ആ സേനാപംക്തി മുന്നോട്ടു നടകൊണ്ടു. ഏകദേശം ഒരു നാഴികദൂരം കഴിഞ്ഞപ്പോൾ, പുതിയ വഴികാട്ടി തിരിഞ്ഞുനിന്ന് ഉണ്ണിത്താനെ നോക്കി ഒരു ഉപദേശദാനം തുടങ്ങി: "എന്റെജമാന്നേ! എന്തായാലും നാം ഒരു പട നീങ്ങുകയാണ്; ശത്രുവിന്റെ അക്രമമുള്ള കാലവുമാണിത്. അതിനാൽ നമ്മുടെ സായൂവ് പറയട്ടെ. ഇതാ കാണുന്നു നേർവ്വഴി. ഇനി വിഷമംകൂടാതെ അങ്ങോട്ടു നീങ്ങാം. എങ്കിലും തോക്കുകൾ നിറച്ച് മറ്റുള്ള ആയുധങ്ങളും തയ്യാറാക്കി നടക്കുകയാണ് ഈ പുറപ്പാടിനു ചേർന്നത്. നമ്മുടെ അതിർത്തിയാണിത്. വല്ല ശത്രുക്കളും പതുങ്ങിക്കിടന്നു നമ്മെ അപജയപ്പെടുത്താൻ നോക്കിയേക്കാം. (മുൻപറഞ്ഞതിനു വിപരീതമായി) ഇതൊരു ദുർഘടസ്ഥലമാണ്. ഇതാ അങ്ങോട്ടു വഴി, ഇങ്ങോട്ടു വഴി. ഇവിടെ കള്ളന്മാര്, മലയര് ഇങ്ങനെയുള്ള കൂട്ടത്തിന്റെ ശല്യവും ഉണ്ട്. നാം കുറച്ചു പടിഞ്ഞാറു നീങ്ങിപ്പോകേണ്ടതായിരുന്നു. ആ കൊടന്തയാശാന് എന്തോ ഭ്രാന്തുപിടിച്ചു തെറ്റിച്ചതാണ്."
സേന നിലകൊള്ളുന്നതിനുള്ള ആജ്ഞ കപ്പിത്താൻ പൊടുന്നനെ ഘോഷിച്ചു. പോകുന്ന വഴിയിൽ, വടക്കുപടിഞ്ഞാറു നീങ്ങി ചില ആയുധങ്ങളുടെ മുനകൾ തിളങ്ങുന്നുണ്ടെന്ന് അയാൾ കുറുങ്ങോടനെ ധരിപ്പിച്ചു. താൻ ഭടജനങ്ങളെ നയിക്കാമെന്നും കൃഷ്ണക്കുറുപ്പു പിന്നണിയെ താങ്ങി പുറകിൽ നടന്നുകൊണ്ട് സേനാപ്രവർത്തകരിൽ ആരും ഭീരുത പ്രകടിപ്പിക്കാതെ നോട്ടം ചെയ്തുകൊള്ളണമെന്നും പഞ്ചിക്കപ്പിത്താൻ ഉപദേശിച്ചു. വഴികാട്ടിയായ നായരും ഒരു ഗുണദോഷം അയാളുടെ ബുദ്ധിയിൽ ഉദിച്ചതായി സമർപ്പിച്ചു. അപ്പോൾ ഉണ്ടായേക്കേവുന്ന ആദ്യസമരത്തിൽ ഉണ്ണിത്താൻപ്രഭു യുദ്ധച്ചടങ്ങുകളിൽ അഭ്യാസപുഷ്ടി ഉണ്ടാകുവാനായി അല്പം ദൂരത്തുവാങ്ങി കാണിയുടെ നില അവലംബിച്ചുകൊള്ളുന്നതു സേനാനികൾക്ക് അനുവദനീയമായ നയമാണെന്ന് അയാൾ വാദിച്ചു. സേനാനിയമം അനുസരിപ്പാൻ സന്നദ്ധരായുള്ള ആ സംഘക്കാർ തങ്ങളുടെ കപ്പിത്താന്മാരുടെ വിദഗ്ദ്ധാഭിപ്രായം അറിവാൻ ആഗ്രഹിച്ചതിൽ, അവരും ആ കൗശലത്തെ അനുമതിച്ചു. സേനാനിര ആയുധങ്ങളെ പ്രയോഗസജ്ജമാക്കി, ചെറുവ്യൂഹങ്ങളായി പിരിഞ്ഞ് നാലുപാടും നോക്കി തരുനിരോധത്തെ ഭേദിച്ചുതുടങ്ങി.
സംഭാരവാഹകാദികളുമായി സാവധാനയാത്ര തുടങ്ങിയ ഉണ്ണിത്താൻ ദുർഘടമാർഗ്ഗങ്ങൾ തരണംചെയ്തു ക്ഷീണിക്കുകയാൽ വളരെ പുറകിലായി. രണ്ടുമൂന്നു പഥികർ അദ്ദേഹത്തെ താണുതൊഴുതു കുശലങ്ങൾ ആരാഞ്ഞു. സൗജന്യശീലനും പാരമാർത്ഥികനുമായ അദ്ദേഹം തന്റെ വസ്തുതകൾ എല്ലാം ധരിപ്പിച്ചു. യുദ്ധകാലങ്ങളിൽ സേനാനിയന്ത്രണം ചെയ്യുന്നവർ അപരിചിതജനത്തോടു സത്യവാദികൾ ആകരുതെന്നുള്ള സംഗ്രാമനിയമങ്ങളിലെ പ്രഥമവകുപ്പിനെ അവർ അദ്ദേഹത്തോട് ഉപദേശിച്ചു. ഈ പഥികസംഘം അതിവേഗത്തിൽ ഗ്രഹസംഖ്യയോളം തന്നെ പെരുകി. ഉണ്ണിത്താൻ അവാരിൽ ഓരോരുത്തരുടെയും ചോദ്യങ്ങൾക്കുത്തരം പറഞ്ഞു നടക്കെ, സൈന്യം അതിദൂരത്തിലായി. അതു