പരപ്പുകൾ പുതുതായി മേഞ്ഞു നിരകൾ പ്രക്ഷാളനകർമ്മത്താൽ മിനുസപ്പെടുത്തി കല്പടികളുടെ അറ്റകുറ്റങ്ങൾ യഥോപയോഗം തീർത്തു നവീകരിക്കപ്പെട്ടിട്ടുള്ള ആ ഭവനത്തെ കണ്ടപ്പോൾ ഗൗണ്ഡൻ സൗധപരമ്പരാപരിശോഭിതമായ ചിലമ്പിനേത്തുഗൃഹത്തിന്റെ അദ്വിതീയതയെ സ്മരിച്ചു. തന്നെക്കൊണ്ടു സ്നേഹപുരസ്സരം ഗോപുരകവാടങ്ങളെയും ചുംബനംചെയ്യിച്ച ആ മഹാമന്ദിരം പാണ്ഡവന്മാർ അധിവസിച്ച ഇന്ദ്രപ്രസ്ഥം, ദില്ലിബാദുഷാക്കളുടെ മഹാമന്ദിരങ്ങൾ എന്നിവയോടു കിടയാണെന്ന് അഭിമാനിച്ചുകൊണ്ടു താൻ കാണുന്ന ദുഷ്‌പ്രഭാവലയിതമായുള്ള തിമിരസഞ്ചികാവലി തന്റെ പാദസ്പർശനത്താൽ അനുഗൃഹീതങ്ങളാവാൻ യോഗ്യങ്ങളല്ലെന്നുപോലും ഗൗണ്ഡൻ ധിക്കരിച്ചു. ഗൃഹപ്പറമ്പായ വിശാലവിസ്തൃതി ഒരു മനോഹരമൈതാനം ആക്കപ്പെട്ടിരിക്കുന്നതിൽ പ്രത്യക്ഷമാകുന്ന നവ്യതയും താല്ക്കാലികത്വവും നിമിത്തം ആ ഭൂവിഭൂതിപോലും ഗൗണ്ഡന്റ അഗാധഗർത്തസ്ഥങ്ങളായ നേത്രങ്ങൾക്കു ദർശനീയമായി തോന്നിയില്ല. കുരുക്ഷേത്രനിരപ്പിൽ ഗംഭീരവിശാലതയോടമരുന്ന ആ സമതലത്തെ വലയംചെയ്യുന്ന ഗിരിപോതങ്ങളുടെ അന്തർഭാഗം മട്ടുപ്പാപ്പംക്തികൾ എന്നപോലെ തട്ടുതിരിച്ചു, പത്തായിരംപേരുടെ പാർപ്പിനുള്ള ചെറുമാടങ്ങൾകൊണ്ട് അണിയിടപ്പെട്ടിരിക്കുന്നതും ഗൗണ്ഡന്റെ ജിജ്ഞാസയെ അസഹ്യപ്പെടുത്തി.
ഈ നവീകരണങ്ങൾ തന്റെ വാക്പാടവംകൊണ്ടു ഗൃഹനാഥസ്ഥാനം പാട്ടിലാക്കി സോദ്ദേശ്യാനുസാരം കയ്യാണ്ടുതുടങ്ങിയിരിക്കുന്ന പെരിഞ്ചക്കോടന്റെ ബുദ്ധിവൈഭവത്താലും അയാൾക്കു സ്വാധീനമായുള്ള പാണ്ടസ്സൈന്യത്തിലെ ഭടജനങ്ങളാലും നിവർത്തിക്കപ്പെട്ടവയായിരുന്നു. തിരുവിതാംകൂർസൈന്യത്തെ ടിപ്പുവിന്റെ രാക്ഷസബലം എതിർത്തുതുടങ്ങുമ്പോൾ അതിന്റെ സഹകാരിയായി സ്വജനസൈന്യത്തെ നിരോധിപ്പാൻ ഒരു നിഷാദബലം പെരിഞ്ചക്കോടൻ സജ്ജീകരിച്ച വൃത്താന്തം ഇതിനു മുമ്പുതന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഈ സേനയെ അല്പം ദൂരത്തുള്ള ഒരു നിബിഡവനത്തിന്റെ ഗഹനതയിൽ തല്ക്കാലം പാർപ്പിച്ചുകൊണ്ട് യുദ്ധാരംഭകാലത്തെ പാളയമാക്കാൻ മാങ്കാവിലെ മൈതാനം ഒരുക്കി മാടങ്ങൾ പണിയിച്ചു. സ്വരാജ്യരക്ഷയ്ക്കായി രാജർഷിപ്രവരനായ രാമവർമ്മമഹാരാജാവിന്റെ തിരുവുള്ളത്താൽ നിയുക്തമായ ഒരു സേനാംഗത്തെ സൽക്കരിക്കേണ്ടതുണ്ടെന്ന് മാധവിഅമ്മ ധരിക്കുകയാൽ ശ്രീപത്മനാഭപ്രസാദംകൊണ്ടെങ്കിലും തനിക്കു ദുരിതമോചനം ലഭിക്കട്ടെ എന്നുള്ള പ്രാർത്ഥനയോടെ തന്റെ കല്ലറകളിൽ തൊടാതെ ചെറുതായ ഒരു ഈടിരിപ്പിനെ ആ സേനയുടെ നായകനും തന്റെ തല്ക്കാലരക്ഷാനാഥനുമായ വഞ്ചകനെ ഏല്പിച്ചു. ഇങ്ങനെയുള്ള കോശവിപാടനം മാങ്കാവുഭവനത്തെ സങ്കല്പവേഗത്തിൽ ഒരു ശ്രീകുമാരസങ്കേതമാക്കിത്തീർത്തിരിക്കുന്നു. ഈ സൈനികസംഭരണത്തെപ്പറ്റി ജനങ്ങൾ അറിഞ്ഞപ്പോൾ അതു രാജനിയോഗാനുസരണം തങ്ങളുടെ രക്ഷോപയോഗത്തിനായി അനുവർത്തിക്കപ്പെടുന്നതാണെന്നു കേൾക്കുകയാൽ വൃത്താന്ത