അകംകിടുക്കിത്തന്നെ അവരെ കാലപുരി പൂകിക്കുവാൻ മുന്നണിയിലാക്കപ്പെട്ടിരുന്ന കൃഷ്ണവർത്മാക്കളായ ആഭിസീനികസൈന്യത്തെ* ഒരു ശയാനകാകൃതിയിൽ കണ്ടു പ്രാകാരരക്ഷികൾ അത്ഭുതപ്പെട്ടു. സരസ്തടംമുതൽ പടിഞ്ഞാറോട്ട് അതിദീർഘമായി നിലകൊള്ളുന്ന ആ രാക്ഷസബലത്തിന്റെ പിന്നണിയിൽനിന്നു ദൂരത്തുവാങ്ങി അശ്വാന്ദോളാദി രാജസാമഗ്രികളാൽ പരിസേവിതനായി ഒരു തൊട്ടിയമ്പാരിയിൽ പള്ളിക്കുടകളും പിടിപ്പിച്ചു ഹരിതചാമരങ്ങളും വീശിപ്പിച്ച് സുൽത്താൻ എഴുന്നുള്ളിയിരുന്നു സ്വപരാക്രമത്തെ വിക്രാന്തമാക്കുന്നു. അകമ്പടി സേവിക്കുന്ന പടഹശഹനാക്കൾ അത്യുച്ചമായി ഘോഷിച്ച് അദ്ദേഹത്തിന്റെ ദുര്യോധനപ്രഭാവത്തിനു പ്രാകാരരക്ഷികളെ ജാഗരൂകന്മാരാക്കുന്നു. ആ ഹുങ്കാരധ്വനികളും കാഹളമുഖേനയുള്ള ആജ്ഞാഘോഷങ്ങളും ശൃംഖലാബന്ധത്തിൽ പുളയ്ക്കുന്ന നായ്ക്കൾ എന്നപോലെ തിളയ്ക്കുന്നതായ സേനയുടെ പാദപ്രപാതങ്ങളും ഇളകിച്ച ഭൂധുളിപടലങ്ങൾ ഭാസ്ക്കരനേത്രങ്ങളെയും നിമീലനംചെയ്യിക്കുന്നു. പ്രാകാരരക്ഷികളും സമാവൃതസഹകാരികളും ആസന്നവിപത്തിന്റെ സൂക്ഷ്മരൂപത്തെ തങ്ങളുടെ പാർശ്വവർത്തിയായുള്ള സേനാനിവഹത്തിന്റെ ഭീഷ്മത കണ്ടപ്പോൾ മാത്രം ഗ്രഹിക്കുന്നു. ഈ സേനാപ്രദർശനത്തിൽ തന്റെ മഹൽഗരിമയ്ക്ക് അടിപണിവാൻ ശത്രു സന്നദ്ധനോ എന്നു ചോദ്യംചെയ്യുന്ന കാഹളചിഹ്നങ്ങളെ സുൽത്താൻ ഘോഷിപ്പിക്കുന്നു. നിഷേധകാഹളങ്ങൾ സാഹങ്കാരം ധ്വനിക്കുന്നതു കേട്ട് അനന്തരമായുള്ള രാജാജ്ഞയെ പ്രതീക്ഷിച്ചു മൈസൂർസേന നിലകൊള്ളുന്നു. സുൽത്താന്റെ പാർശ്വഭൂമികളിൽനിന്നു മാദ്ധ്യന്ദിനപ്രാർത്ഥനകളായുള്ള ഭാങ്‌വിളികൾ മുള്ളുകളാൽ വിജയകാംക്ഷയോടെ മുക്തകണ്ഠം ഘോഷിക്കപ്പെടുന്നു. പ്രജ്ഞാസ്വരൂപമായി തന്നിൽ ആവസിച്ചു ദിവ്യേംഗിതങ്ങളെ ലോകത്തിൽ നിർവ്വഹിപ്പിക്കുന്ന ആദ്യന്തമൂർത്തിയുടെ പ്രവാചകനായി ആ പ്രാർത്ഥനാശബ്ദങ്ങളെ സുൽത്താനും ആക്രോശിച്ചുകൊണ്ടു പ്രാകാരഭേദനത്തിനുള്ള അവസാനാജ്ഞകളെ കാഹളങ്ങളിൽനിന്നു ധ്വനിപ്പിക്കുന്നു. പ്രാകാരത്തിൽനിന്നു തെക്കു മാറിയുള്ള മഹാകാളിക്ഷേത്രത്തിലെ ശംഖം വിലാപസ്വരത്തിൽ ആരംഭിച്ച് 'ഓ ഭദ്രം ഭവതു' എന്നു മുഴക്കുന്ന നാദവീചികൾ വഞ്ചീരാജസേനാംഗങ്ങളെ ഉത്പന്നവീര്യന്മാരാക്കുന്നു. സുൽത്താന്റെ നഗരാവുകൾ 'ത'ഗണപഞ്ചകത്തെ ആസുരദ്ധ്വനിയിൽ മുഴക്കി അദ്ദേഹത്തിന്റെ സേനാപദങ്ങൾക്കു താളം മുറുക്കിക്കൊടുത്തു. നടുപ്പട പിന്നമർന്ന് ഇടംവലം പക്ഷങ്ങൾ ചാപശൃംഗങ്ങളായും ആഭയം കരസേന മുന്നോട്ടു നീങ്ങി. ഒരു അത്യഗാധതടിനി ആ സംഹാരയാത്രയെ വിഘാതപ്പെടുത്തി. സേനാപരിസേവികൾ ആയുള്ള കർഷകായുധക്കാർ സേതുക്കളുടെ നിർമ്മാണം ആരംഭിച്ചു. താഴത്തിറങ്ങി മൃഷ്ടാമൃതേത്തും ധൂമാശനവും കഴിച്ചു വീണ്ടും അമ്പാരിയിൽ കയറി ധൂമലഹരിയെ തീക്ഷ്ണതരമാക്കുമാറ് ഹുക്കാവലയത്തിന്റെ പദമായുള്ള കനകപാത്രത്തിലെ ജലത്തിൽ ഗുളുഗുളുരവം പുറപ്പെടുവിച്ച് അരമനവാസികളെ
താൾ:Ramarajabahadoor.djvu/365
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു