താമസിച്ചത്. അരുളപ്പാടുകളുടെ നിസ്തന്ദോർജ്ജിതത്താൽ നിയന്ത്രിതനായ അടിയൻ, ചാരവൃത്തിയും യഥാശക്യം സാധിച്ചു."
സിംഹാസനത്തിലുണ്ടായിരുന്ന ഒരു രത്നവലയം സുൽത്താന്റെ അപാംഗവിക്ഷേപം അനുസരിച്ച് ജാനുക്കളിന്മേൽ നമസ്കാരം ചെയ്ത അജിതസിംഹന്റെ ഹസ്തത്തിൽ സംഘടിതമായി.
ഈ സന്ദർഭത്തിൽ ഒരു സേവകൻ കൂടാരത്തിന്റെ മുമ്പിലെത്തി മുട്ടുകൾ കുത്തിയും ഭൂമിതൊട്ടു പലവുരു സലാംചെയ്തും സുൽത്താന്റെ തിരുമുഖത്തിൽനിന്നു പ്രക്ഷേപിതമാകുന്ന ചോദ്യമൗക്തികങ്ങളെ പെറുക്കാൻ കംബളം നോക്കി സ്ഥിതനായി. സുൽത്താന്റെ നേത്രാഞ്ചലത്താൽ ആജ്ഞാപിതനായ അജിതസിംഹൻ, ആഗതനായ സേവകൻ ധരിപ്പിക്കാൻ തുടങ്ങുന്ന വൃത്താന്തം എന്തെന്നു ചോദിച്ചു. ശ്രീരംഗപട്ടണത്തിൽനിന്നു വ്യാപാരിയുടെ വേഷത്തിൽ യാത്രയാക്കപ്പെട്ട കാളിപ്രഭാവഭട്ടസ്വാമികൾ തിരുവുള്ളം കാത്തുനില്ക്കുന്നു എന്ന് സേവകൻ ധരിപ്പിച്ചു. ദക്ഷന്റെ ദുർമ്മദപ്രവർത്തനത്തെ ഭൂതഗണങ്ങളുടെ വിലാപങ്ങളിൽനിന്നു ഗ്രഹിച്ച സംഹാരമൂർത്തിയെപ്പോലെ, സുൽത്താൻ ആ മഹാരാമത്തെ സർവ്വോന്മൂലനംചെയ്‌വാനുള്ള വ്യാഘ്രനൃത്തം തുടങ്ങി. അജിതസിംഹൻ അകമ്പിതശരീരനായി കൂടാരത്തിന്റെ ഒരു കോണിലോട്ടു നീങ്ങി, തന്നെക്കാൾ വിശ്വസനീയനായി ആദരിക്കപ്പെട്ട ആ ബ്രാഹ്മണവര്യൻ രാജപ്രസാദസോപാനത്തിൽനിന്ന് അധഃപതിതനാവാനുള്ള കാരണം അറിവാനുള്ള ഉത്കണ്ഠയോടെ കാത്തുനിന്നു.
ടിപ്പുസുൽത്താൻ: "ചൈത്താന്റെ തീക്കുഴിയിൽ എത്തിക്കാനുള്ള തൂക്കുകയർ തയാറായില്ലേ? കൈതവം, വഞ്ചന, ദ്രവ്യാഗ്രഹം - ഹാ! ഹാ! നരകം കാട്ടുന്ന സമസ്തപാപവും മൂർത്തീകരിച്ച ആ കഴുകന്റെ ദുർമ്മരണക്കളി നമ്മുടെ വത്സന്മാരായ ഭടജനങ്ങൾ കണ്ടു രസിക്കട്ടെ. പോ! പൊക്കവും ഘനവും കൂടിയതായ ഒരു മരക്കൊമ്പു പുൽക്കുടിലിൽ പതുങ്ങി ചതിക്കടിക്ക് ഒതുങ്ങിയ സർപ്പത്തെ ഊഞ്ഞോലാടിക്കാൻ കണ്ടുപിടിക്കട്ടെ."
ഈ ആജ്ഞ കേട്ട് സേവകൻ എഴുന്നേറ്റു. ടിപ്പുവിന്റെ രോഷാവേശം ഇങ്ങനെ പ്രവഹിച്ചു. "അരേ മൂർഖാ! നിൽക്ക്. ആ ദ്രോഹി - വഞ്ചകൻ - തൻകാര്യക്കാരൻ - തക്കിടിനിറഞ്ഞ മൺഭരണി, ഇതാ നീ നില്ക്കുന്നെടത്ത് എത്തുമ്പോൾ ഒരു ചീന്തുതുണിയിൽ വാരിക്കൊണ്ടുപോകാവുന്നവണ്ണം തകർന്നിരിക്കണം. ഗച്‌ഛ!"
സേവകൻ മണ്ടി. പരിസരവാസികൾ സ്തബ്ധവൃത്തികളായി. വത്സനായ ശ്രീഹനുമാനിൽ അശനിപാതം ഉണ്ടായ അവസരത്തിലെന്നപോലെ പവനദേവൻ സ്തംഭിക്കുകയും ആ സ്തബ്ധത സമീപസ്ഥമായ മഹാദേവക്ഷേത്രത്തിൽക്കൂടി വ്യാപിക്കുകയും ചെയ്തു. ആ വിശുദ്ധസങ്കേതത്തിൽനിന്നു പുറപ്പെട്ട ഒരു ഘണ്ടാക്വണിതം സുൽത്താന്റെ കോപരസപ്രകടനത്തെ വികലപ്പെടുത്തുകയാൽ ആ ക്ഷേത്രകർമ്മങ്ങൾ ഒരു ആജ്ഞാച്ചീറ്റത്താൽ പ്രതിബന്ധിക്കപ്പെട്ടു. തന്റെ കഠാര ഊരി അതിന്റെ