ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ പുണ്യപാദങ്ങൾ പണിയുന്ന ദാസൻ സാക്ഷാൽ ദീർഘദർശിയുടേതുപോലുള്ള തിരുനാവിൽനിന്നു പ്രസ്രവിപ്പിച്ച നയവാദങ്ങളും വാഗ്ദത്തങ്ങളും പദാനുപദമായി പ്രയോഗിച്ചു. അദ്ദേഹം ഈ സന്നിധാനത്തിന്റെ ഭാവുകദായകത്വത്തെ ഗ്രഹിപ്പാനുള്ള ബുദ്ധിയാൽ അനുഗൃഹീതനല്ല. ഈ സ്വർഗ്ഗീയഛായയിൽ തഴയ്ക്കേണ്ടുന്ന ഈ നിസ്സാരതൃണം, തിരുവടികളുടെ ബ്രഹ്മാസ്ത്രശക്തിയെ വഹിച്ചിരുന്നു. എങ്കിലും ആ ശൂന്യശിരസ്കനെ സമ്മോഹിപ്പിക്കുന്ന കാര്യത്തിൽ പരാജിതനായി" എന്നുള്ള വാർത്താസമർപ്പണം സിംഹാസനസ്ഥനെ ഹുക്കാധൂമത്തിന്റെ ലഹരിയിൽനിന്നുണർത്തി.

ടിപ്പു: "ആഹാ! കഥകൾ അപ്പോൾ ദൈവഹിതത്താൽ അവസാനിപ്പിക്കപ്പെട്ടത് അങ്ങനെയോ? നമ്മുടെ ധന്യസാർവ്വഭൗമത്വം ആ തുച്ഛനെക്കുറിച്ചുള്ള വ്യാജശ്രുതികളാൽ വഞ്ചിതമായി. ക്ഷമ വിജയികൾ വഹിക്കേണ്ട പരിച അത്രേ. അജിതസിംഹപ്രഭോ! എഴുനേൽക്ക. സകലകാര്യനിയന്താവിന്റെ വത്സലസന്താനമായ നമ്മുടെ നിർഭരപ്രീതിയിലെ അനർഗ്ഗളതയിൽ വിശ്വസിച്ചുകൊൾക. അപ്പോൾ, ആ ചൊക്രായാചകൻ നമ്മുടെ കല്പനാപ്രസാദത്തെ, അവിശ്വാസി മ്ലേച്ഛനായി, മിതിച്ചുകളഞ്ഞു. അല്ലേ? എന്നുമാത്രമല്ല, ഭടന്മാരാൽ കൃമിമക്ഷികകളുടെ ആക്രമണത്തിൽനിന്നുപോലും രക്ഷിക്കപ്പെടുന്ന നമ്മുടെ ആനന്ദമന്ദിരത്തിലെ ഒരു രഹസ്യത്തെ വിസർജ്ജിപ്പാൻ മുഷ്കനാവുകയും ചെയ്തുവോ? ഹായ്! ഹായ്! അജിതസിംഹസഖേ! അവന്റെ സംഹാരക്രിയ നമ്മുടെ കോപദാഹത്തെ ശമിപ്പിക്കുന്നില്ല. നമ്മുടെ കണ്ണുകൾക്കു മുമ്പുവച്ച് അവന്റെ ജീവൻ താങ്ങുന്ന വിറകുതടി അടിമുതൽ മുടിവരെ ചെറുചൂടിൽ നീറി, ഈ കഠാരയെ പീഡിപ്പിക്കുന്ന അസന്തുഷ്ടി വ്യാധിയെ ശമിപ്പിപ്പാനുള്ള ക്ഷാരമാകേണ്ടതായിരുന്നു. ഇരിക്കട്ടെ ഈ സംസ്ഥാനത്തിന്റെ ഭർത്താവ് നമ്മെ എന്തു ധൈര്യത്താൽ നസ്സർവച്ച് ഉപചരിച്ചില്ല? ഏതു ചൈത്താന്റെ പുറംതാങ്ങി ആധാരമാക്കി, സേനാസഹായം ചെയ്‍വാൻ മുന്നോട്ടുവരുന്നില്ല?"

അജിതസിംഹൻ: "പ്രഭോ! അവിടത്തെ ഔദാസീന്യത്തെ തിരുവുള്ളം കൊണ്ടഭിനന്ദിക്കണം. ഞങ്ങൾ ആരാധിക്കുന്ന ഒരു ക്ഷേത്രം വഞ്ചിരാജ്യത്തിന്റെ ദക്ഷിണഭാഗത്തുണ്ട്. അവിടെ വച്ചു നമ്മുടെ ബന്ധു മഹാരാജാവ് രാമരാജബഹദൂർ രാജ്യത്തെ പെരുമ്പടപ്പുസൈന്യം ദ്രോഹിക്കയില്ലെന്നു പ്രതിജ്ഞ ചെയ്തുപോയി."

ടിപ്പുസുൽത്താൻ ഒരു ദീർഘഗർജ്ജനത്താൽ ആ പ്രവാദത്തെ അവസാനിപ്പിച്ചുകൊണ്ട് ഇങ്ങനെ പ്രശ്നംചെയ്തു: "ആകട്ടെ. ആ കോട്ടയുടെ തല്ക്കാലസജ്ജകളെ നല്ലപോലെ സൂക്ഷിച്ചറിഞ്ഞുവോ?"

അജിതസിംഹൻ: "വിക്രമസമുദ്രം പ്രവഹിക്കാനുള്ള അഴിയെ മാത്രമല്ല, നെടുംകോട്ടവാരത്തിൽ പല ജലമുഖങ്ങളുംകൂടി, സർവ്വം രക്ഷിക്കുന്ന മഹൽബുദ്ധിയുടെ കാറ്റേറ്റുള്ള അടിയൻ കണ്ടുപോന്നു. കല്പനപ്രകാരമുള്ള ശ്രമത്തിലെ തോലികൊണ്ടുള്ള ജളതയാലല്ല അടിയൻ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/325&oldid=168178" എന്ന താളിൽനിന്ന് ശേഖരിച്ചത്