ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യ്ക്കുന്നു എന്നും, അവസാനകലാശം പൂർവ്വവിധിയിലും അധികം ഭയാനകമായിത്തീർന്നേക്കാം എന്നും ചിന്തിച്ച് അജിതസിംഹൻ സ്വമിത്രമായി സഹകരിച്ചിരുന്ന ഗൗണ്ഡനോടു ക്ഷമായാചകനായി പ്രവർത്തിപ്പാൻ കടാക്ഷാഞ്ചലത്താൽ പ്രാർത്ഥിച്ചു. ഗൗണ്ഡൻ ആ ഉപദേശത്തെ അനാദരിച്ചു തന്റെ അപരാധസമ്മതത്തെ തുടർന്നു: "അതിനെന്ത്? ആഹാ! തിരുവടികൾ ഉംദുത്ത് ഉൽമുൽക്ക് മുബാറുക്ക് ഉദ്‌ദ്ദൗളാ ടിപ്പുസുൽത്താൻ ആലിഖാൻ ബഹദൂർ ഹസ്സ ബർജംഗ് എന്ന നെടും പേർകൊണ്ടു രാജ്യം പിടിക്കുന്നു. എവന്റമ്മേടെ വയറ്റിൽ പിറന്ന ഉടയാൻ പൊന്നുതിരുവടീടെ തന്തപ്പെരിയവൻ എടുത്ത അടവുതന്നെ ചവുട്ടി എങ്കിലും ഇതാ കടശിക്കൈക്കു കുറ്റുമിയും കുറുംചാമ്പലും തിന്നാൻ വിധി. അതു കപ്പേണ്ട വായ്കൾ നെടുനാൾ കൊന്നും കരിച്ചും മുടിച്ചും വാഴട്ടെ! വീടുവെച്ചു-മേടവച്ചു-എന്നിട്ടോ? ഉപ്പിടാക്കെ ഇരുട്ടോടെ തൊലഞ്ഞു. ഒരു ഹരിപഞ്ചാനനസ്വാമി തിരുവടികള്-അയാന്റടുത്തും ഇപ്പോലെ കൂത്തടിച്ചു. മഹാപാപി കൊലയും ചെയ്യിച്ചു കുലം വെറുപ്പിച്ചേയുള്ളു."

'ഹരിപഞ്ചാനൻ' എന്ന നാമം കേട്ടപ്പോൾ, ടിപ്പുസുൽത്താൻ പൊടുന്നനവെ തന്റെ കനകമഞ്ചത്തിൽ എഴുനേറ്റിരുന്നു. മഹാത്മാവായ തന്റെ ജനകൻ അവിടുത്തെ കോശകാര്യസ്ഥൻ മുഖേന നിരവധി ധനം വ്യയംചെയ്തു രണ്ടു കലാപകാരന്മാരെ തിരുവിതാംകൂറിൽ വ്യാപരിപ്പിച്ചിരുന്നു എന്നും അവർ വിദഗ്ദ്ധസാഹസാനന്തരം എവിടെയോ അന്തർദ്ധാനംചെയ്തു എന്നും അവിടുത്തെ 'പരിശുദ്ധ'വക്ത്രത്തിൽനിന്നുതന്നെ കേട്ടിരുന്ന പുരാവൃത്തത്തെ സുൽത്താൻ സ്മരിച്ചു. ഹരിപഞ്ചാനനവൃത്താന്തം കേൾപ്പാൻ സുൽത്താൻ ആഗ്രഹിക്കുകയാൽ ഗൗണ്ഡൻ അതിനെ സംക്ഷേപിച്ചു ധരിപ്പിച്ചുകൊണ്ടു സ്വകഥനത്തെ തുടർന്നു: "അക്കഥയിലെ 'ചന്ദ്രകാരപ്രഭു' ഇവൻതന്നെ. ആ ആശയ്ക്ക് അതിരില്ലാത്തവൻ പിൽക്കാലത്തെ കാളിപ്രഭാവട്ടൻ. അതിനിടയിൽ തിണ്ടാടിയ മട്ടും മലപ്പും ഏതുടയവനറിഞ്ഞു? സ്വാമി ഗംഗുറാംപ്രഭു, പുണ്യവാളൻ, കൈ തന്നു കരയിൽ കേറ്റി രക്ഷിച്ചതിനെ, ആ തിരുമലരായർ മുടിയാൻകാലത്തിനു വന്നുകേറി എല്ലാം കെടുത്തു. എങ്ങാനും കിടന്നു കാലം മുടിയുമ്പം ചാവാനൊള്ളവനെ ഇന്നത്തെ മുടിവിനാശത്തിലും കൊണ്ടടുപ്പിച്ചു. പിറവിപ്പെരുമയുള്ളവന്റെ ഉറവ് ഏതു കുറയും പൊറുക്കും. അല്ലാണ്ടൊള്ളവൻ-ഛേ! ഏതു പൊൻകയ്യോ ഒടവാളേന്തിയ കൈയോ എരിക്കട്ടെ, കരിക്കട്ടെ-കാളിഉടയാൻ ചന്ത്രക്കാറൻ വച്ച വീടും നേടിയ പൊരുളും ആൺപേരാളും. അതു കണ്ടു കണ്ണു നിറഞ്ഞേ നിറഞ്ഞു. ഇനി ഇരിപ്പെന്ത്, മരിപ്പെന്ത്?"

കാളി ഉടയാൻ ചന്ത്രക്കാരൻ അയാൾതന്നെ എന്നു സമ്മതിച്ചപ്പോൾ, ഭംഗാരാമനിൽനിന്നു കിട്ടിയിരുന്ന കഥകൾ ഓർത്ത് അയാളുടെ തേട്ടമായ നിധികളെ തന്റെ പാട്ടിലാക്കി എങ്കിലും, തന്റെ ധനനഷ്ടം പരിഹരിക്കാത്ത അപരാധത്തിനു സമാധാനമെന്തെന്ന് സുൽത്താൻ ചോദ്യം തുടങ്ങി. ചിലമ്പിനഴിയത്തെ കാളിഉടയാൻ ചന്ത്രക്കാറനായ ഉഗ്രമൂർത്തി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/329&oldid=168182" എന്ന താളിൽനിന്ന് ശേഖരിച്ചത്