്തനംചെയ്യുന്നത് അങ്ങോട്ടു നോക്കിപ്പോകുന്ന നിർഭാഗ്യവാന്മാരെക്കൊണ്ടു കർണ്ണങ്ങൾ പൊത്തിച്ചു പലായനംചെയ്യിച്ചുവന്നു. വനജന്തുക്കളും പക്ഷികളും എന്തോ സംരംഭത്തിന്റെ ആരംഭത്തെ അമാനുഷദൃഷ്ട്യാ ദർശിച്ചു പരിസരപ്രദേശത്തെ നിശ്ശബ്ദമാക്കിയിരിക്കുന്നു. ഇതിന്റെ പരമാർത്ഥകാരണം വൃക്ഷശിരസ്സുകളും പാറക്കൂട്ടങ്ങളുടെ മൂർദ്ധാവുകളും ഗ്രഹിക്കുന്നുണ്ടെങ്കിലും പരാക്രമികളായ മഹച്ഛക്തിളുടെ ഉദ്യമരഹസ്യങ്ങൾ സംബന്ധിച്ചു ബദ്ധജിഹ്വതന്നെ ബുദ്ധിപൂർവ്വത എന്നു ചിന്തിച്ചതുപോലെ അവർ ഒരു പത്രത്തിന്റെയോ അശ്മകണത്തിന്റെയോ നിപാതശബ്ദംപോലും പുറപ്പെടുവിക്കാതെ നിലകൊണ്ടുകൊള്ളുന്നു. പാണ്ടയുടെ പ്രത്യാഗമനം പ്രമാണിച്ച് പൂർവ്വദിവസങ്ങളിലെന്നപോലെ പാന്ഥന്മാർ ആ തസ്കരദുർഗ്ഗത്തിന്റെ തരണത്തിനു ധൈര്യപ്പെടാതെ, ആ ദിനാരംഭസംഭവത്തിന് അതിനെ വിവിക്തരംഗമാക്കിവിട്ടിരിക്കുന്നു.

അശ്വങ്ങളുടെ ഖുരനിപാതം തെക്കുനിന്നു കേട്ടുതുടങ്ങുന്നു. ഭൂമുഖത്തെ ധൂളീകരിക്കാനെന്നപോലുള്ള സംഘട്ടനോർജ്ജിതത്തോടെ പായുന്ന ആ ജന്തുക്കൾ പത്മനാഭപുരത്തുനിന്നു ദ്രുതഗമനം തുടങ്ങി. മൂന്നു നാലു നാഴികയുടെ വ്യാപാരാനന്തരം തങ്ങളുടെ ജാതിക്കു സ്വഭാവസിദ്ധമായ ത്വരയെ അവലംബിച്ചുതുടങ്ങിയിരിക്കുന്നു. തന്നിമിത്തം തസ്കരസങ്കേതത്തോട് അടുക്കുംതോറും കുതിരക്കുളമ്പുകളുടെ പതനശബ്ദം അഭംഗുരമായ ഒരു ഘോഷാവലി എന്നപോലെ കേൾക്കുമാറാകുന്നു. അശ്വാരൂഢന്മാരുടെ ഗതിയിൽ ജന്യമാകുന്ന ധൂളിജാലം വൃത്താകൃതിയിൽ പൊങ്ങി അവരുടെ വേഗത്തിനിടിയിൽ സഹഗമനം ചെയ്യാൻ കഴിയാതെ പിന്നിട്ടുപോകുന്ന ഛത്രങ്ങൾപോലെ കാണുമാറാകുന്നു. അശ്വസജ്ജകളുടെ ക്വണിതങ്ങളോടിടചേർന്നു യാത്രാസംഘനേതാ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/289&oldid=168137" എന്ന താളിൽനിന്ന് ശേഖരിച്ചത്