ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കുറുപ്പ് കുപ്പായക്കാരൻ പഞ്ചി എന്നിങ്ങനെയുള്ള നമ്മുടെ പരിചയക്കാരും ഈ സംഘത്തിലുണ്ട്. അന്ധകാരമാകട്ടെ, ലതാപ്രാകാരത്തിലെ കണ്ടകങ്ങളാകട്ടെ, പ്രതിഷ്ഠാപ്രദേശത്തിലെ ചേറാകട്ടെ, ഹിമകണപ്രപാതത്തിന്റെ ശൈത്യമാകട്ടെ, കാവിൽ സർപ്പങ്ങൾ ഉണ്ടായിരിക്കുമെന്നുള്ള ഭയമാകട്ടെ ആ സംഘത്തെ ഭീതരാക്കുന്നില്ല. ആഭിസീനികന്മാരുടെ ഉന്നതിയെ ലജ്ജിപ്പിക്കുന്ന അഴകൻപിള്ള സുഖഭുക്തികൊണ്ടു പുഷ്ടശരീരനുമായിരിക്കുന്നു. വിദഗ്ദ്ധഗുരുക്കന്മാരുടെ ശാസനത്തിൽ ശുഷ്കാന്തിയോടുള്ള അഭ്യസനംകൊണ്ട് അയാൾ ഈ അല്പകാലത്തിനിടയിൽ ആയുധപ്രയോഗത്തിൽ ചതുരനും ആയിത്തീർന്നിരിക്കുന്നു. അക്ഷീണപ്രാസംഗികനായുള്ള കൃഷ്ണക്കുറുപ്പും അല്പദിവസത്തെ പരിചയത്തിനിടയിൽ അക്കാര്യത്തിലുള്ള പ്രഥമസ്ഥാനം അഴകൻപിള്ളയ്ക്കു നൽകിയിരിക്കുന്നു. ആ സംഘത്തിന്റെ നേതാവായ ത്രിവിക്രമകുമാരന്റെ അന്തരംഗം ഗ്രഹിച്ചിരുന്ന അഴകൻപിള്ള ആ യുവാവിനെയും തന്റെ സഹാനുയായികളെയും ഒരു പുരാവൃത്താന്തകഥനംകൊണ്ടു സമ്മോദിപ്പിപ്പാൻ ആരുടെയും അപേക്ഷ കൂടാതെയും അനുമതി വാങ്ങാതെയും മരക്കൊമ്പുകളിൽനിന്നു ചില ശാഖകൾ ഒടിച്ചിട്ട് അതിന്മേൽ ആസനസ്ഥനായി ഇങ്ങനെ ആരംഭിച്ചു:

"നെല്ലിക്കാട്ടേ പടിപ്പുരയ്ക്കൽ
വില്ലിയെന്ന തലപ്പുലയൻ ചെന്നു
ചാമ്പട്ടിയാരോ തമ്പ്രാട്ടിയാരോ
ഒരുപാള കരിക്കാടി തായോ"

എന്നു വിളിക്കെ,

"പൂമാലക്കൊഴുന്തുഴിഞ്ഞ മങ്കയാളും ശൊല്ലുവാളെ
ഉടപ്പുറപ്പും മാമനാരും പട്ടുപോയി
ഞാൻ തനിയേ കണ്ണഴതു പുണ്ണാമ്പടുതിയിൽ
കണ്ണാക്കറിവാൻ വരാത്ത നീയോ കഞ്ഞി താ തവിടു താ എന്നു?
കരിമടൽ വെട്ടി കൈപിടിയും ചെത്തി
യെവന്റെ കരുന്തൊലിയെ ചെന്തൊലിയാക്കാൻ
ആരെടാ പിള്ളരേയെന്നാൾ"

ഇങ്ങനെ തുടങ്ങിയ കഥയിൽ 'വില്ലി ആ കന്യകയെ ബലേന വരിക്കുമെന്നു വാതുപറഞ്ഞതും, അവൾ വൃദ്ധവേഷം ധരിച്ച് ഓടംകയറി രക്ഷപ്പെട്ടതും വില്ലിയും അവന്റെ പുലയരായിരവും അവളെ തുടർന്നതും ഒരു വൃക്ഷം അനുതാപത്താൽ പിളർന്ന് അവളെ ഒളിച്ചുകൊണ്ടതും തന്റെ കമിതാവായ ഒരു കുബേരകുമാരന്റെ ഭവനത്തെ അഭയംപ്രാപിച്ചു കന്നുകാലികൾ മേയ്പാൻ ഏറ്റുകൊണ്ടതും, അവളുടെ സൂക്ഷിപ്പിൽ കന്നുകാലികൾ പുഷ്ടശരീരികളായതും അതിന്റെ രഹസ്യമറിവാൻ ധനികകുമാരൻ മലകയറി പതുങ്ങിയിരുന്നതും കന്യക വൃദ്ധവസ്ത്രങ്ങൾ മാറ്റി ചുനയിൽ നീരാടി പൈങ്കിരാലിപ്പശുവിനെ കറന്നു പശിപോക്കിയതും, എരുമത്തടവള്ളി വലിച്ച് അന്നലൂഞ്ഞോൽ കെട്ടി ആടിപ്പാടി, പറക്കും പൈങ്കി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/370&oldid=168228" എന്ന താളിൽനിന്ന് ശേഖരിച്ചത്