ണെന്നു പ്രത്യക്ഷപ്പെടുന്നു. മണിമയസദനങ്ങളും ഛിദ്രരംഗങ്ങൾതന്നെ. രാജപ്രജാബന്ധങ്ങൾക്കിടയിലും സമരശൈവലവലയങ്ങളുടെ സമുജ്ജൃംഭണത്തെ പ്രബുദ്ധാക്ഷികൾ ദർശിക്കുന്നു. ഇങ്ങനെയുള്ള സംഘർഷണം ദർശനത്തിനും ശ്രവണത്തിനും സുഖപ്രദമായിരിക്കാം. എന്നാൽ മകുടഭൂഷിതന്മാരും മോക്ഷസൂത്രവ്യവസായക്കാരും രാജ്യാഭിമാനശംഖന്മാരും കൂടി ആഹവസരസ്സിലെ തരംഗപ്രപാതാനന്ദം ആസ്വദിപ്പാൻ നിർബന്ധിതന്മാരാകുമ്പോൾ യുദ്ധാമൃതത്തിൽ സങ്കലനം ചെയ്തുള്ള രക്താമിഷരസം ആസ്വദനീയമല്ലെന്നു ഘോഷിക്കുന്ന നവ്യാഗമങ്ങൾ പ്രാജാപത്യമുഖങ്ങളിൽനിന്നുതന്നെ ഗളിതങ്ങളായേക്കാം. ഇങ്ങനെ, 'വേണം വേണ്ടാ' സ്ഥിതിയിലുള്ള യുദ്ധ 'സംസ്കരണ'ത്തിന്റെ ഒരു വിശേഷഫലം, ജനതാഭീരുതയെ, അനശ്വരശിലാസ്തംഭമായി ലക്ഷീകരിക്കുന്നു. വിജയികൾ ലോകത്താൽ അഭിമാനപൂർവ്വം ആശ്ലേഷിതന്മാരാകുന്നു. പരാജിതന്മാർ ദുർഗ്ഗുണപുഞ്ജങ്ങളായി ഭർത്സിക്കപ്പെട്ട് അവരുടെ നാമങ്ങൾപോലും ശൂലാഗ്രസ്ഥങ്ങളാക്കപ്പെടുന്നു. വാമനമഹാബലികൾ, പരശുരാമബാഹുജന്മാർ, രാമരാവണന്മാർ എന്നിവരിൽ വിജയികൾ സമാനകാലീനന്മാരാൽ പ്രശംസിക്കപ്പെട്ട് അനന്തരജനപരമ്പരകൾക്കു ദേവന്മാരും ദേവാംശജന്മാരും ആയിത്തീർന്നിരിക്കുന്നു. പരാജിതനായ നെപ്പോളിയൻ കേവലം ഒരു അനുകമ്പാപാത്രം; ഇംഗ്ലീഷുകാരോടു നേർത്ത് അവർക്കൊരു സാമ്രാജ്യത്തെ നഷ്ടമാക്കിയ വാഷിങ്ടന്റെ അനന്തരഗാമി ഇക്കാലത്തു ലോകസമാധാനമനുസ്ഥാനംതന്നെ വഹിക്കുന്നു. ഇന്നത്തെ ഭാരതീയദേശാഭിമാനികൾ പ്രകടിപ്പിക്കുന്ന അധികാരവിദ്വേഷത്തിൽ പത്തിൽ ഒരംശത്തോളം അപരാധകാരിയല്ലാത്ത ഒരു സചിവസിംഹം ആത്മഹത്യാനന്തരവും അതിനീചമായുള്ള അവമാനത്തിനു പാത്രമാക്കപ്പെട്ടു. ഇങ്ങനെ, വിജയിവർഗ്ഗങ്ങളുടെ ചരിത്രപടങ്ങളിൽ ചിത്രിതമാകുന്ന പരാജിതരൂപങ്ങൾ വൈരൂപ്യസങ്കലിതങ്ങളായിത്തീരുന്നു. കഥാകർത്താക്കന്മാരുടെ മനോധർമ്മജപ്രതിമകൾ ഏതദ്വിധരചനകളുടെ പ്രതിച്ഛായകളായും തീർന്നിരിക്കുന്നു.
നദീതടമർദ്ദനത്താൽ ജലത്തെ അപേയമാക്കിയ അജപോതത്തിന്റെ അപരാധകഥയെ തുടർന്ന് തിരുവിതാംകൂർ സംസ്ഥാനത്തെ ഖാദിച്ചു തുഷ്ടനാകാൻ മോഹിച്ച ടിപ്പുസുൽത്താൻ ആ രാജ്യം രണ്ടു ചെറിയ കോട്ടകളെ ലന്തക്കമ്പനിക്കാരോടു വിലയ്ക്കു വാങ്ങിയ കുറ്റത്തെ മത്സരഭാവമായി ആരോപിച്ചുകൊണ്ട് വൃകധർമ്മം അനുസരിച്ചു കലഹത്തിനു വട്ടംകൂട്ടി സേനാസഹിതം പുറപ്പെട്ടു. ആ സമരത്തിലെ പ്രഥമ കർമ്മമായി, അഴിക്കോട്ട തകർപ്പാൻ ഒരു സേനാംഗത്തെ താൻതന്നെ നടത്താൻ നിശ്ചയിച്ച് തന്റെ തിരുവുള്ളത്തെ സുൽത്താൻ വെളിവാടുകൊണ്ട വൃത്താന്തം മുൻപൊരദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ടല്ലോ. എന്നാൽ ഈ തിരുവുള്ളപ്രഭാസനാനന്തരം അന്തഃപുരാബ്ധിയിൽ അസ്തമിച്ച സുൽത്താൻ, മന്ത്രസഭാമേരുവിൽ പുനരുദയം ചെയ്തതു മുപ്പതല്ല, അറു