ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാടി എഴുന്നേറ്റ് തന്റെ സഹവിഹാരിക്കു സ്വാഗതം പറവാൻ അച്ഛന്റെ ഗ്രന്ഥശാലയെയും അതിക്രമിച്ച്, കിഴക്കേവശത്തുള്ള സത്കാരത്തളത്തിൽ എത്തി. അവിടെ കണ്ടത് ഒന്നരക്കൊല്ലത്തിനുമുമ്പു യാത്രപറഞ്ഞു പിരിഞ്ഞ കോമളമുഖനായ കുമാരയോദ്ധാവല്ലായിരുന്നു. മുറ്റത്തുനിന്നു സൂര്യകിരണങ്ങളെ സുവർണ്ണപ്രഭമാക്കുന്ന മഹാവക്ഷസ്കന്റെ സന്തോഷച്ചാഞ്ചാട്ടങ്ങളും മഹമ്മദീയരീതിയിൽ ധരിച്ചുള്ള കേശോഷ്ണീഷത്താൽ കവചം ചെയ്തിരിക്കുന്ന ശശാങ്കബിംബത്തിൽനിന്നു പുറപ്പെടുന്ന സുസ്മിതക്കുളിർനിലാവും സാവിത്രിയുടെ അകക്കാമ്പിനെ നവരൂപത്തിലുള്ള ഒരു ചിത്താനന്ദത്തോട് ഇദംപ്രഥമമായി പരിചയപ്പെടുത്തി. ആശ്ചര്യപാരവശ്യത്താൽ സാവിത്രിയുടെ കണ്ണുകൾ പരമാർത്ഥഗ്രഹണത്തിനുള്ള ഭ്രമണങ്ങൾ തുടങ്ങി എങ്കിലും ഹൃദയതളിമത്തിൽ ഹിമജലത്തിന്റെ സേചനാനുഭൂതി ഉണ്ടായി. മുഖപത്മം ആനന്ദസ്തോഭത്താൽ ഉൽഫുല്ലമായി ക്ഷോഭിച്ച് ആഗതന്റെ ഹൃദയത്തിന് അമൃതം കൊണ്ടുള്ള അർഘ്യപൂജയെ നിറവേറ്റി. താൻ കാലേകൂട്ടി സംഭരിച്ചിരുന്ന വിനോദോക്തികളെ ഭൂകമ്പനം ചെയ്‌വാൻ സന്നദ്ധനായി നില്ക്കുന്ന ശ്മശ്രുധാരിയോടു പ്രയോഗിപ്പാൻ ധൈര്യം വരാതെ, സാവിത്രി നിലകൊണ്ടുപോയി. സർവ്വാഭരണഭൂഷിതയായി സ്വനേത്രങ്ങളെ വിഭ്രമിപ്പിക്കുന്ന ദേവകന്യക, തന്നെ സൽക്കരിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന അനവരതോപദ്രവിയായ ബാലികാബിംബം അല്ലെന്നു കാണുകയാലും ആ സൗന്ദര്യപുഞ്ജത്തെ ഉപചരിക്കുന്നതിന് ഇതരസമുചിതവചനം കിട്ടായ്കയാലും ആഗതൻ "അച്ഛനില്ലേ?" എന്നു മാത്രമുള്ള നിശ്ചൈതന്യപ്രശ്നത്തെ ഗൃഹോന്മുഖമായി വിസർജ്ജിച്ചു. സ്നേഹാർദ്രമായുള്ള വിനോദഭാഷണംകൊണ്ട് ആ പുനസ്സംഗമം ആരംഭിക്കുമെന്നു വിചാരിച്ചിരുന്ന സാവിത്രിയെ സാമാന്യലൗകികക്രമത്തിനു ചേർന്നുള്ള ഈ ചോദ്യം കലഹിപ്പിച്ചു. തന്റെ ഹൃദയത്തിൽനിന്നു പ്രസ്രവിപ്പാൻ സഞ്ചയിക്കുന്ന പ്രമോദത്തെ താനും പ്രതിബന്ധിച്ച് ഉള്ളംവിടാതെ പ്രതിസൽക്കാരം ചെയ്‌വാൻ നിശ്ചയിച്ചുകൊണ്ട്, സാവിത്രി "ഇല്ല" എന്നു മാത്രം മറുപടി പറഞ്ഞു. എന്നാൽ ആ സ്ത്രീചിത്തം താരുണ്യത്താലോ പക്ഷേ, കാരുണ്യത്താലോ പ്രേഷ്യമാണമായി. "ഇപ്പോൾ വരും" എന്നൊരു അനുബന്ധത്തെക്കൂടി ആദ്യത്തെ അരുളപ്പാടോടു ചേർത്ത്, തന്റെ ഗൗരവത്തിനു വിലോപം വരുത്തി എന്നുള്ള ബുദ്ധിക്ഷയത്തോടെ നിലകൊണ്ടു. "മന്നവാ ഹോമദ്രവ്യമിവിടെ ഉണ്ടായ്‌വരും" എന്നു ദുഷ്ഷന്തന്റെ അഭീഷ്ടസിദ്ധിക്കുള്ള മാർഗ്ഗത്തെക്കൂടി ചൂണ്ടിക്കൊടുത്ത ശകുന്തളയുടെ കൃത്യത്തെ ഈ സന്ദർഭത്തിൽ സ്മരിച്ച ആഗതൻ മുക്തസന്ദേഹനായി തളത്തിലേക്കു കയറിയപ്പോൾ സാവിത്രിയുടെ ഉള്ളിൽ പുതിയൊരു വികാരമായി ശങ്കയോ ഭയമോ ഭക്തിയോ തള്ളിക്കേറുകയാൽ വഴിയിൽനിന്നു വാങ്ങിനിന്നു, "അമ്മ കിടപ്പുതന്നെ ചേട്ടാ, അങ്ങോട്ടു ചെല്ലണം" എന്നു ക്ഷണിച്ചു വഴികാട്ടിക്കൊടുത്തിട്ടുതന്നെ പുറകേ നടന്നു. മാർത്താണ്ഡൻ വലിയപടവീട്ടിൽ വേലായുധൻതമ്പിയുടെയും ചെമ്പകശ്ശേരിയിൽ കൊച്ച

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/29&oldid=168138" എന്ന താളിൽനിന്ന് ശേഖരിച്ചത്