ല്ലല്ലോ! തങ്ങളുടെ ബുദ്ധി കാണുന്നത് സ്വാമിസമക്ഷം ഉണർത്തിപ്പാനല്ലേ മന്ത്രിമാര്? രാജാക്കന്മാർ വാശിപിടിച്ചു രാജ്യങ്ങൾ നശിപ്പിക്കുന്നത് നമുക്കു സുഖമെന്നോ?"
ദിവാൻജി: "ഞങ്ങൾ 'രേ രേ' വിളിച്ചും പട വട്ടംകൂട്ടിയും പുറപ്പെട്ടിട്ടില്ല. മലകളും ആഴങ്ങളും കടന്ന് അങ്ങോട്ട് എത്തിനോക്കുകപോലും ചെയ്തിട്ടില്ല. അതുകൊണ്ട് മൈസൂർ മൈസൂരും, തിരുവിതാംകൂർ തിരുവിതാംകൂറുമായി കഴിയാൻ വിട്ടേക്കുക. വാശിപിടിച്ചാൽ നാശം എന്നു ദൂതൻ, സാമന്തരാജാ, ബന്ധു, ഉപദേഷ്ടാ, സാചിവ്യകോവിദൻ എന്നീ നിലകളിൽ ആ മഹൽസമക്ഷം സമയം കണ്ട് ഉണർത്തിക്കുക."
അജിതസിംഹൻ അല്പനേരം മിണ്ടാതിരുന്നു. അനന്തരം കേശവപിള്ളയുടെ കൈക്കു പിടിച്ചെഴുന്നേൽപ്പിച്ച് ശാലയുടെ ഒരു വശത്തു നീങ്ങി സ്വകാര്യസ്വരത്തിൽ ഇങ്ങനെ പറഞ്ഞു: "ഹേ, മന്ത്രികുശലന്മാരിൽ അഗ്രഗണനീയ, ടിപ്പുസുൽത്താൻ ബഹദൂരിന്റെ അന്തർഗ്ഗതത്തിലെ രഹസ്യം ധരിപ്പിച്ചുകൊള്ളട്ടെ. മുഖസ്തുതി അല്ല. ഇങ്ങനെ ഒരു ദിവാൻജിയെ കിട്ടാൻ അവിടുത്തേക്ക് അതിയായ മോഹമുണ്ട്. അവിടുന്നു വേദപഠനത്തിൽ ഒതുങ്ങിക്കൊള്ളും. നിങ്ങൾ ആ മഹാസാമ്രാജ്യം വാണുകൊൾക എന്നാണ് അവിടുന്നു കല്പിക്കുന്നത്."
ദിവാൻജിയുടെ അധരത്തിന്റെ ഒരു ഭാഗം അല്പം വക്രിച്ചു; ഒരു കണ്ണിന്റെ ഇമ തളർന്ന് ഒട്ടൊന്നടഞ്ഞു: "തിരുമനസ്സറിയിപ്പാൻ ഒരു ഖറീത്താ അയച്ചു കല്പന വാങ്ങിയാൽ, ഇവിടെപ്പോലെ ഒരുവിധം അവിടെയും സേവിക്കാം" എന്ന് അദ്ദേഹം ഉത്തരം പറഞ്ഞു.
അജിതസിംഹൻ: (സ്വരം അധരചലനമാത്രത്തോളം താഴ്ത്തി) "കേൾക്കുക. നാംതന്നെ ശുപാർശചെയ്ത് ഒരു സംഭാവനയാണ് വരുന്നത്. മനുഷ്യരുടെ ആഗ്രഹം 'നാദ്യാപി സന്തുഷ്യതി' എന്നോ മറ്റോ ഇല്ലേ? തിരുവിതാംകൂർ കിരീടം ഇവിടുത്തെ ഈ തലയ്ക്കും ചേരുകയില്ലെന്നോ? നല്ലതിന്മണ്ണം ചേരുമെന്ന് സുൽത്താൻ ബഹദൂരെന്നല്ലാ, അവിടത്തെ ബന്ധുക്കളും അഭിപ്രായപ്പെടുന്നു. സിന്ധ്യമുതൽ ഇങ്ങോട്ടുള്ള രാജാക്കന്മാർ സമ്മതിച്ച് ഉടൻ സ്ഥാനപതികളെ അയച്ച് ഉത്തരോത്തര വിജയത്തെ ആശംസിക്കും എന്നു സുൽത്താൻ ബഹദൂർ അവിടുത്തെ മതത്തെ പുരസ്കരിച്ചു സത്യം ചെയ്യുന്നു."
ദിവാൻജിയുടെ മുഖം ഭയപാണ്ഡുരതയാൽ ആവേഷ്ടിതമായി. അദ്ദേഹം ദിഗ്ഭ്രമത്താലെന്നപോലെ നാലുപാടും നോക്കി. സ്വരം ഉച്ചത്തിലായി: "ആഹാ! ഇപ്പോൾ ബോദ്ധ്യപ്പെട്ടു, മൈസൂരിൽ അവതരിച്ചിരിക്കുന്നത് വ്യാഘ്രമല്ല, ക്യാപ്ടൻ ഫ്ലോറി പറയുന്ന കലിശക്തിതന്നെ ആണെന്ന്."
അജിതസിംഹൻ: (കുലുങ്ങാതെ) "അല്ലെങ്കിൽ പോരിക. അവിടത്തെ നാലു ജഗീർകൾക്കു നാഥനായി. ആ തിരുമനസ്സിലെ സംബന്ധിനികളിൽ എത്ര പേരുടെയെങ്കിലും ഭർത്താവായി, ഇതുവരെ സമാർജ്ജിച്ചിട്ടുള്ള രാജഭണ്ഡാരത്തിന്റെ ഉടമസ്ഥനായി വാഴുക. ദിവാൻസ്ഥാനത്തിനുള്ള ഹംക്കു