ഉണ്ണിത്താന് ഒരു വാറോല താൻ അയച്ചു എന്നും, അതുകൊണ്ട് ആ ബ്രഹ്മാണ്ഡകാപട്യവാൻ ഇളകാത്തതിനാൽ പരീക്ഷാപദ്ധതി തുടരാൻ പുറപ്പെട്ടില്ലെന്നും എങ്കിലും ഗൗണ്ഡൻ കഴക്കൂട്ടത്തെ നിധി അപഹരിപ്പാൻ ചെയ്ത ശ്രമവും തന്നോടുകൂടി ചിലമ്പിനേത്തു പോയിരുന്നപ്പോൾ പ്രകടിപ്പിച്ച സ്ത്രീത്വവും തന്റെ സംശയത്തെ ഉറപ്പിച്ചിരിക്കുന്നു എന്നും, ഈ പരമാർത്ഥങ്ങൾ കായംകുളംവാളായ ടിപ്പുസുൽത്താൻ ധരിക്കുമ്പോൾ ആ ഇരുമുനവാൾ എന്തെല്ലാം കലാശിപ്പിക്കുമെന്ന് അറിഞ്ഞുകൂടെന്നും ആ കേന്ദ്രത്തിൽ താൻ ഒരുക്കിയിട്ടുള്ള പാളയത്തിൽ സഞ്ചയിക്കുന്ന സൈന്യാംശങ്ങളും അതിന്റെ നായകന്മാരും തന്റെ സേനാനിത്വം അംഗീകരിക്കണമെന്നും ഈ സേനാസംഭരണത്തിൽ ഗൗണ്ഡൻ യാതൊരു പ്രശംസയും സുൽത്താൻ സന്നിധിയിൽനിന്ന് അവകാശപ്പെട്ടുകൂടെന്നും, പെരിഞ്ചക്കോടൻ മുഷ്കുപിടിച്ചു ശഠിച്ചു.
പെരിഞ്ചക്കോടന്റെ സമ്പത്തു നിസ്സാരമെന്നു ഗ്രഹിച്ചും ടിപ്പുവിനെ തല കറക്കി വീഴ്ത്താനുള്ള സ്യമന്തകശതങ്ങൾ തന്റെ പാട്ടിലുണ്ടെന്നു ധൈര്യപ്പെട്ടും ഇരുന്ന ഗൗണ്ഡൻ തുല്യകൗശലവാനായി പെരിഞ്ചക്കോടനെ ഭർത്സിച്ചു: "ഇദെന്നാ പിള്ളയവാൾ? അദുവും ഇദുവും ശൊല്ലി പൈത്യം പിടിക്കക്കൂടാത്. ഗൗണ്ഡർ എത്തിനയോ പെരിഞ്ചക്കോഡരെ അന്തന്ത ഡർബാർകളിലേ പാർത്തിരിക്ക്. ഗൗണ്ഡരുടെ ആസ്തി മുച്ചൂടും നാസ്തിയാച്ചെന്റും നിനയ്ക്ക വേണ്ടാം."
പെരിഞ്ചക്കോടൻ: "അതും സബാസ് മൊതലാളീ! അങ്ങനെ ഉള്ളു വിടണം. ചിലമ്പിനേത്തേ നിലവറപ്പൂട്ടൊന്നു പൊളിയട്ടേന്നുതന്നെ ഞാനും പറയണു. എന്നാലക്കൊണ്ടോ, അതും എവന്റെ കെട്ടുപൂട്ടിൽ വിടണം. വഴീത്തേങ്ങാ എടുത്ത് ഗണപതിക്കടിക്കണത് ഏതെരപ്പനും ആവാം."
ചിലമ്പിനഴിയവനം ഏതെങ്കിലും ആകട്ടെ; അവിടുത്തെ ധനം തന്നെ സഹായിക്കേണ്ട ആവശ്യമില്ലെന്ന് ഗൗണ്ഡൻ പിന്നെയും വാദിച്ചു.
പെരിഞ്ചക്കോടൻ: "എന്തു മൊതലാളീ, ഉരുട്ടുകൊണ്ടു ലോകം പിരട്ടാനും പിടുങ്ങാനും നടക്കരുത്. ആ പെണ്ണിന്റെ കാര്യത്തിൽ അന്നു ചണ്ട പിടിച്ചപ്പം മൂപ്പീന്നു കേന്ദ്രീച്ചോണ്ടതും പെരിഞ്ചക്കോടൻ കൊരട്ടിലൊതുക്കീട്ടൊണ്ട്. ഒരു നവകോടിച്ചെട്ടിയാർക്ക് എന്നേ കൊലമരം കുഴിച്ചുനിറുത്തിപ്പോയി!"
ഗൗണ്ഡൻ: "ആമാമാ പെരിയ പുള്ളൈ. അന്ത മരം ഉന്നെ വിടുവാനാ? ആനാൽ, നമ്മ കഥയിലെ ഒരു റഹസ്യമിരുക്ക്. (കുപ്പായം നീക്കി പൂണുനൂൽ കാട്ടിക്കൊണ്ട്) ഇദൈ നാം ധരിക്കിറത് ബഹുവിദ്വാംസാൾ വൈദികാൾ മന്ത്ര കർമ്മപ്പടിയേ പോട്ടതിനാലാക്കുമെന്റു സുൽത്താൻ ബഹദൂർ സന്നിധാനത്തുക്കും തെരിയവരും കാളിപ്രഭാവഭട്ടജിയെ ധർമ്മരാജ്യം ഹതം ചെയ്‌വാനാ?"
പെരിഞ്ചക്കോടൻ: "അടിച്ചുവിട്ടൂടണം! നെടുംകഥയിൽ ഏതു പൊളിയും ഫൂഷണം. പരശുരാമനെന്നോ തമ്പ്രാക്കളെന്നോ ചൊല്ലിക്കൊള്ളണം."