ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇനി മറ്റൊരു രുഗ്മിണിയുടെ വിരഹചര്യയിലോട്ടു പ്രവേശിക്കാം. ടിപ്പുസുൽത്താൻ തന്റെ അസിധാരാത്വത്തെ പ്രകാശിപ്പിക്കുന്നതിലും രുചിപ്പിക്കുന്നതിലും ഒരിക്കലും അലംഭാവംതോന്നാത്ത മഹാബലിയായിരുന്നു. എന്നാൽ, സാവിത്രിയുടെ ഗംഭീരമനോഹാരിത അദ്ദേഹത്തിന്റെ ഹൃദയത്തിലെ മൃദുലാംശങ്ങളെ ആകമാനം അപഹരിച്ചു. ബ്രഹ്മാസ്ത്രബന്ധനത്തിനു വിശല്യകരണി എന്നപോലെ അദ്ദേഹത്തിന്റെ കോപസംരംഭങ്ങളെ ഈ കന്യകയുടെ കുലപ്രഭാവജമായുള്ള സ്വാതന്ത്ര്യവിലാസം പ്രശാന്തമാക്കുമായിരുന്നു. ഇതിനു മുമ്പിൽ വർണ്ണിക്കപ്പെട്ട സംഗീതസദസ്സിൽ അവിടത്തെ വേത്രവതികൾ ഒരു വഞ്ചിരാജ്യപ്രഭുവാൽ ടിപ്പുസുൽത്താൻ ബഹദൂർ ധിക്കൃതനാകുന്നു എന്നും അയാൾ ചിലമ്പിനേത്തു ചന്ത്രക്കാറൻ എന്ന സമ്പന്നനാണെന്നും കേട്ടപ്പോൾ ആ സദസ്സിൽ ഉണ്ടായിരുന്ന സാവിത്രി സ്വരാജ്യാഭിമാനത്താൽ എഴുന്നേറ്റ് ടിപ്പുവിന്റെ മന്ത്രസഭയിലോട്ടു പുറപ്പെടാൻ ധൈര്യപ്പെട്ടു. ‌വിധിവേദിക്കു മുമ്പിലെത്തി താൻ നന്തിയത്തുമഠത്തിൽവച്ചു കണ്ടിട്ടുള്ള യാചകവേഷക്കാരനെ കണ്ട് ആ വേഷത്തിലുള്ള സഞ്ചാരവും തന്റെ അച്ഛനോടുള്ള സ്നേഹത്താലാണെന്നു ധരിച്ച സാവിത്രി, ശങ്കാരഹിതം വൃദ്ധനെ താണുതൊഴുതു. അവൾ സദസ്യർ കേൾക്കെ സവിനയം ചെയ്ത അപേക്ഷ, തന്റെ പൂർവ്വവാഗ്ദാനം അനുസരിച്ച് അതിന്റെ സമർപ്പണമുഹൂർത്തത്തിൽത്തന്നെ ടിപ്പുസുൽത്താനാൽ അനുമതിക്കപ്പെട്ടു. ആ സേനാസങ്കേതം വിടുന്നത് തന്റെ അനന്തരതിരുവുള്ളം അനുസരിച്ചല്ലാതെ പാടില്ലെന്നുള്ള നിഷ്കർഷയിന്മേൽ ചന്ത്രക്കാറനെയും അജിതസിംഹന്റെ പാളയത്തിൽ പാർപ്പുകാരനാക്കി സുൽത്താന്റെ കല്പന പുറപ്പെട്ടു.

അജിതസിംഹന്റെ പട്ടമഹിഷി അനസൂയാപ്രഭാവയായി ദാമ്പത്യജീവിതത്തിൽ അദ്ദേഹത്തെ മഹാഭാഗ്യോത്തംസമാക്കിയിരുന്നതിനാൽ സാവിത്രി മാതൃവിയോഗദുഃഖം അനുഭവിക്കാതെ ഒരു നവജനനിയുടെ സംരക്ഷണത്തിൽ സന്തോഷവതിയായി വർത്തിച്ചു.

സാവിത്രിയോടുള്ള സഹവാസം ചന്ത്രക്കാറനെ മനുഷ്യജീവിതത്തിനു സംസ്കരണംചെയ്തു. തന്റെ ഭാഗിനേയകഥാവർണ്ണനകൾ, ഗൃഹവിശേഷപ്രശംസകൾ എന്നിവകൊണ്ടും കന്യകയുടെ കുടുംബചരിത്രകഥനംകൊണ്ടും അയാൾ അവളെ വിനോദിപ്പിച്ചുവന്നു. സ്വപുത്രിയെ പാചകശാലാസ്‌ഥൂണമായി തള്ളിയിരുന്ന ആ ശിലാഹൃദയൻ സാവിത്രിയുടെ മധുരഭാഷണങ്ങൾക്കു സംഗീതാകൃഷ്ടനായ സർപ്പമെന്നപോലെ ആടിത്തുടങ്ങി. തന്റെ ഘാതകചര്യകളെ സ്മരിച്ച് അയാൾ പശ്ചാത്തപിച്ചു. രണ്ടാം ബാല്യത്തിലെ പിച്ചക്കളികളും കൊഞ്ചിക്കൊഴച്ചിലുംകൊണ്ട് ഈ കഥാരംഭത്തിലെ കൃത്രിമഭട്ടൻ ദിവസങ്ങളെ നയിച്ചു.

സാവിത്രീസംസംർഗ്ഗത്താൽ ലബ്ധമായ ഈ നവശൈശവത്തിനിടയിൽ അഴിക്കോട്ടയുടെ മുമ്പിൽവച്ച് ടിപ്പുവിനു നേരിട്ട ക്ഷതസംഭവവാർത്ത ആ കൂടാരത്തിലെത്തി. അജിതസിംഹരാജാവും വാഗ്ഭടോപമന്മാരായ ഹാക്കിംവർഗ്ഗങ്ങളും അശ്വാരുഢന്മാരായി സുൽത്താന്റെ വസതി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/386&oldid=168245" എന്ന താളിൽനിന്ന് ശേഖരിച്ചത്