ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശരീരവല്ലിയിൽ ആവാസംചെയ്യുന്ന ദേഹിയെ ആരോഹിപ്പിച്ചിരിക്കുന്നു. ആ കന്യകയുടെ ഹൃദയത്താൽ നിതാന്തസ്മൃതമാകുന്ന കമനവിഗ്രഹം ശ്രീമൽ ചിന്മയാകൃതിയും ആയിത്തീർന്നിരിക്കുന്നു.

കല്ലറയ്ക്കൽപിള്ള നമ്പൂരിയെ തുടർന്ന് തിരുവനന്തപുരത്തെത്തി കുഞ്ചൈക്കുട്ടിപ്പിള്ളക്കാര്യക്കാരെ കണ്ടു പ്രാണൻ ത്യജിച്ചുകളയുമെന്നു ഭീഷണി പറഞ്ഞ് ലക്ഷ്മിഅമ്മയുടെ പരമാർത്ഥത്തെ ഗ്രഹിച്ചു. തകർന്ന ഘടത്തിലെ ജലമെന്നപോലെ ആ കാമുകഹൃദയത്തിൽ ശേഷിച്ചിരുന്ന പ്രണയവും മണ്ണോടു ചേർന്നു. ആ കാലത്തെ ആചാരബന്ധങ്ങളുടെ ദാർഢ്യം നിമിത്തം ജാതിഭ്രഷ്ടർ ചണ്ഡാലരെന്നും പ്രതിലോമവിവാഹം നരകഹേതുകമെന്നും മറ്റുമുള്ള വിശ്വാസങ്ങൾക്കു വശംവദനായിരുന്ന അയാൾ പെരിഞ്ചക്കോട്ടുപ്രദേശത്തിലോട്ടുള്ള സഞ്ചാരംപോലും വർജ്ജിച്ചു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട ലക്ഷ്മിഅമ്മയ്ക്കും ദേവകിക്കും സുസ്ഥിരമതികളായ ബന്ധുക്കളുടെ സഹായാനുകൂല്യങ്ങൾ സമ്പ്രാപ്തമായി. തങ്ങളുടെ യജമാനന്റെ ആചാരഭ്രാന്തിനെ അപഹസിച്ചുകൊണ്ട് ആ സ്ത്രീകളുടെ ഗൃഹകാര്യങ്ങൾ അഴകൻപിള്ളയുടെ ജ്യേഷ്ഠന്മാരായ മൂന്നുപേരും സമുദായകോപത്തെ അലക്ഷ്യമാക്കി ഭരിച്ചുതുടങ്ങി.

അകാലപ്രവൃത്തമായ ഇടവപ്പാതിയുടെ പ്രചണ്ഡതയെ സഹിച്ചുകൂടാഞ്ഞ് ആ ഗൃഹാങ്കണത്തെ ആച്ഛാദിക്കുന്ന വൃക്ഷങ്ങൾ ഗൃഹകൂടത്തിന്മേൽ തലയറഞ്ഞു ക്ഷുബ്ധകണ്ഠമായി ഭയാക്രന്ദനം ചെയ്യുന്നു. സമുദ്രപ്രവാഹം ഉണ്ടാകുന്നതുപോലുള്ള ആരവത്തിൽ കാലവർഷം ചൊരിഞ്ഞു കർണ്ണപുടങ്ങളെ തകർക്കുന്നു. സഹകാരികളായ മിന്നലും ഇടിയും കൊടുങ്കാറ്റും ഭൂമിയുടെ ധ്വംസനത്തിനെന്നപോലെ കല്പാന്തസ്ഥിതിയുടെ ഒരു ഏകദേശരൂപത്തെ ലോകർക്കു ഗ്രഹിക്കുമാറാക്കുന്നു. ശയ്യാമുറിയുടെ തുറന്നുകിടക്കുന്ന വാതിൽവഴിയെ കൂർത്തുമൂർത്ത ശരാവലിപോലെ പ്രവേശിക്കുന്ന ശീതവാതം ദേവകിയായ ഋഷികന്യകയെ അവൾ ലയിച്ചിരുന്ന ആനന്ദമയസ്വപ്നത്തിൽനിന്നും ഉണർത്തി. ഒരു മധുരസ്വരം- അല്ല! ആഹാ! അവർണ്ണനീയമായ ഒരു വികാരത്തെ ഉല്പാദിപ്പിച്ച ഒരു ഭാഷണസ്വരം അവളുടെ കർണ്ണങ്ങളിൽ സമ്പതിച്ചു ഹൃദയപല്ലവത്തെ തളർത്തി; ഗാഢതിമിരത്തെ ഭേദിച്ചുള്ള വിദ്യുദ്ദ്യുതികൾ ഗൃഹത്തളത്തെ അനുക്ഷണം പ്രകാശിപ്പിച്ചുകൊണ്ടിരുന്നു. ദേവകിയുടെ അന്തർഭൂതപഞ്ചകവും ഒരു ഭയാവേശാൽ ഇളകി നിശ്ചേഷ്ടങ്ങളായി. കണ്ണുകളും വക്ത്രവും ഏകതന്തുവാലെന്നപോലെ വിപാടിതങ്ങളായി. സൗദാമിനീധാരകൾ തളത്തെ ദീപാവലിലക്ഷങ്ങളെന്നപോലെ പ്രദ്യോതിപ്പിക്കുന്നു. രണ്ടു സുപരിചിതശരീരങ്ങൾ പരസ്പരഹസ്താവലംബികളായി നിലകൊള്ളുന്നതുപോലുള്ള ഒരു ദർശനം ദേവകിയുടെ ക്ഷീണചിത്തത്തെ വിഭ്രമിപ്പിക്കുന്നു. നിഷ്കൃപമായുള്ള വാതപ്രപാതവും വർഷഝരികാരവവും തളത്തിലെ പ്രണയബദ്ധരോട് അവളാൽ സംബുദ്ധമായ പ്രാർത്ഥനകൾക്ക് ഉത്തരമരുളി. കന്യക ബോധശൂന്യയായി എഴുന്നേറ്റ് അല്പനേരം വിറകൊണ്ടുനിന്നിട്ടു നിലത്തു വീണു. പുത്രിയുടെ സ്ഥിതി അറിവാനായി ലക്ഷ്മിഅമ്മ അല്പം കഴിഞ്ഞ് അറയിലോട്ടു പ്രവേ-

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/384&oldid=168243" എന്ന താളിൽനിന്ന് ശേഖരിച്ചത്