ഇങ്ങനെ അദ്ദേഹത്തിന്റെ പ്രതിജ്ഞാഖണ്ഡങ്ങളിൽ പൂർവഭാഗം നിവർത്തിതമാകുന്നതു കണ്ട് ഉത്തരകൃതവും നിസ്സംശയം നിർവ്വഹിക്കപ്പെടുമന്നുള്ള വിശ്വാസമധുവാൽ മാധവിഅമ്മ സ്വഹൃദയനാളത്തെ ആസേചനംചെയ്തു. ഇങ്ങനെയുള്ള അന്തസ്സന്തുഷ്ടിയിൽ ആമഗ്നയായിരിക്കുന്ന ആ ഗൃഹനായിക കുലീനസൗജന്യതയോടെ ചെയ്ത സൽക്കാരത്തിൽ ഗൗണ്ഡന്റെ ഹിതാനുസാരമായുള്ള വ്യവസ്ഥകൾ അടങ്ങിയിരുന്നതിനാൽ സരസഭാഷണത്തിനു നിൽക്കാതെ ആശീർവാദധോരണിയാൽ അവരുടെ ഗൃഹിണീവൈദഗ്ദ്ധ്യത്തെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം നടയായി.
പെരിഞ്ചക്കോടന്റെയും ഗൗണ്ഡന്റെയും ഒന്നുരണ്ടു ദിവസത്തെ സഹവാസം അഭിമുഖന്മാരായ വ്യാഘ്രശാർദൂലങ്ങളുടെ മത്സരവീക്ഷണത്തിന്റെ നിലയിൽ കഴിഞ്ഞു. ഗൗണ്ഡൻ താമസിച്ച് എത്തിയതിനെക്കുറിച്ച് അനുചരന്മാരോടു ചോദ്യംചെയ്ത് പെരിഞ്ചക്കോടൻ വസ്തുതകൾ അറിഞ്ഞു. ഗൗണ്ഡകുംഭസ്ഥമായ രഹസ്യത്തെ വിസർജ്ജിപ്പിപ്പാൻ, അതിനെ ലക്ഷ്യമാക്കി ഉപായശൂലത്തെ പെരിഞ്ചക്കോടൻ ചൂണ്ടിയ മാത്രയിൽ, മഠവാസിയുടെ അന്തർഗഹനതയിൽ സംരംഭിച്ചിരുന്ന ഉപജാപപിണ്ഡത്തെ അദ്ദേഹം പ്രസവിച്ചു. ഗിരിചത്വരത്തോടു ചേർന്നുള്ള ഭാഗങ്ങളെല്ലാം നിഷാദസൈന്യത്തിനായി വേർതിരിച്ചിട്ട് ആഭിജാത്യമുള്ള ഒരു സേനാപംക്തിയുടെ താമസത്തിനു ഗൃഹാങ്കണമായുള്ള മൈതാനത്തിൽ വസതികൾ കെട്ടിക്കണമെന്ന് ഗൗണ്ഡൻ ആവശ്യപ്പെട്ടു. ഗൗണ്ഡൻ ഒരു വല വീശീട്ടുണ്ടെന്നും അതിൽ അകപ്പെടുന്ന മത്സ്യം ഏതെന്നും പെരിഞ്ചക്കോടൻ അപ്രയാസം ഗ്രഹിക്കുകയാൽ തനിക്ക് അനുകൂലമായ പ്രതാപധനങ്ങളുടെ ഒരു മഹാവർഷത്തെ അയാൾ ദർശിച്ചു. "സബാസ് മൊതലാളി!" എന്ന് അനുമോദിച്ചുകൊണ്ടു സ്വാന്തർഗ്ഗതത്തെ തുറന്നു പറഞ്ഞു: "നല്ലതു മൊതലാളീ! അപ്പോൾ, മൊതലാളി എവന്റെയെല്ലാം വീടുകളിൽ നിരങ്ങി വിരുന്തുണ്ടു?"
ഗൗണ്ഡൻ: "അജീ പെരിഞ്ചക്കോഡർ! ഷ്ഷ്യു! എങ്കയോ ഒരു സത്രം തേടിപ്പോനതിലെ എവരോ സൽക്കരിത്താർ. അപ്പോതു, താങ്കളുടെ പാണ്ടയിരിക്കേ- അവരുടെ ദൂതാൾ, ശിന്നക്കുറുമണിയാൻ-"
പെരിഞ്ചക്കോടൻ: "മതി മതി- കണ്ണി മണ്ണിടാൻനോക്കുമ്പോ പെരിഞ്ചക്കോടനൊന്നു മിശിറും. ചെലമ്പിനേത്തു വീടൊണ്ടല്ലോ- അതു പണിയിച്ച പുത്തി പുല്ല്. ഈ വീട്ടിലെ ഒരു വളറിലെ, അല്ലെങ്കിൽ ഒരു വാഴക്കൂമ്പിലെ പണി അവിടെ കാണാനൊണ്ടോ? അതു കെടക്കട്ടെ. കന്നന്മാരുടെ നോക്കും നീക്കും വാക്കും കണ്ടു, കരിങ്കന്നന്മാർ കരുവറിഞ്ഞുകളയും. മിടുക്കനും മിടുമിടുക്കനും ഉരയ്ക്കുമ്പോൾ കടുമിടുക്കൻ മോളില്. അതുകൊണ്ട് ഗൗണ്ഡച്ചെട്ടിയാരുടെ തക്കിടി മുണ്ടത്തരമൊന്നും ഇങ്ങോട്ടെടുക്കണ്ട." ഇതിനെ തുടർന്ന് പെരിഞ്ചക്കോടനും ഗൗണ്ഡനും തമ്മിൽ രണ്ടുപേരുടെയും അന്തർഗ്ഗതങ്ങൾ മുഴുവൻ വിടാതുള്ള ഒരു വാദം നടന്നു. ഗൗണ്ഡന് കേശവൻഉണ്ണിത്താനോട് പ്രത്യേകബന്ധം ഉണ്ടെന്നു താൻ ആദ്യമേ സംശയിച്ചു എന്ന് അതിന്റെ യഥാർത്ഥം പരീക്ഷിപ്പാൻ