ന്നള്ളിച്ചുകൊണ്ടു നടന്നിരുന്ന കുണ്ടാമണ്ടിക്കുടുക്ക, എങ്ങോട്ട് ഉരുണ്ടുപോയി?”
സാവിത്രിക്കുട്ടി: “ഒരാളിനു മൂക്കിന്റെ താഴെ പുരികം കുരുത്തപ്പോൾ, കണ്ണ് വായ്ക്കകത്തായിപ്പോയി”
ത്രിവിക്രമകുമാരൻ: “ദേവസ്ത്രീകളെ കണ്ടാൽ നമ്മുടെ കണ്ണ് അഞ്ചിപ്പോവൂല്ലയോ അമ്മച്ചീ?”
മീനാക്ഷിയമ്മ: “നിങ്ങൾ കുഞ്ഞുകളിക്കാൻ തുടങ്ങിയാൽ ഞാനെന്തു പറയും. സാവിത്രീ! മിണ്ടാതിരിക്ക്. വിക്രമാ, ടിപ്പുവിന്റെ പട ഇങ്ങോട്ടു കേറുമെന്നു തീർച്ചയാണോ?”
ത്രിവിക്രമകുമാരൻ: “സംശയമോ? ഏതു വഴി എന്നുമാത്രം തീർച്ചയാവാനുണ്ട്. ഇപ്പോൾ പട്ടാളങ്ങളെ തെക്കും വടക്കും വീതിച്ചിട്ടിരിക്കുന്നു. പട വരുന്ന വഴിയിൽ എല്ലാം ചേരുമ്പോൾ പിന്നത്തെ കളി ഒന്നു കാണേണ്ടതാണ്.”
സാവിത്രിക്കുട്ടി: "കളി കാണിക്കുന്ന വീരന്മാർ ഈ കാണുന്നവരൊക്കെ തന്നല്ലോ. ഒരൊറ്റ ആളല്ലയോ ആ രായർമല്ലൻ? അയാൾക്ക് ഒരു കടികൊടുപ്പാനെങ്കിലും ഒരു വീരനെ കണ്ടില്ലല്ലോ?"
ത്രിവിക്രമകുമാരൻ: "അടുക്കളയിൽ കിടന്നോണ്ട് വല്ലതും പറയരുത്. ചമഞ്ഞുനില്‌ക്കുമ്പോൾ, പെൺമൂപ്പുകാർക്ക് എന്തും പറയാം."
സാവിത്രിക്കുട്ടി: "അതതെ. പക്ഷേ, തിണ്ണമിടുക്ക് ആണുങ്ങൾക്കു ചേരുന്നതല്ല. പണ്ടത്തെ മാടമ്പുവീര്യങ്ങളും മറ്റും പമ്പകടന്നു എന്നു സമ്മതിച്ചേക്കണം."
ത്രിവിക്രമകുമാരൻ: "ഹൊ! പല്ലുകാട്ടാമങ്ക സാവിത്രിക്കുഞ്ഞമ്മ ഇന്നു ദംഷ്ട്രം കടിക്കുന്നല്ലോ. കേൾക്കണേ കുഞ്ഞമ്മേ, അയാളുടെ പെരുമ്പറയ്ക്ക് എതിർ പറ ഞാൻ കൊട്ടി. പോരിൽ ഏറ്റു ചാകാൻ അത്ര ധൃതിയാണെങ്കിൽ ഒരു പുള്ളിക്കാരിയുടെ ചീട്ടു വാങ്ങിക്കൊണ്ടുചെല്ലാൻ ദിവാൻജിഅമ്മാവൻ ഉത്തരവായി."
'പുള്ളിക്കാരി' എന്നു ദിവാൻജി സൂചിപ്പിച്ചത് തന്നെയാണെന്നു മനസ്സിലായി സാവിത്രി ആന്തരാൽ വിജയിനി എന്നു നടിച്ചു എങ്കിലും തന്റെ വിവാഹക്കാര്യത്തിൽ തന്നോട് ആലോചിക്കാതെ ഒരു വ്യവസ്ഥചെയ്ത അപരാധത്തിന് അദ്ദേഹത്തോടു പരിഭവിച്ചു എന്ന നാട്യത്തിൽ മുഖംകറുപ്പിച്ച്, ഇങ്ങനെ ഒരു ചോദ്യം പുറപ്പെടുവിച്ചു. "അതേതെ, വല്ലോരുടെയും ചീട്ടുവേണമെങ്കിൽ പടയ്ക്കു പോവാനും അതു വേണ്ടയോ? ഇങ്ങനെ നിന്ന് വമ്പു പറയരുത്. രായരുടെ തലപൊളിപ്പാൻ വല്ലവരോടും ചോദിക്കണമോ? വീടു കാക്കുന്ന പട്ടി പിടികൂടിയിട്ടു വേണമോ കള്ളൻ കേറുമ്പോൾ കുരയ്ക്കാൻ? മേന്മകൾ ഞാനും കുറേശ്ശെ അറിയും."
ത്രിവിക്രമകുമാരൻ: "എന്നാൽ യജമാനന്റെ ചെല്ലപ്പിള്ളയ്ക്ക് അങ്ങോട്ടു ചെന്ന് ഒരുത്തരവു വാങ്ങിത്തരരുതോ? അല്ലെങ്കിൽ സത്യഭാമമാർക്കും പടയ്ക്ക് ഇറങ്ങാമല്ലോ."