ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെറുവാണിഭക്കാരും നിറഞ്ഞിരിക്കുന്നെങ്കിലും ഒരു മഹാക്ഷേത്രത്തിലെ നാലമ്പലത്തിലുള്ള പ്രശാന്തതതന്നെ എങ്ങും പ്രചരിക്കുന്നു.

തന്റെ സേനകളെക്കൊണ്ടു വഞ്ചിരാജ്യലക്ഷ്മിയെ വിരൂപീകരിക്കാനുള്ള വൈമനസ്യത്താൽ എന്നു നടിച്ച് ഒന്നുകൂടി സന്ധിപറഞ്ഞു കാര്യങ്ങളൊതുക്കാനായി, ബബ്‌ലപുരം കിരീടപതി ആയ അജിതസിംഹനെ നിയോഗിക്കുന്നു എന്ന പെരുമ്പടപ്പിലെ അധികൃതന്മാർ മുഖേന ദിവാൻജിയെ ടിപ്പുസുൽത്താൻ ധരിപ്പിച്ചതിനാൽ, രക്തപ്രസ്രവം കൂടാതെ കഴിയുന്നെങ്കിൽ ഉത്തമം എന്നും മഹാരാജാവിന്റെ ഹൃദയഗതി അനുസരിച്ച് അപ്പോഴത്തെ ധൂമകേതൂദയം അസ്തമിക്കുമെന്നും കരുതി അവസ്ഥകൾ തിരുമുമ്പിലറിവാൻ എഴുതി അയച്ചു. കല്പനവരുത്തി, വസ്തുത പ്രസിദ്ധീകരിച്ച് രാജപ്രണിധിയെ സല്ക്കരിക്കുന്നതിനായി ദിവാൻജി ഈ ഒരുക്കങ്ങൾ ചെയ്തിട്ടുള്ളതായിരുന്നു. ഉഭയകക്ഷികൾക്കും മദ്ധ്യസ്ഥനായ മാടക്ഷിതീശന്റെ വകയായുള്ള ഭൂമിയിൽവച്ച് ഈ സമാധാനാലോചന നടക്കണമെന്നു ടിപ്പുസുൽത്താൻ വിശേഷിച്ചു താത്പര്യപ്പെടുകയാൽ, ആ സുൽത്താൻറെ തിരുവിതാംകൂർവകയും അല്ലാത്ത ഈ ഭൂമി സന്ദർശനരംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിയുക്തനായ പ്രണിതി ഒരു കിരീടധാരി ആവുകയാൽ, രാജയോഗ്യമായുള്ള സന്നാഹങ്ങൾകൊണ്ട് അദ്ദേഹത്തെ ഉപചരിപ്പാൻ ദിവാൻജി ഉത്തരവുകൾ പുറപ്പെടുവിച്ചു.

വടക്കുപടിഞ്ഞാറുനിന്ന് ഇന്ദ്രവിമാനദർശനത്തിലുണ്ടാകാവുന്ന കോലാഹലത്തോടെ ജനഹർഷാരവം മുഴങ്ങിത്തുടങ്ങി. മഹമ്മദീയഭേരികളുടെയും മുരളികളുടെയും മൃദുധ്വനികൾ ആകാശസ്പന്ദികളായി സൽക്കാരമന്ദിരവാസികളെ ഗന്ധർവ്വഗീതമെന്നപോലെ താരാട്ടി. ആഗതനാകുന്ന രാജസ്ഥാനികന്റെ യാനത്തിന് അകമ്പടിസേവിപ്പാൻ നിയോഗിക്കപ്പെട്ടിരുന്ന അടുത്തൊരു 'സ്വരൂപം' വക പള്ളിഓടത്തിന്റെ തലയ്ക്കൽ നാട്ടീട്ടുള്ള കൊടികൾ, അതുകളിലെ ശംഖുമുദ്രകളെ വിശദപ്രകാശമാക്കി എതിരേൽപ്പുസംഘക്കാരെ ഉജാർപ്പെടുത്തുന്നു. ആ വാഹനത്തിലെ നാഗസ്വരവും ബോട്ടുകാരുടെ പാട്ടുകളും പന്തയക്കാരെ അവരുടെ ഉത്സാഹങ്ങളിൽനിന്നു വിരമിപ്പിച്ചു, 'തെയ്‌തെയ്' പിടിപ്പിനു സമുദ്യുക്തരാക്കി പാർശ്വഗമനം ചെയ്യിക്കുന്നു. ബന്ധുരാജസ്വമായുള്ള ഒരു ബോട്ടിന്റെ കൊമ്പിൽ നിൽക്കുന്ന ആയുധപാണികളുടെ ശോണാംബരങ്ങൾ ആകാശവീഥിയെ വിദ്യോതമാനമാക്കുന്നു. ബോട്ടുകാരുടെ നിശ്ശബ്ദതയും നിർമ്മത്സരവും സശ്രദ്ധവും ആയുള്ള പ്രവർത്തനവും തണ്ടുകൾ ഒത്തുവീണു മുൻഭാഗപ്പടികളോടു ചേർന്നു നില്ക്കുന്ന സേവകജനങ്ങളെ സ്നാനം ചെയ്യിക്കാതെ പൊങ്ങുന്ന കൃത്യതയും സ്ഥാനപതിയുടെയും അദ്ദേഹത്തിന്റെ സൽക്കാരകനായ ദിവാൻജിയുടെയും സ്ഥാനഗരിമകളെ ഉദീരണം ചെയ്യുന്നു. ബബ്‌ലേശ്വരന്റെ ബോട്ട് കടവിലോട്ടടുക്കുംതോറും നദീപാർശ്വങ്ങളിലെ കെട്ടുവള്ളങ്ങളിലും വഞ്ചികളിലും ഉള്ള കാണികളുടെ ഇടയിൽനിന്ന് ചില കുപ്പായങ്ങളും വാർക്കെട്ടുകളും ആയുധത്തലകളും ആ ഘോഷയാത്രയെ സോപചാരം സമാരാധിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/298&oldid=168147" എന്ന താളിൽനിന്ന് ശേഖരിച്ചത്