മുമ്പിൽ കുറുപ്പു ഭക്തിപൂർവ്വം പ്രണാമം ചെയ്തപ്പോൾ, അതിൽനിന്നു ചില ഞരങ്ങലുകൾ പുറപ്പെട്ടു. 'കിട്ടുക്കുറുപ്പേ, കിട്ടുക്കുറുപ്പേ!' എന്ന ദയനീയസംബോധനങ്ങൾ ആ നവകപ്പിത്താന്റെ സൈനികവീര്യത്തെയും കരപ്രാധാന്യത്തെയും സ്വേദമാർഗ്ഗേണ ആ കൃപാകൂടത്തിൽ നിന്നു വിസ്രവിപ്പിച്ചു.
കൃഷ്ണക്കുറുപ്പ്, "എന്തു ഗ്രഹപ്പിഴകളാണമ്മാവാ ഇത്? ആരു കേട്ട കഥകൾ? എങ്ങോട്ടു പോയിരുന്നു?" എന്നെല്ലാം ഒരു ശ്വാസത്തിൽ ചോദിച്ചതിന്, ജ്വരമൂർച്ഛിതനിൽനിന്നെന്നപോലെ "കേശവൻ, എന്റെ കേശവൻ" എന്ന ഒരു സന്ദർശനാഭിലാഷശബ്ദംമാത്രം മാണിക്കഗൗണ്ഡനിൽനിന്നു പുറപ്പെട്ടു. ഈ ദയനീയപ്രാർത്ഥനയുടെ ആർദ്രതാമാധുര്യം അതുവരെ താൻ മറന്നിരുന്ന ഉണ്ണിത്താന്റെ കാര്യത്തെ കുറുങ്ങോടനെ സ്മരിപ്പിച്ചു. "ഇതാ വന്നേച്ചു അമ്മാവാ, വെളിയിൽ ചാടി വല്ല കുശാണ്ടവും ഉണ്ടാക്കരുത്" എന്നു പറഞ്ഞുകൊണ്ട് അയാൾ മണ്ടി.
ഒന്നുരണ്ടു നാഴിക കഴിഞ്ഞപ്പോൾ ദേഹം തളർന്നു വിയർത്തുള്ള കേശവനുണ്ണിത്താനെ ആ അറയ്ക്കുള്ളിൽ പ്രവേശിപ്പിച്ചിട്ട് കുറുപ്പ് പുറംകാവലായി നിലകൊണ്ടു. വസ്തുതകൾ മുഴുവൻ കുറുങ്ങോടനിൽനിന്നു ഗ്രഹിച്ചിരുന്ന ഉണ്ണിത്താൻ ഗൗണ്ഡവേഷധാരിയായ തന്റെ കാരണവരുടെ മുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു വാവിട്ടു കരഞ്ഞു. കാളിഉടയാൻ ചന്ത്രക്കാറനും തന്റെ ജന്മഹേതുകനായ അഷ്ടഗൃഹസമിതിയിലെ സമഗ്രദൗഷ്ട്യനിൽനിന്നു സിദ്ധമായുള്ള പൗരുഷത്തെ ത്യജിച്ചു അശ്രുധാര വാർത്തു.
ദ്രോഹംകൊണ്ടല്ലാതെ ഭജനത്താൽ രാമവർമ്മ മഹാരാജാവാൽ താൻ അഭിമാന്യൻ ആവുകയില്ലെന്നും ടിപ്പുവോടുള്ള പ്രതിജ്ഞ തന്റെ 'ആൺതത്ത്വം' നിനയ്ക്കുമ്പോൾ വിലംഘിച്ചുകൂടാത്തതാണെന്നും ശഠിച്ച്, ഏതാനും അമൂല്യരത്നങ്ങളെ ഭാഗിനേയനു സമ്മാനം ചെയ്തു, തന്റെ സർവസ്വത്തിനും രക്ഷാധികാരിയായി നെടുനാൾ വാഴ്ക എന്നനുഗ്രഹിച്ചും വിധിയുടെ അനന്തരനിപാതങ്ങളെ സ്വതസ്സിദ്ധമായ ഹൃദയാശ്മതയോടെ ഏല്പ്പാൻ ചന്ത്രക്കാറൻ ആ രാത്രിയുടെയും ആ വൃദ്ധനെ ബന്ധിച്ചുകൂടരുതെന്നു ദിവാൻജിയിൽനിന്നുണ്ടായ വാചാജ്ഞയുടെയും ആനുകൂല്യത്താൽ ടിപ്പുസങ്കേതത്തിലേക്കു യാത്രയായി.