തോക്കുകൾ നിറയ്ക്കുന്നതിനിടയിൽ, വള്ളിക്കാവിലെ മുഹമ്മദീയവേഷക്കാർ ഭൂതഗണങ്ങൾ എന്നപോലെ പാഞ്ഞെത്തി, ആ സൈന്യത്തോടു സങ്കലനംചെയ്തു. ശത്രുസേനാനിരയുടെ തോക്കുകൾ ഉയർത്തപ്പെടുമ്പോൾ 'പുറകോട്ട് പുറകോട്ട്' എന്ന് അവരുടെ ഘോഷണരീതിയിലുള്ള ഒരു കാഹളം മുഴങ്ങി. കോട്ടയെ സംരക്ഷിച്ചുനിന്നിരുന്ന ആഭിസീനികന്മാർ പുറത്തേക്കു ചാടി. സേതു കടന്നിട്ടില്ലാത്ത സേനാപംക്തികൾ പുറംതിരിഞ്ഞു. പാളയത്തിൽനിന്ന് ആദ്യത്തെ കാഹളം അനുസരിച്ചു പുറപ്പെടാൻ സന്നദ്ധരായ സേനാപംക്തികൾ അവിടെ നിലകൊണ്ടു. വെടിവയ്ക്കുവാൻ ഉയർന്ന തോക്കുകൾ ഉപസംഹരിക്കപ്പെട്ടു.
കൊടുംകാറ്റിൽ ഇളകിച്ചലിക്കുന്ന പത്രതതികളുടെ ചീറ്റങ്ങൾ എന്നപോലെ, ഒരു മഹാരവം ടിപ്പുവിന്റെ സേനയ്ക്കിടയിൽ കേട്ടുതുടങ്ങി. ഖഡ്ഗമുനകൾ ആകാശത്തിലോട്ടുയരുന്നതും താഴുന്നതും ആ ക്രിയകൾ ദ്രുതതരമായി ആവർത്തിക്കപ്പെടുന്നതും കണ്ട് പ്രമത്തനായ സുൽത്താൻ ഹർഷാട്ടഹാസംചെയ്ത് ആ ഖഡ്ഗപ്രയോഗങ്ങൾക്കു 'ബലേ!' വിളിച്ചു. തന്റെ സേനയുടെ ഉപപംക്തികളും മഹാപംക്തിയും ശീഘ്രതരം മുന്നോട്ടു നീങ്ങാൻ കാഹളങ്ങളെ ഒന്നുകൂടി മുഴക്കിച്ചു. വിദ്യുജ്ജിഹ്വകൾ എന്നപോലെ തങ്ങളുടെ ഖഡ്ഗങ്ങൾ വീശി, അണികൾ ഭേദിച്ച് അവിടവിടെ വ്യാപരിച്ചുകൊണ്ട് ത്രിവിക്രമകുമാരനും സംഘക്കാരും യഥേച്ഛം ഖഡ്ഗങ്ങളെ ശത്രുശിരസ്സുകളായ ശാണകളിൽ ഘർഷണംചെയ്തു മൂർച്ചകൂട്ടി. ത്രിവിക്രമന്റെ കയ്ക്കൽ ഉള്ള കാഹളം 'പിന്നോട്ട്, പിന്നോട്ട്' എന്ന് ഇന്ദ്രശംഖധ്വനിയിൽ സുൽത്താന്റെ കാഹളാജ്ഞക്കു വിപരീതമായി ഘോഷിച്ചു. ടിപ്പുവിന്റെ കാഹളക്കാരൻ ആ ഘോഷത്തെ നിഷ്ഫലം ആക്കാൻ 'മുന്നോട്ട് മുന്നോട്ട്' എന്നു സ്വകണ്ഠം പൊട്ടുമാറു വിളിച്ചപ്പോൾ അതു 'പുറകോട്ട്, പുറകോട്ട്' എന്നുണ്ടായ ഉച്ചൈസ്തരരടിതത്താൽ അശ്രാവ്യമായിത്തീർന്നു. ആഭിസീനികർ മൃഗങ്ങളെപ്പോലെ പലായനം ചെയ്യുന്നതു കണ്ട് ടിപ്പുവിന്റെ പെരുംപട ഇളകി പിന്തിരിഞ്ഞു. സുൽത്താൻ തന്റെ ആന്ദോളത്തിൽ ഇരുന്ന് ഇളകിച്ചാടി, 'ചൈത്താൻ' എന്നു തുടങ്ങിയുള്ള ഒരു അശ്ലീലപദാവലിയെ വർഷിച്ചു. ഖഡ്ഗനിപാതങ്ങൾ ആഭിസീനികകണ്ഠങ്ങളെ തെരുതെരെ ഛേദിച്ചു. സ്വപക്ഷത്തിലുള്ള ഭടന്മാർ തങ്ങളെ നിഗ്രഹിക്കുന്നതു കണ്ടപ്പോൾ, അത് കേരളീയാഭിചാരത്തിന്റെ ഫലമാണെന്നു ശങ്കിച്ച് ആഭിസീനികന്മാർ അവരവരുടെ ജീവനെ മാത്രം കരുതി, സേതുവിന്റെ മറുകരയെയും ദീർഘികയെയും ശരണംപ്രാപിച്ചു. നാനാദിക്കിലോട്ടും ഓടുന്നവർ പർസ്പരം സംഘട്ടനം ചെയ്തു നിലംപതിച്ചു. മൃതശരീരങ്ങൾ വീണ് ഒരു പുതിയ 'സേതു'വുണ്ടായി. ഇസ്ലാം കാഹളക്കാരന്റെ മുതുക് സ്വരാജഖഡ്ഗത്തിന്റെ മാടുകൊണ്ടുള്ള പ്രഹരരുചി ആസ്വദിക്കുകയാൽ, അവൻ 'മുന്നോട്ട്, മുന്നോട്ട്' എന്നുള്ള ആജ്ഞയെ പിന്നെയും ധ്വനിപ്പിച്ചു. ദക്ഷിണകരത്താൽ തന്റെ അസിലതയെ വർത്തുളഭ്രമണം ചെയ്തു ശത്രുഗളങ്ങളെ ഛേദിച്ചുകൊണ്ട് വിജയം അല്ലെങ്കിൽ മൃതി എന്നുള്ള സങ്കല്പ